lovers-killing-groom-and-boy

പ്രണയം നിരസിച്ചു; പന്ത്രണ്ടുകാരിയെ കുത്തി കൊലപ്പെടുത്തി യുവാവ്

മുംബൈയിൽ പ്രണയം നിരസിച്ചതിന് പന്ത്രണ്ടുകാരിയെ യുവാവ് കുത്തി കൊലപ്പെടുത്തി. മുംബൈയിലെ കല്യാൻ ഈസ്റ്റിൽ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പ്രണിത ദാസ് എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആദിത്യ കാംബ്ലി(20) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

തുടർച്ചയായി പ്രണയം നിരസിച്ചതോടെ ആദിത്യയ്ക്ക് പെൺകുട്ടിയോട് വൈരാഗ്യമുണ്ടായെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഇരുവരും ഒരേ പ്രദേശത്താണ് താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി പെൺകുട്ടിയുടെ വസതിക്കു മുന്നിൽ ആദിത്യ മണിക്കൂറുകളോളം ചുറ്റിത്തിരിഞ്ഞതായാണ് വിവരം. രാത്രി എട്ടോടെ സ്വകാര്യ ട്യൂഷൻ സെന്ററിൽനിന്ന് അമ്മയോടൊപ്പം പെൺകുട്ടി തിരിച്ചുവന്ന് വീട്ടിലേക്ക് കയറുന്നതിനിടെയാണ് സംഭവം. 

വീട്ടിലേക്കുള്ള പടികൾ കയറുന്നതിനിടെ പിന്നിലൂടെ എത്തിയ ഇയാൾ അമ്മയെ തള്ളിമാറ്റി പെൺകുട്ടിയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആദിത്യയിൽനിന്ന് തന്റെ മകളെ രക്ഷിക്കാൻ അമ്മ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പെൺകുട്ടിയുടെ നെഞ്ചിൽ ഗുരുതരമായ മുറിവുണ്ടായി. പെൺകുട്ടിയെ എട്ടോളം തവണ കുത്തിയെന്നാണ് റിപ്പോർട്ട്. അമ്മയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിനു പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആദിത്യയെ പൊലീസ് പിടികൂടി.

Leave a Reply

Your email address will not be published.

thanchavoor-murder-kaamukan Previous post വാടകക്കൊലയാളികളെ ഉപയോഗിച്ച് കാമുകനെ വെട്ടിക്കൊന്നു; കാമുകിയും പിതാവും അടക്കം എട്ടുപേർ അറസ്റ്റിൽ
pension-balance-commission Next post സർക്കാർ തടഞ്ഞുവച്ച കുടിശിക ലഭിക്കാതെ 77,000 പെ‍ൻഷൻകാർ മരിച്ചു; ലഭിക്കാനുണ്ടായിരുന്നത് 40000 രൂപ വരെ