
24 മണിക്കൂറിനുള്ളിൽ അയോഗ്യത കൽപിച്ചു; ഇത് പിന്‍വലിക്കാന്‍ എത്ര മണിക്കൂര്‍ വേണ്ടി വരുമെന്ന് നോക്കാം -ഖാർഗെ
ഇത് ആഹ്‌ളാദത്തിന്റെ ദിനമാണെന്നും ജനാധിപത്യവും ഭരണഘടനയും വിജയം നേടിയെന്നും കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വിചാരണക്കോടതിയുടെ ശിക്ഷാവിധി വന്ന് 24 മണിക്കൂറിനുള്ളില്‍ രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. ഇപ്പോൾ ശിക്ഷ തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നസ്ഥിതിയ്ക്ക് എത്ര സമയത്തിനകം രാഹുലിന്റെ പാര്‍ലമെന്റംഗത്വം തിരിച്ചു കിട്ടുമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.”ഇന്ത്യയുടെ ഭരണഘടന ഇപ്പോഴും സജീവമാണ്. ഏതൊരാള്‍ക്കും നീതി ലഭിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സുപ്രീം കോടതി വിധി. ഇത് രാഹുലിന്റെ മാത്രം വിജയമല്ല, സാധാരണ ജനതയുടെയും, ജനാധിപത്യത്തിന്റേയും ജനാധിപത്യമൂല്യങ്ങളുടേയും വിജയമാണ്”- ഖാര്‍ഗെ വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം. “രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനും, യുവജനതയ്ക്കും, സത്യത്തിനും വേണ്ടി പോരാടുന്ന ഒരാള്‍, ജനങ്ങളെ ബോധവത്കരിച്ച ഒരു വ്യക്തി, വിവിധ തലങ്ങളിലുള്ള ജനങ്ങളെ നേരിട്ടുകാണാനായി കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള 4,000 കിലോമീറ്ററോളം പദയാത്ര നടത്തിയ വ്യക്തി, ഇതൊക്കെയാണ് രാഹുൽ ഗാന്ധി. ആ ജനങ്ങളുടെ പ്രാര്‍ഥന ഞങ്ങള്‍ക്കൊപ്പമുണ്ട്. അതുകൊണ്ട് ഇത് ജനങ്ങളുടെ വിജയമാണ്”- ഖാര്‍ഗെ പറഞ്ഞു.