
കിൻഫ്രാ പാർക്കിലെ ചാർജ് വർദ്ധന ചോദ്യം ചെയ്ത് സ്വകാര്യ സംരംഭകർ നല്കിയ പരാതി ലോകായുക്ത തള്ളി
കിൻഫ്രാ പാർക്കിലെ കോമൺ ഫസിലിറ്റീസ് ചാർജ് (അടിസ്ഥാന സൗകര്യ പരിപാലന നിരക്ക്) വർദ്ധന ചോദ്യം ചെയ്ത് സ്വകാര്യ സംരംഭകർ നല്കിയ പരാതി ബഹു. ജസ്റ്റീസ് സിറിയക് ജോസഫും ജസ്റ്റീസ് ബാബു മാത്യു പി. ജോസഫും അടങ്ങിയ ലോകായുക്ത ഡിവിഷൻ ബെഞ്ച് തള്ളി. കൂടിയാലോചനകളില്ലാതെ തികച്ചും എകപക്ഷീയമായി നടപ്പിലാക്കിയ നിരക്ക് വർദ്ധന യുക്തിരഹിതവും, , അന്യായവുമായ നടപടിയാണെന്നും ആയത് ലോകായുക്ത ആക്റ്റ് സെക്ഷൻ 2(k) യിൽ പരാമർശിക്കുന്ന കെടുകാര്യസ്ഥതയുടെ നിർവചനത്തിൽ ഉൾപ്പെടുന്നതിനാൽ യുക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് പരാതിക്കാർ ലോകായുക്തയെ സമീപിച്ചത്. സംരംഭകരും കിൻഫ്രയും തമ്മിൽ ഒപ്പ് വെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വർദ്ധിപ്പിച്ചതെന്ന് സമർത്ഥിച്ച കിൻഫ്രയുടെ അഭിഭാഷകൻ, കരാറുകളെ സംബന്ധിച്ചുള്ള പരാതികൾ ലോകായുക്തയുടെ അധികാര പരിധിയിൽ ഉൾപ്പെടാത്തതിനാൽ പരാതി തള്ളണമെന്ന് വാദിച്ചു. കിൻഫ്രയുടെത് പരാതിക്കാരെ പീഡിപ്പിക്കുന്ന നടപടി (harassment) ആണെന്നും ആയത് ലോകായുക്തയുടെ അധികാര പരിധിയിൽ വരുന്ന വിഷയമാണെന്നും പരാതിക്കാരുടെ അഭിഭാഷകൻ മറുവാദം ഉന്നയിച്ചു. കരാർ സംബന്ധമായ പരാതികളിൽ ഹരാസ്മെന്റ് ഒരു വിഷയമായി ഉന്നയിച്ചിട്ടുണ്ടെങ്കിൽ ലോകായുക്തക്ക് അതിന്മേൽ അന്വഷണം നടത്താം എന്ന് പരാമർശിച്ച ഡിവിഷൻ ബെഞ്ച്, ഹരാസ്മെന്റ് ആരോപിക്കുമ്പോൾ അതിനെ സാധൂകരിക്കുന്ന വസ്തുതാപരമായ ഘടകങ്ങൾ കൂടി പരാതിയിൽ ഉൾപ്പെടുത്തിയിരിക്കണമെന്നും അല്ലാത്ത പക്ഷം പരാതി നിലനില്ക്കില്ല എന്നും വ്യക്തമാക്കി. കിൻഫ്രയുടെ നടപടികൾ ഹരാസ് മെന്റൊയിരുന്നു എന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുന്ന ഒരു വസ്തുതയും പരാതിയിൽ ഇല്ല എന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് പരാതി തള്ളുകയും വർദ്ധിപ്പിച്ച നിരക്ക് ഈടാക്കുന്നത് വിലക്കിയ സ്റ്റേ ഓർഡർ റദ്ദ് ചെയ്യുകയും ചെയ്തു