
മഹാരാഷ്ട്രയിലെ ഉരുൾപൊട്ടലിൽ 5 മരണം; മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത് 30 കുടുംബങ്ങൾ
കനത്ത മഴയെത്തുടർന്ന് മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ അഞ്ചുപേർ മരിച്ചു. നിലവിൽ 21 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. 30 കുടുംബങ്ങള്‍ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നണ്ടെന്നാണ് റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘമാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്. മുംബൈയിൽനിന്നു മറ്റു രണ്ട് സംഘങ്ങൾകൂടി സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
കുന്നിൻ പ്രദേശമായ ഇർസൽവാഡി ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് ഉരുൾപൊട്ടലുണ്ടായത്. സംഭവത്തെത്തുടർന്ന് റായിഗഡ് പൊലീസ് കൺട്രോൾ റൂം തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസമായി ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ച ജില്ലയിൽ കനത്ത മഴ തുടരുകയാണ്. നിരവധി ഗ്രാമങ്ങൾ ഇപ്പോൾ വെള്ളത്തിനടിയിലാണ്.
നേരം പുലർന്നതോടെയാണ് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനായതെന്ന് പൊലീസ് പറഞ്ഞു. നിലവിൽ നൂറിലേറെപ്പേർ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിട്ടുണ്ട്. ജില്ലയിൽ വ്യാഴാഴ്ച റെഡ് അലർട്ട് പുറപ്പെടുവിച്ചതിനാൽ വുദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുംബൈയിലും ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.