
മധ്യപ്രദേശിൽ 11കാരി കൂട്ടബലാത്സംഗത്തിന് ഇരയായി; കുട്ടിയുടെ നില ഗുരുതരം
മധ്യപ്രദേശിലെ പ്രശസ്തമായ ക്ഷേത്രത്തിന് സമീപമുള്ള വനപ്രദേശത്ത് പതിനൊന്നു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയായ നിലയിൽ കണ്ടെത്തി. സത്ന ജില്ലയിലെ മൈഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രക്തത്തിൽ കുളിച്ച നിലയിൽ, ശരീരമാസകലം കടിയേറ്റ പാടുകളോടെ കണ്ടെത്തിയ പെൺകുട്ടിയുടെ നില ഗുരുതരമാണെന്നു പൊലീസ് അറിയിച്ചു. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റു െചയ്തെന്നും പ്രതികളിലൊരാൾ ക്ഷേത്ര ഭരണസമിതി നടത്തുന്ന ഗോശാലയിലെ ജോലിക്കാരനാണെന്നും പൊലീസ് വ്യക്തമാക്കി.
‘പെൺകുട്ടിയെ കണ്ടെത്തിയതായി വെള്ളിയാഴ്ച രാവിലെയാണ് ഞങ്ങൾക്ക് വിവരം ലഭിച്ചത്. ഞങ്ങളുടെ അന്വേഷണത്തിൽ അവൾ ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു, അവരെ ചോദ്യം ചെയ്യുകയാണ്. ഇവരുടെ വൈദ്യപരിശോധന നടത്തി. അതിജീവിതയെ വിദഗ്ധ ചികിത്സയ്ക്കായി രേവ മെഡിക്കൽ കോളജിലേക്കു മാറ്റും.”- മൈഹാർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ലോകേഷ് ദബർ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ എത്തുന്ന മൈഹാറിലെ ക്ഷേത്രത്തിന് സമീപമുള്ള കാട്ടിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണു പെൺകുട്ടിയെ കാണാതായത്. രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ അറിയിക്കുകയും തിരച്ചിൽ നടത്തുകയുമായിരുന്നെന്ന് പെലീസ് പറഞ്ഞു. പെൺകുട്ടിയുടെ വീടിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് കാട്.
വീടുകാർ തന്നെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്നു മൈഹാറിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ചു വാർത്ത പരന്നതോടെ രോഷാകുലരായ ഗ്രാമവാസികൾ ആശുപത്രിയിലേക്ക് ഇരച്ചെത്തി. പൊലീസ് ഏറെ ബുദ്ധിമുട്ടിയാണ് ഇവരെ നിയന്ത്രിച്ചത്.