ma-kuttappan-dead-congress-politics-sc-st-ernakulam

എന്തുകൊണ്ട് അയാളെ ആരോഗ്യമന്ത്രിയാക്കിയില്ല

എം.എ കുട്ടപ്പന് ആദരാഞ്ജലികള്‍

ജാതി ഇന്നും പ്രശ്‌നമായി നില്‍ക്കുന്ന കേരള രാഷ്ട്രീയം

എ.എസ്. അജയ്‌ദേവ്

കേരളത്തിലെ അടിസ്ഥാന വര്‍ഗത്തിനോടുള്ള ചോദ്യമായി ഇതിനെ കണ്ടാല്‍ മതി. ചിന്താശേഷി എന്നത് മൃഗങ്ങളില്‍ നിന്നു മനുഷ്യനെ വ്യത്യസ്തനാക്കുന്ന അളവുകോലാണെങ്കില്‍ മനസ്സിലെ അടിമത്വ ചിന്തകളെ മാറ്റിവെച്ച് ഒന്നിരുത്തി ചിന്തിച്ചു നോക്കൂ. എന്തുകൊണ്ടാണ് എം.എ കുട്ടപ്പനെ കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രിയാക്കാതിരുന്നത്. എം.എ. കുട്ടപ്പന് ആരോഗ്യമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യതയുണ്ടായിരുന്നിട്ടും അദ്ദേഹം പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ്മന്ത്രിയായി മാറിയതെങ്ങനെ. ഈ ചോദ്യം വെറുമൊരു ചോദ്യമായി ഉന്നയിക്കുന്നതല്ല, കേരള രാഷ്ട്രീയത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവരുടെ അടയാളപ്പെടുത്തലുകള്‍ എങ്ങനെയാണെന്ന് വരച്ചിടുകയാണ്.

നോക്കൂ, എം.എ കുട്ടപ്പന്റെ വിയോഗത്തിനു ശേഷം ഈ വിഷയം ചര്‍ച്ച ചെയ്യാനെടുക്കുമ്പോള്‍, മറ്റാരും മനസ്സിലാക്കിയില്ലെങ്കിലും സ്വവര്‍ഗം അതിലെ ശരിതെറ്റുകള്‍ തിരഞ്ഞു തുടങ്ങുമെന്ന പ്രതീക്ഷയുണ്ട്. അന്തരിച്ച എം.എ കുട്ടപ്പന് ആന്റണി മന്ത്രിസഭയില്‍ ആരോഗ്യവകുപ്പുമന്ത്രിയാകാന്‍ യോഗ്യതയുണ്ടെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പൂര്‍വ്വകാല ജീവിതം. അദ്ദേഹം രാഷ്ട്രീയത്തിലെത്തും മുമ്പ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായും അഞ്ചുവര്‍ഷം ആരോഗ്യ വകുപ്പില്‍ അസി. സര്‍ജനായും നാലുവര്‍ഷം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായും സേവനം അനുഷ്ഠിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖല എങ്ങനെ ആയിരിക്കണമെന്ന് കൃത്യമായ നിലപാടെടുക്കാന്‍ കുട്ടപ്പനെക്കാള്‍ മികച്ചൊരാള്‍ ആന്റണി മന്ത്രിസഭയിലുണ്ടായിരുന്നില്ല എന്ന് തിരിച്ചറിയണം.

ആന്റണി മന്ത്രിസഭയിലെ മറ്റൊരു ഡോക്ടറാണ് എം.കെ. മുനീര്‍. കുട്ടപ്പന്‍ മാത്രമല്ല, മുനീറും മന്ത്രിസഭയിലുണ്ടായിരുന്നല്ലോ. ആരോഗ്യവകുപ്പ് മുനീറിനും കൊടുത്തില്ലല്ലോ എന്നൊരു മറു ചോദ്യം ദോഷൈകദൃക്കുകളില്‍ നിന്നുണ്ടാകാനിടയുണ്ട്. അതിനു മറുപടി ഇതാണ്, മുനീര്‍ കോണ്‍ഗ്രസ്സിന്റെ ഘടകകക്ഷിയായ മുസ്ലീംലീഗ് എം.എല്‍.എയും, രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ എം.എ കുട്ടപ്പനെക്കാള്‍ ജൂനിയറുമാണ്. ഇനി, രാഷ്ട്രീയക്കാര്‍ക്ക് ഡിഗ്രിയും ഡോക്ടറേറ്റും ഒരു മാനദണ്ഡമേയല്ലെന്ന വാദമാണ് ഉന്നയിക്കുന്നതെങ്കില്‍ എന്തു പറയാനാണ്. കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടുന്നതു പോലെയേ അതിനെ വിലയിരുത്താനാകൂ. യോഗ്യതയല്ല, രാഷ്ട്രീയ പാരമ്പര്യവും, ജാതി സ്‌നേഹവും, ഗ്രൂപ്പ് സമവാക്യവുമാണ് മാനദണ്ഡമെന്ന് തിരിച്ചറിയണം. എം.എ കുട്ടപ്പന്റെ ജാതിയാണ് യോഗ്യതയേക്കാള്‍ പ്രശ്‌നമാകുന്നത്. കാരണം, കേരള ചരിത്രത്തില്‍ ഇന്നേവരെ ഒരു പിന്നോക്ക ജാതിക്കാരനും സ്വന്തം വര്‍ഗത്തിന്റെ വകുപ്പല്ലാതെ യോഗ്യതയ്ക്കനുസരിച്ചുള്ള വകുപ്പ് കൊടുത്തിട്ടില്ല.

2001 മുതല്‍ 2004 വരെ എ.കെ ആന്റണി മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ കൈയ്യാളിയിരുന്ന മന്ത്രിമാര്‍ ഇവരായിരുന്നു. ധനകാര്യം-കെ. ശങ്കരനാരായണന്‍, റവന്യൂ-കെ.എം. മാണി, പൊതു മരാമത്ത്-എം.കെ. മുനീര്‍, വ്യവസായം-പി.കെ. കുഞ്ഞാലിക്കുട്ടി, കൃഷിവകുപ്പ്-കെ.ആര്‍. ഗൗരിയമ്മ, സഹകരണം-എം.വി. രാഘവന്‍, വൈദ്യുതി-കടവൂര്‍ ശിവദാസന്‍, തൊഴില്‍-ബാബു ദിവാകരന്‍, ജലവിഭവവകുപ്പ്-ടി.എം. ജേക്കബ്, ട്രാന്‍സ്‌പോര്‍ട്ട്-കെ.ബി ഗണേശ് കുമാര്‍, സാംസ്‌ക്കാരികം-സി.ഫ് തോമസ്, ആരോഗ്യം-പി. ശങ്കരന്‍ (വക്കീല്‍, രാഷ്ട്രീയം, സ്വാതന്ത്ര്യ സമര സേനാനി കേളു നായരുടെ മകന്‍) ദേവസ്വം-ജി. കാര്‍ത്തികേയന്‍, വിദ്യാഭ്യാസം-നാലകത്ത് സൂപ്പി, ടൂറിസം-കെ.വി. തോമസ് ആഭ്യന്തരം-എം.എം. ഹസന്‍, ഫോറസ്റ്റ്-കെ. സുധാകരന്‍, തദ്ദേശ സ്വയംഭരണം-ചെര്‍ക്കളം അബ്ദുള്ള എന്നിവരാണ്.

നോക്കൂ, ആരോഗ്യവകുപ്പ് ആര്‍ക്കാണ് നല്‍കിയിരുന്നതെന്ന്. പി. ശങ്കരന്. അദ്ദേഹം അഡ്വക്കേറ്റായിരുന്നു. കൂടാതെ സ്വാതന്ത്ര്യ സമര സേനാനി കേളു നായരുടെ മകനും. ഇതാണ് അധിക യോഗ്യതയായി കണക്കാക്കിയിരിക്കുന്നത്. പഠിച്ചതും, പ്രവര്‍ത്തിച്ചതും, പരിചയമുള്ളതുമായ ഒരു മേഖലയെ പ്രതിനിധീകരിക്കാന്‍ താന്‍ ഉന്നതകുല ജാതനായി ജനിക്കേണ്ടിയിരുന്നുവെന്ന് സാരം. ഒരു വാദത്തിനു വേണ്ടിയെങ്കിലും ഒന്നു ചിന്തിച്ചു നോക്കൂ, എം.എ. കുട്ടപ്പന്‍ ഒരു ഉന്നത കുലജാതനായിരുന്നുവെങ്കില്‍, അദ്ദേഹം ആന്റണി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായേനെ. തീര്‍ന്നില്ല, ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും ആരോഗ്യമന്ത്രി തന്നെ ആകുമായിരുന്നു. വേര്‍തിരിവുകളുടെ അക്ഷയഖനിയാണ് കേരളത്തിലെ രാഷ്ട്രീയ പ്രഭുത്വത്തിനുള്ളില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. സ്വയം പ്രതിരോധത്തിനും ഏകീകരണത്തിനും നൂറ്റാണ്ടുകള്‍ ഇനിയും എടുക്കേണ്ടതുണ്ടെന്ന് വിശ്വസിച്ച് നരക ജീവിത്തില്‍ സുഖം കണ്ടെത്തുന്ന പിന്നോക്കക്കാര്‍ക്ക് ഇതൊന്നും തിരിച്ചറിയാനുള്ള വിവേകം വെച്ചിട്ടില്ല.

ഡോക്ടര്‍ ജോലി രാജിവച്ചാണ് എം.എ. കുട്ടപ്പന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 2001 മുതല്‍ 2004 വരെ എ കെ ആന്റണി മന്ത്രിസഭയില്‍ പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമമന്ത്രിയായിരുന്നു. ആദ്യത്തെയും അവസാനത്തെയും മന്ത്രിസ്ഥാനം. 1980ല്‍ വണ്ടൂര്‍ മണ്ഡലത്തില്‍ നിന്ന് ആദ്യമായി എംഎല്‍എയായി. 1987ല്‍ ചേലക്കരയില്‍ നിന്നും 1996, 2001 വര്‍ഷങ്ങളില്‍ ഞാറക്കലില്‍നിന്നും നിയമസഭാംഗമായി. 1996 മുതല്‍ 2001 വരെ നിയമസഭയില്‍ പാര്‍ടി വിപ്പായിരുന്നു. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമായും കോണ്‍ഗ്രസ് ഐ എസ്സി–എസ്ടി സെല്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷന്‍, ദക്ഷിണ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്, കലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗവുമായിരുന്നു. രാഷ്ട്രീയത്തിലിറങ്ങും മുമ്പ് 1973 മുതല്‍ 1975 വരെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക് സര്‍ജറി വിഭാഗത്തില്‍ ട്യൂട്ടറായിരുന്നു.

1975 മുതല്‍ 80 വരെ ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്‍ജനും 1983 മുതല്‍ 1987 വരെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ മെഡിക്കല്‍ ഓഫീസറുമായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് പൊതുരംഗത്തു നിന്ന് മാറിനില്‍ക്കുകയായിരുന്നു. 2013ല്‍ കുറവിലങ്ങാട് എം.എ ജോണ്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് പക്ഷാഘാതമുണ്ടാകുന്നത്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പളളി വാളക്കുഴി ഇലവുങ്കല്‍ അയ്യപ്പന്‍ കല്യാണി ദമ്പതികളുടെ മകനായി 1947 ഏപ്രില്‍ 12 നാണ് ജനനം.

കൊച്ചി പേരണ്ടൂര്‍ റോഡ് നിവ്യനഗറില്‍ ‘സകേത’ത്തില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി കിടപ്പിലായിരുന്നു. മൃതദേഹം അമൃത ആശുപത്രിയില്‍. ബുധന്‍ രാവിലെ 10 മുതല്‍ 11 വരെ എറണാകുളം ഡിസിസി ഓഫീസിലും 11.30 മുതല്‍ പേരണ്ടൂര്‍ റോഡിലെ നിവ്യനഗറിലെ വീട്ടിലും പൊതുദര്‍ശനമുണ്ടാകും. സംസ്‌കാരം വൈകിട്ട് നാലിനുശേഷം പച്ചാളം ശ്മശാനത്തില്‍.

Leave a Reply

Your email address will not be published.

ma-kuttappan-dead-congress-ex-minister Previous post മുൻ മന്ത്രിഡോ. എം.എ കുട്ടപ്പൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
M_A_Kuttappan-dead-congress-sc-st Next post മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പൻ അന്തരിച്ചു