
മാളികപ്പുറം: കല്ലുവിനെ കാണാതെ പോയ രാഷ്ട്രീയ അവാര്‍ഡ്
അയ്യപ്പനും, മാളികപ്പുറവും പറയുന്നത് ഭക്തിയുടെ രാഷ്ട്രീയം, ദേവനന്ദക്ക് ബാലതാരമാകാന്‍ യോഗ്യതയില്ലെന്ന് പറഞ്ഞ രാഷ്ട്രീയം എന്താണ്
എ.എസ്. അജയ്‌ദേവ്
എല്ലാം രാഷ്ട്രീയക്കണ്ണോടെ കാണുമ്പോഴാണ് കുഞ്ഞിനെയും കുഞ്ഞൂഞ്ഞിനെയും അംഗീകരിക്കാന്‍ മടികാണിക്കുന്നത്. 53-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം കേള്‍ക്കുമ്പോഴും വിനായകന്റെ ഫേസ്ബുക്ക് ലൈവ് കാണുമ്പോഴും പെട്ടെന്നു തോന്നിപ്പോയത് ഇതാണ്. ജനസാഗരത്തിനെ സാക്ഷിയാക്കി മണ്ണിലേക്കു മടങ്ങിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന കുഞ്ഞൂഞ്ഞിനെ ‘ ആരാണ് അയാള്‍, അയാള്‍ ചത്തു, അത്രതന്നെ എന്നു പറയുന്ന ചലച്ചിത്ര പ്രവര്‍ത്തകനും, മാളികപ്പുറം സിനിമയിലെ ബാലതാരമായ ദേവനന്ദയെന്ന കുഞ്ഞിനെ അവാര്‍ഡിന് പരിഗണിക്കാന്‍ മനസ്സുവെയ്ക്കാത്തതിനെയും രണ്ടായി കാണാനാകില്ല. രണ്ടും ഒന്നാണ്. ഒന്നും അവസാനിക്കുന്നുമില്ല. ഉമ്മന്‍ചാണ്ടിയോട് വിനായകന്‍ നടത്തിയ പരിഗണന ഇല്ലായ്മയ്ക്ക് എന്തു ന്യായീകരണമാണ് പറയാനുള്ളത്. പരിഗണിയ്ക്കണ്ട, പുച്ഛിക്കാതിരിക്കാമായിരുന്നു വിനായകന്. അത്രയെങ്കിലും.

ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനവും, അതിനു പിന്നാലെ തലകറങ്ങി വീഴുന്നതും കേരളത്തിന് പുത്തരിയല്ല. പക്ഷെ, ഇപ്പോള്‍ നടന്നിരിക്കുന്ന പ്രഖ്യാപനം ഒരല്‍പ്പം ആഴത്തില്‍ മുറിവേല്‍പ്പിച്ചുവെന്ന് പറയാതെ വയ്യ. സോഷ്യല്‍ മീഡിയകളില്‍ ഹാഷ്ടാഗുകള്‍ വഴിയുള്ള പ്രതികരണങ്ങള്‍ നിറയുന്നത് അതിനു തെളിവാണ്. പ്രതികരിക്കാന്‍ കഴിയാത്തവരുടെ പ്രതിരോധത്തിന്റെ പ്രതിഷേധം. കുഞ്ഞു ദേവനന്ദ ഏറെ പ്രതീക്ഷിച്ചതുമായിരിക്കും. അതുകൊണ്ട് ബാലതാരങ്ങളായ കുഞ്ഞുങ്ങള്‍ മോശമാണെന്ന വ്യാഖ്യാനമില്ല. പ്രത്യേക പരാമര്‍ശമെങ്കിലും ആകാമായിരുന്നുവെന്ന അഭിപ്രായ വ്യത്യാസമേയുള്ളൂ. 100 കോടി ക്ലബ്ബില്‍ കയറിയ സിനിമ കൂടിയാണ് മാളികപ്പുറം. മലയാള സിനിമാ വ്യവസായത്തിന്റെ നട്ടെല്ലായി മാറിയ സിനിമ. എല്ലാ രീതിയിലും ആ സിനിമ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. അതിലെ പ്രധാന കഥാപാത്രമാണ് മാളികപ്പുറം. ദേവനന്ദ.

അയ്യപ്പനും, മാളികപ്പുറവും മുന്നോട്ടു വെയ്ക്കുന്നത് ഭക്തിയുടെ രാഷ്ട്രീയമാണ്. ദേവനന്ദക്ക് ബാലതാരമാകാന്‍ യോഗ്യതയില്ലെന്ന് കണ്ടെത്തിയവരുടെ രാഷ്ട്രീയം, അതാണ് മനസ്സിലാക്കാന്‍ കഴിയാത്തത്. ഒരു കുഞ്ഞു കുട്ടിയ്ക്ക് അംഗീകാരം നല്‍കിയാല്‍ തങ്ങളുടെ രാഷ്ട്രീയം ചെറുതായിപ്പോകുമോയെന്ന് ഭയപ്പെടുന്നുണ്ടാരോ. ഭക്തിയും ഭയവും ചേര്‍ന്നിടത്താണ് ഒരു പെണ്‍കുഞ്ഞിന്റെ അഭിനയ മികവിനുള്ള അംഗീകാരം തിരസ്‌ക്കരിക്കപ്പെട്ടത്. ഇതിനോട് ഒരു തരത്തിലും ഐക്യപ്പെടാനാകാത്തവരുടെ പ്രതിഷേധനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നതും. ‘കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും. സംസ്ഥാന അവാര്‍ഡുകള്‍ക്ക് മുകളിലും അവാര്‍ഡുകളുണ്ട്. നോക്കാം.’ എന്നു തുടങ്ങി നിരവധി പേരുടെ പ്രതിഷേധങ്ങള്‍ മാളികപ്പുറത്തിനു വേണ്ടി സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയാണ്.

പുരോഗമന സ്ത്രീ പക്ഷ വാദിയും കോളമിസ്റ്റുമായ അഞ്ജു പാര്‍വ്വതി പ്രബീഷിന്റെ
ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ:
ഒട്ടും ഞെട്ടിയില്ല മികച്ച ബാലതാരത്തിന് ഉള്ള അവാര്‍ഡ് പ്രഖ്യാപനം കേട്ടിട്ട്!. കാരണം ഇത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആണ്. അതായത് അയ്യപ്പനെന്നും ശബരിമല എന്നും കേട്ടാല്‍ മാത്രം പുരോഗമനം സട കുടഞ്ഞ് എണീക്കുന്ന കേരള സര്‍ക്കാരിന്റെ സ്വന്തം അവാര്‍ഡ്. അവിടെ അയ്യപ്പഭക്തയായ കല്ലുവായി ജീവിച്ച, അയ്യപ്പാ എന്ന് ശിലയെ പോലും ഉരുക്കും വിധം വിളിച്ചുകൊണ്ട് മല കയറിയ കുഞ്ഞു മാളികപ്പുറത്തിന് എങ്ങനെ അവാര്‍ഡ് കിട്ടാനാണ് അല്ലേ?.

മികച്ച ബാലതാരങ്ങള്‍ ആയ തന്മയയും ഡാവിഞ്ചിയും അഭിനയിച്ച ചിത്രങ്ങള്‍ കണ്ടിട്ടില്ല. അത് കൊണ്ടുതന്നെ വിലയിരുത്തി അവരുടെ അഭിനയത്തെ പ്രതി ഒന്നും പറയാനും ഇല്ല. എങ്കിലും ഒരു സ്പെഷ്യല്‍ ജൂറി പരാമര്‍ശം പോലും ആ കുഞ്ഞിന്റെ അഭിനയത്തിന് കിട്ടിയില്ല എന്നത് സങ്കടകരം. അവാര്‍ഡ് നേടിയ ആ കുട്ടികള്‍ മികച്ച രീതിയില്‍ അഭിനയിച്ചിട്ട് ഉണ്ടാവും. അതിനെ മാനിക്കുന്നു, അംഗീകരിക്കുന്നു. പക്ഷെ ഇത്രയും പേരുടെ പ്രശംസയ്ക്ക് പാത്രമായ മാളികപ്പുറം സിനിമയിലെ കുട്ടികള്‍ക്ക് ഒരു സ്പെഷ്യല്‍ ജൂറി പരാമര്‍ശം നടത്തി എന്ന് വച്ചു ആകാശം ഒന്നും ഇടിഞ്ഞു വീഴുമായിരുന്നില്ല. മികച്ച നടനായി മമ്മൂക്കയെ തെരഞ്ഞെടുത്തപ്പോള്‍ തന്നെ ചാക്കോച്ചന്റെ അഭിനയത്തെ ജൂറി പ്രശംസിക്കാന്‍ മനസ്സ് വച്ചല്ലോ. അത് പോലെ ഇതും ചെയ്യാമായിരുന്നു.

മലയാള സിനിമയ്ക്ക് എന്നോ നഷ്ടമായ കുടുംബപ്രേക്ഷകര്‍ എന്ന സിനിമാ സംസ്‌ക്കാരത്തിലെ അവിഭാജ്യ ഘടകത്തെ തിരികെ കൊട്ടകകളിലെത്തിച്ചത് മാളികപ്പുറമാണ്. രണ്ട് വയസ്സുള്ള കുഞ്ഞ് മുതല്‍ തൊണ്ണൂറ് കഴിഞ്ഞ മുത്തശ്ശി – മുത്തശ്ശന്മാര്‍ വരെ തിയേറ്ററിനുള്ളില്‍ കണ്ണിമ ചിമ്മാതെ ആസ്വദിച്ചു കണ്ട സിനിമ. കാതലുള്ള സിനിമയ്ക്ക് ലക്ഷങ്ങള്‍ പൊടിപൊടിച്ചുള്ള പബ്ലിസിറ്റിയും പെയ്ഡ് പ്രൊമോഷനുകളും പെയ്ഡ് റിവ്യൂസും ഇല്ലാതെ തന്നെ കേവലം മൗത്ത് പബ്ലിസിറ്റി കൊണ്ട് തിയേറ്ററുകള്‍ പൂരപ്പറമ്പ് ആക്കാമെന്ന് തെളിയിച്ച സിനിമ. ആ സിനിമയില്‍ എല്ലാമെല്ലാം കല്ലു തന്നെയായിരുന്നു. കല്ലു ചിരിച്ചപ്പോള്‍ നമ്മള്‍ ചിരിച്ചു, അവള്‍ കരഞ്ഞപ്പോള്‍ നമ്മള്‍ കരഞ്ഞു. അവള്‍ ഭക്തിയോടെ അയ്യപ്പാ എന്ന് വിളിച്ചപ്പോള്‍ തനുവും മനവും നിറഞ്ഞ ഭക്തി പാരവശ്യത്തോടെ നമ്മളും അയ്യപ്പാ എന്ന് വിളിച്ചു. മാളികപ്പുറം എന്ന സിനിമ കേവലം ഒരു കലാരൂപമായിരുന്നില്ല,മറിച്ച് കോടി കണക്കിന് അയ്യപ്പഭക്തരുടെ ഹൃദയത്തില്‍ അലിഞ്ഞ അയ്യനോടുള്ള അദമ്യമായ ഭക്തിയായിരുന്നു . മതേതര മുഖംമൂടി ഇട്ട കേരളത്തിന്റെ സെക്കുലര്‍ ചിന്താഗതിക്കാരുടെ കടയ്ക്കല്‍ ആഞ്ഞാഞ്ഞു വെട്ടി നൂറ് കോടി ക്ലബ്ബില്‍ ചരിത്രം എഴുതിയ ആ മനോഹര ചിത്രത്തിന് എന്തെങ്കിലും അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ ഞാന്‍ സത്യമായും ഞെട്ടിയേനെ’ ഇങ്ങനെയാണ് അഞ്ജു പാര്‍വ്വതി പ്രബീഷിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ദേവനന്ദയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നടന്‍ ശരത് ദാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ: ‘എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍. എന്തായാലും കോടിക്കണക്കിന് മലയാളികളുടെയും എന്റെയും മനസ് കൊണ്ടും ഹൃദയം കൊണ്ടും നിനക്ക് എപ്പോഴേ അവാര്‍ഡ് തന്നുകഴിഞ്ഞു മോളേ…’,. സമാനമായ അഭിപ്രായവും പ്രതിഷേധവും പങ്കുവെച്ച് നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നുണ്ട്. ബംഗാളി സംവിധായകന്‍ ഗൗതം ഘോഷ് ചെയര്‍മാന്‍ ആയ ജൂറിയാണ് ഇത്തവണ അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഇത്തവണത്തെ മികച്ച ബാലതാരങ്ങള്‍ക്കുള്ള പുരസ്‌കാരം തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവര്‍ക്കാണ്. പല്ലൊട്ടി നയന്റീസ് കിഡ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്‌കാരം ലഭിച്ചത്. സനല്‍കുമാര്‍ ശശിധരന്‍ ചിത്രം വഴക്കിലെ പ്രകടനമാണ് തന്മയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. അതേസമയം മമ്മൂട്ടിയാണ് ഇത്തവണത്തെ മികച്ച നടന്‍. വിന്‍സി അലോഷ്യസ് നടിയും.