m.jayachandran-music-singer-press-meet

സംഗീതമേഖലയിൽ തനിക്കെതിരേ ലോബി, ഒട്ടേറെ സിനിമകളിൽനിന്ന് ഒഴിവാക്കപ്പെട്ടെന്ന് എം. ജയചന്ദ്രൻ

ചലച്ചിത്ര സംഗീതമേഖലയിൽ തനിക്കെതിരേ ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് സംഗീതസംവിധായകൻ എം. ജയചന്ദ്രൻ. അവർ കാരണം ഒട്ടേറെ സിനിമകളിൽനിന്ന് ഒഴിവാക്കപ്പെട്ടുവെന്നും അദ്ദേഹം കേസരി സ്മാരക ട്രസ്റ്റിന്റെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ പറഞ്ഞു.

‘അടുത്തകാലത്തുപോലും ലോബിയുടെ ഭാഗമായി സിനിമയിൽനിന്ന് മാറ്റിനിർത്തപ്പെട്ടിരുന്നു. പക്ഷേ, ഈശ്വരന്റെ ലോബി എനിക്കൊപ്പമുണ്ട്. അതിന്റെ തെളിവാണ് 11-ാമത് സംസ്ഥാന പുരസ്കാരമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ ഒറ്റയ്ക്ക് നടക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്കായി ഒരുപാതയുണ്ടെന്ന് വിശ്വസിക്കുന്നു. ആ പാതയിലൂടെ നടക്കും’ -അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിൽ താത്പര്യമില്ല. സം​ഗീതത്തോട് മാത്രമാണ് താത്പര്യം. ഇതിനുപിന്നിലുള്ള രാഷ്ട്രീയം, പിടിവലികൾ, ഇത്തരത്തിലുള്ള കാര്യങ്ങളിലൊന്നും ഒരിക്കലും ഉൾപ്പെട്ടിട്ടില്ല. സിനിമയിൽ വന്നിട്ട് 28 വർഷങ്ങളായി. രണ്ടുവർഷംകൂടി കഴിയുമ്പോൾ സം​ഗീതത്തിന്റെ 30 വർഷത്തേക്കുറിച്ച് സംസാരിക്കാൻ പത്രപ്രവർത്തക യൂണിയൻ ഇടംതരട്ടേയെന്ന് ആ​ഗ്രഹിക്കുന്നു. 28 വർഷവും കടന്ന് മുന്നോട്ടുപോകുന്നെങ്കിൽ അത് നമ്മൾ ഇത്തരത്തിലുള്ള നെ​ഗറ്റീവായ കാര്യങ്ങൾക്ക് വിലകൊടുക്കാത്തതുകൊണ്ടാണ്. സം​ഗീതമെന്നാൽ പോസിറ്റിവിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു.

ഈയിടെ പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സം​ഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് എം. ജയചന്ദ്രനായിരുന്നു. ആയിഷ, പത്തൊമ്പതാം നൂറ്റാണ്ട് എന്നിവയായിരുന്നു ചിത്രങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിലെ മയിൽപ്പീലി ഇളകുന്ന കണ്ണാ എന്ന ​ഗാനം ആലപിച്ചതിന് മൃദുല വാര്യർ മികച്ച ​ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published.

crime-rate-one-and-two Previous post ഹരിയാനയിൽ വർഗീയ സംഘർഷം; കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി: നിരോധനാജ്ഞ
asfac-aluva-chandhini-murder Next post അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസ്; പ്രതി അസഫാക് ആലം കൊടുക്രിമിനലെന്ന് പൊലീസ്