lander-rover-running-in-moon

ചന്ദ്രയാന്‍-3ന്റെ ‘ഹണിമൂണ്‍’ : അറിയേണ്ടതെല്ലാം ഇവിടുണ്ട്

  • എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരുടെ കഠിന പ്രയത്‌നം

സ്വന്തം ലേഖകന്‍

നീലാകാശത്തിന്റെ അനന്തവിഹായസ്സിലേക്ക് 140 ബില്യണ്‍ ഇന്ത്യക്കാരുടെയും ബഹിരാകാശ പര്യവേക്ഷണ സ്വപ്നങ്ങള്‍ക്ക് പുത്തനുണര്‍വേകിക്കൊണ്ട് ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി, ചന്ദ്രവിഹായസിലേക്ക് ചന്ദ്രയാന്‍ മെല്ലെ പറന്നിറങ്ങി. ചന്ദ്രയാന്‍-3ന്റെ ഹണിമൂണ്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒയില്‍ എത്തിത്തുടങ്ങി. ചരിത്രം സൃഷ്ടിച്ച ഐതിഹാസിക ജൈത്രയാത്ര നടത്തിയ ചന്ദ്രയാന്‍-3 ബഹിരാകാശ പേടകം അതി ദുര്‍ഘടവും ക്ലേശകരവും, താപനില മൈനസ് 230 ഡിഗ്രി സെല്‍ഷ്യസിലധികം താഴുന്ന, വിദൂരവും ദുരൂഹവുമായ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിംഗ് ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ ദേശീയതയെ അഭിമാനത്തിന്റെ ഉത്തുംഗതയിലേക്ക് എത്തിച്ച ഈ അസുലഭ മുഹൂര്‍ത്തത്തില്‍ ഇന്ത്യക്കാര്‍ എന്ന നിലയില്‍ നാമോരോരുത്തരും അതിയായി അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു.

ഈ മഹത്തായ വിജയം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികകല്ലാണ്. നമ്മുടെ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയര്‍മാരുടെയും കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ശക്തമായ തെളിവുമാണ്.
ഒരു രാഷ്ട്രമെന്ന നിലയില്‍ ശാസ്ത്രസാങ്കേതിക രംഗത്തെ നമ്മുടെ പുരോഗതിയുടെ പ്രതീകമാണ് ചന്ദ്രയാന്‍ 3. അത് നമ്മളും മഹത്തായ കാര്യങ്ങള്‍ക്ക് പ്രാപ്തരാണെന്ന ലോകത്തോടുള്ള അനിഷേധ്യമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഇന്ത്യക്കാരായതില്‍ നമുക്കഭിമാനിക്കാം. നമ്മുടെ രാജ്യത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് കാണാന്‍ നാമേവരും ആവേശഭരിതരാണ്. ചന്ദ്രയാന്‍ 3 പൂര്‍ണ്ണ വിജയത്തിലേക്ക് എത്തിയ ഈ അസുലഭവേളയില്‍ അതിനുവേണ്ടി അശ്രാന്തം പരിശ്രമിച്ച ശാസ്ത്രജ്ഞര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ഹൃദ്യോഷ്മളമായ അഭിനന്ദനങ്ങളുടെ ഒരായിരം പൂച്ചെണ്ടുകള്‍
അര്‍പ്പിക്കാം. വരും കാലങ്ങളില്‍ ഇതിലും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ മഹത്തായ വിജയം നമ്മെ പ്രചോദിപ്പിക്കട്ടെ.! ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ഇന്ത്യ ഒഴിച്ചുകൂടാനാവാത്ത ഒരു ശക്തിയാണെന്ന് ഇതിലൂടെ അവര്‍ ലോകത്തിന് കാണിച്ചുകൊടുത്തു.

അതിമഹത്തായ ഈ വിജയത്തിലൂടെ ഇന്ത്യ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ആദ്യത്തെ രാജ്യവും ചന്ദ്രനില്‍ പേടകം ഇറക്കിയ നാലാമത്തെ രാജ്യവുമായി മാറി. റഷ്യയും യുണൈറ്റഡ് സ്റ്റേറ്റ്‌സും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലൂണാര്‍ റോവറുകള്‍ പറത്തിയിട്ടുണ്ട്. പക്ഷേ അവയൊന്നും അവിടെ സോഫ്റ്റ് ലാന്‍ഡ് ചെയ്തിട്ടില്ല. ഇന്ത്യയുടെ തന്നെ ചാന്ദ്ര ലാന്‍ഡറായ ചന്ദ്രയാന്‍-2 2018 നവംബറില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും, ചാന്ദ്രയാന്‍-2ന്റെ ലൂണാര്‍ ലാന്‍ഡര്‍, വിക്രത്തിന് ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. അപ്രതീക്ഷിതമായ ചില സാങ്കേതിക തകരാറുകളാല്‍ വിക്രംലാന്‍ഡര്‍ ചന്ദ്രനിലെ ഉപരിതലത്തില്‍ നിന്ന് 2100 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴെവീണു നശിക്കുകയായിരുന്നു. അതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് തയ്യാറാക്കിയ അതിനൂതന പദ്ധതിയാണ് ഇപ്പോള്‍ വിജയത്തിലെത്തിയ ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3. ഈ സന്തോഷകരമായ വേളയില്‍ സാധാരണക്കാരായ നമുക്കെല്ലാം ചന്ദ്രയാന്‍ ദൗത്യത്തെ കുറിച്ചു വരുന്ന അനേകം സംശയങ്ങള്‍ക്ക് മറുപടിയായിട്ടാണ് ലേഖനം.

എന്താണ് ഇന്ത്യയുടെ ചന്ദ്രയാന്‍ പദ്ധതി?. അതുകൊണ്ട് ഇന്ത്യക്ക് എന്താണ് പ്രയോജനം?. കൂടാതെ തുടക്കം മുതല്‍ ലാന്‍ഡിങ് വരെയുള്ള അതിന്റെ വിശദമായ നാള്‍വഴികള്‍ തുടങ്ങിയവയെ കുറിച്ച് ഒന്നൊന്നായി ഇന്നത്തെ ഈ ലേഖനത്തിലൂടെ നമുക്ക് കാണാം. ആദ്യമായി നമുക്ക് ചന്ദ്രയാന്‍ ദൗത്യങ്ങളുടെ തുടക്കത്തെക്കുറിച്ച് നോക്കാം. ഇന്ത്യയുടെ അഭിമാനമായ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി (ഐ.എസ്.ആര്‍.ഒ) 1969ല്‍ സ്ഥാപിതമായ ഒരു സ്വയംഭരണ സ്ഥാപനമാണ്. 1970കളില്‍, റഷ്യയും അമേരിക്കയും ചന്ദ്രനെ പര്യവേക്ഷണം ചെയ്തുകൊണ്ടിരുന്ന സമയത്ത് തന്നെ ഇന്ത്യയും ചന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ ആരംഭിക്കാന്‍ തുടങ്ങിയിരുന്നു. ഐ.എസ്.ആര്‍.ഒയുടെ ആദ്യത്തെ ചാന്ദ്ര പര്യവേക്ഷണ ദൗത്യം ആരംഭിച്ചത് 1979 ലാണ്. റോക്കറ്റ് ഓര്‍ബിറ്റര്‍ ലാന്‍ഡര്‍ (ROL) എന്നറിയപ്പെടുന്ന ഈ ദൗത്യം ഒരു റോക്കറ്റ് ഇറക്കി ചന്ദ്രന്റെ ഉപരിതലത്തില്‍ ഒരു ലാന്‍ഡര്‍ ഇറക്കുന്നതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഈ ദൗത്യം പരാജയപ്പെട്ടു. പിന്നീട് 1980കളില്‍, ഐ.എസ്.ആര്‍.ഒ ചന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ പുനരാരംഭിച്ചു. 1981ല്‍, റോക്കറ്റ് ഓര്‍ബിറ്റര്‍ സാറ്റലൈറ്റ് (ROS) എന്നറിയപ്പെടുന്ന ഒരു ദൗത്യം ചന്ദ്രനെ പരിക്രമണം ചെയ്തു.

ഈ ദൗത്യം വിജയകരമായിരുന്നു. ഇത് ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ചുള്ള വിലപ്പെട്ട പല വിവരങ്ങളും ഭൂമിയിലേക്കയച്ചു.
1982ല്‍, റോക്കറ്റ് ഓര്‍ബിറ്റര്‍ സാറ്റലൈറ്റ് -2 (ROS 2) എന്നറിയപ്പെടുന്ന ഒരു ദൗത്യം ചന്ദ്രനെ പരിക്രമണം ചെയ്തു. ഈ ദൗത്യവും വിജയകരമായിരുന്നു. ചന്ദ്രോപരിതലത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇത് ഭൂമിയിലേക്ക് അയച്ചു. തുടര്‍ന്ന്, സാങ്കേതികപരവും രാഷ്ട്രീയപരവുമായ പല പ്രതികൂല കാരണങ്ങളാല്‍ 1990കളില്‍, ഐ.എസ്.ആര്‍.ഒ ചന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് നീണ്ട ഇടവേള നല്‍കി. പിന്നീട് 2000ത്തില്‍, ചന്ദ്ര പര്യവേക്ഷണത്തിലേക്ക് തിരികെ പോകാന്‍ ഐ.എസ്.ആര്‍.ഒ തീരുമാനിക്കുകയും, അതിന്റെ ആദ്യപടിയായി ചന്ദ്രയാന്‍-1 പദ്ധതിയെ പ്രഖ്യാപിക്കുകയും ചെയ്തു. ചന്ദ്രയാന്‍-1 എന്നത് ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേക്ഷണ ദൗത്യമാണ്. 2008 ഒക്ടോബര്‍ 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍-1 2008 നവംബര്‍ 14ന് ചന്ദ്രനെ പരിക്രമണം ചെയ്യാന്‍ തുടങ്ങി. ചന്ദ്രന്റെ പ്രതലദൃശ്യം പകര്‍ത്തുന്നതിനും ചന്ദ്രോപരിതലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും ചന്ദ്രയാന്‍ ഒന്ന് രണ്ട് ബഹിരാകാശ പേടകങ്ങള്‍ ഉപയോഗിച്ചു. ചന്ദ്രയാന്‍-1 ദൗത്യം വലിയ വിജയമായിരുന്നു. 2008 ഒക്ടോബര്‍ 22ന് വിക്ഷേപിച്ച ഈ ദൗത്യം 2009 ഓഗസ്റ്റ് 29ന് പൂര്‍ത്തിയായി.

ചന്ദ്രയാന്‍-1ന്റെ ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ചുറ്റും പരിക്രമണം ചെയ്യുകയും ചന്ദ്രന്റെ ഭൂമിയോട് നേരിടുന്ന വശത്തിന്റെ അനേകം ചിത്രങ്ങളെടുക്കുകയും ചെയ്തു. ഓര്‍ബിറ്ററിന്റെ ചിത്രങ്ങള്‍ ചന്ദ്രനിലെ ചാന്ദ്രഗര്‍ഭജലത്തിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന ശക്തമായ തെളിവുകള്‍ നല്‍കി. ഇനി ചന്ദ്രയാന്‍-2 ദൗത്യം എന്തായിരുന്നെന്നും അതിനെന്തു സംഭവിച്ചുവെന്നും നോക്കാം.
ചന്ദ്രയാന്‍-2 ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായിരുന്നു. ഇത് 2019 ജൂലൈ 22ന് വിക്ഷേപിച്ചു. ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക. ചന്ദ്രോപരിതലത്തെയും അന്തരീക്ഷത്തെയും പഠിക്കുക. ചന്ദ്രനിലെ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തുക എന്നിവയായിരുന്നു.
ചന്ദ്രയാന്‍-2 ദൗത്യം 2019 സെപ്റ്റംബര്‍ 7ന് തലനാരിഴക്ക് പരാജയപ്പെട്ടു. ലാന്‍ഡര്‍ അവസാന നിമിഷത്തില്‍
ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ കഴിയാതെ ഇടിച്ചിറങ്ങി. വിക്ഷേപണ സമയത്ത് സംഭവിച്ച ഒരു തെറ്റാണ് ഈ പരാജയത്തിന് കാരണമെന്ന് പിന്നീട് വ്യക്തമായി. ഈ പരാജയത്തില്‍ നിന്ന് പൂര്‍ണ്ണമായ പാഠം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ അതിനൂതന ദൗത്യമായിരുന്നു നമ്മുടെ ഇന്നത്തെ അഭിമാനതാരമായ ചന്ദ്രയാന്‍-3.

ചന്ദ്രയാന്‍ ദൗത്യങ്ങളുടെ സമ്പൂര്‍ണ്ണമായ നാള്‍വഴികളിലേക്ക് വിശദമായ ഒരു തിരിഞ്ഞുനോട്ടം അനിാര്യമാണ്. 2021ല്‍ ഇന്ത്യ പ്ലാന്‍ ചെയ്തതു പോലെ വിക്ഷേപണം നടക്കുകയായിരുന്നെങ്കില്‍ വളരെ നേരത്തെതന്നെ ഇന്ത്യ കൈവരിക്കേണ്ടിയിരുന്ന നേട്ടമായിരുന്നു ഇത്. അന്ന് കോവിഡ് പാന്‍ഡമിക്കിന്റെ പ്രതിസന്ധിയില്‍ രാജ്യം അകപ്പെട്ടതിനാലായിരുന്നു വിക്ഷേപണം ഇത്ര വൈകിയത്. പ്രതിസന്ധികള്‍ ഒഴിഞ്ഞപ്പോള്‍ 2023 ജൂലൈ 14ന് ഐ.എസ്.ആര്‍.ഒ ചന്ദ്രയാന്‍-3ന്റെ വിക്ഷേപണം തീരുമാനിച്ചു. ചന്ദ്രയാന്‍-3നെ വിജയകരമായി ചന്ദ്രനില്‍ ഇറക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചത് പത്ത് ഘട്ടങ്ങളെ ആസ്പദമാക്കിയതാണെന്നു കാണാം. ഈ പത്ത് ഘട്ടങ്ങളും വിജയിച്ചതിനാല്‍ മാത്രമാണ് ചന്ദ്രയാന്‍-3ന് ചന്ദ്രനില്‍ വിജയകരമായി ഇറങ്ങാന്‍ കഴിഞ്ഞത്. അവ എന്തൊക്കെയാണെന്ന് വിശദമായി ഇനി നോക്കാം. അതിലേക്ക് കടക്കുന്നതിന് മുമ്പ്, ചന്ദ്രയാന്‍-3 ബഹിരാകാശ പേടകത്തിനുള്ളില്‍ എന്തൊക്കെയാണുള്ളതെന്നും അതിനെ വഹിക്കുന്ന റോക്കറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും നമുക്ക് ഹ്രസ്വമായി മനസ്സിലാക്കേണ്ടതുണ്ട്. ഈ പേടകത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്. ഇതിന്റെ ആദ്യഭാഗം ഒരു കളിപ്പാട്ടക്കാറ് പോലെ കാണപ്പെടുന്നു.

പ്രഗ്യാന്റോവര്‍ എന്നാണ് ഇതിന്റെ പേര്. റോവര്‍ അതിന്റെ ശക്തിയേറിയ ക്യാമറ കൊണ്ടും അതില്‍ ഘടിപ്പിച്ചിരിക്കുന്ന യന്ത്രക്കൈകള്‍ കൊണ്ടും ചന്ദ്രോപരിതലത്തിലെ രാസവിശകലനങ്ങള്‍ നടത്തും. വിക്രം ലാന്‍ഡര്‍ എന്ന രണ്ടാമത്തെ ഭാഗത്തിന്റെ വയറിനുള്ളിലാണ് ഈ വാഹനം. വിക്രംലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ മൃദുവും കേടുപാടുകള്‍ വരാത്തതുമായ ലാന്‍ഡിംഗ് നടത്തുന്നു. ഇവ രണ്ടും ചേര്‍ന്ന് പ്രൊപ്പല്‍ഷന്‍ യൂണിറ്റ് എന്ന മൂന്നാം ഭാഗത്തിന്റെ തലയ്ക്ക് മുകളിലാണ്. ഈ ഭാഗമാണ് ലാന്‍ഡറിനേയും റോവറിനേയും 100 കിലോമീറ്റര്‍ വരെയുള്ള ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കുന്നത്. ഇവ മൂന്നും ചേര്‍ന്നതാണ് പേടകം. എല്‍.വി.എം-3 റോക്കറ്റിന് മുകളില്‍ കാഴ്ചയില്‍ ഒരു പെട്ടി പോലെ തോന്നുന്ന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഈ സംവിധാനമുള്ള ഒരേയൊരു ബഹിരാകാശ പേടകമാണ് ചന്ദ്രയാന്‍-3. മുകളിലെ കോണ്‍ പോലെയുള്ള ഭാഗം തുറക്കുകയും ചന്ദ്രയാന്‍-3 ബഹിരാകാശത്ത് എത്തിയ ശേഷം പുറത്തേക്ക് വരികയും ചെയ്യുന്നു.

1) വിക്ഷേപണം ചന്ദ്രയാന്‍ 3 റോക്കറ്റ് 2023 ഓഗസ്റ്റ് 23 ന് രാവിലെ 5:32 IST ന് ഇന്ത്യയുടെ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു ബഹിരാകാശ പേടകം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 170 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയപ്പോള്‍, ശാസ്ത്രജ്ഞര്‍ അതിനെ ബഹിരാകാശത്തേക്ക് കുതിപ്പിച്ചു. ഇതായിരുന്നു ഒന്നാം ഘട്ടം. മുമ്പ് ചന്ദ്രയാന്‍ പേടകം വഹിച്ച റോക്കറ്റുകളെ ജി.എസ്.എല്‍.വി മാര്‍ക്ക്-3 എന്നാണ് വിളിച്ചിരുന്നത്. നിലവില്‍ പേടകം വഹിക്കുന്ന റോക്കറ്റിന് എല്‍.വി.എം-3 എന്നാണ് ഐ.എസ്.ആര്‍.ഒ പേരിട്ടിരിക്കുന്നത്. ഈ റോക്കറ്റിന് മൂന്ന് പാളികളുണ്ട്. അതിന്റെ ഇരുവശത്തും രണ്ട് തൂണുകള്‍ പോലെ എസ് 200 എഞ്ചിനുകളാണ്. അവ ഖര ഇന്ധനം കൊണ്ട് നിറച്ചിരിക്കുന്നു. ഇവ രണ്ടിനുമിടയിലുള്ളത് വലിയ മോണോലിത്ത് ദ്രവ ഇന്ധന എന്‍ജിനാണ്. L110 എന്നാണ് ഇതിന്റെ പേര്.

അതിന് മുകളില്‍ കാണുന്ന രണ്ട് കറുത്ത ബാന്‍ഡുകള്‍ക്കിടയില്‍ ക്രയോജനിക് എഞ്ചിനും ഉണ്ട്. ഓക്‌സിജനും ഹൈഡ്രജനും തണുത്തുറയുമ്പോള്‍ ജലരൂപത്തിലുള്ള ദ്രാവകമാകും. ആ ടാങ്കുകളില്‍ ഇവ രണ്ടും മാത്രം സൂക്ഷിച്ചിരിക്കുന്നു. അവകളെ ഇതില്‍ ഇന്ധനമായി ഉപയോഗിക്കുന്നു. അതിനുമുകളില്‍ പേടകം ഒരു പെട്ടി പോലെയുള്ള സ്ഥലത്തായിരിക്കും. ഈ എഞ്ചിനുകള്‍ ഓരോന്നായി ഘട്ടം ഘട്ടമായി ജ്വലിപ്പിച്ച് റോക്കറ്റ് ബഹിരാകാശത്തേക്ക് പോകുന്നു.

2) ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം
പേടകം ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോള്‍, ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 170 കിലോമീറ്റര്‍ ഉയരത്തിലും, പേടകം ഭൂമിയില്‍ നിന്ന് അകലെയായിരിക്കുമ്പോള്‍ 36,500 കിലോമീറ്റര്‍ അകലെയുമായിരിക്കും. ഈ പാതയിലൂടെ ബഹിരാകാശവാഹനമായ ചന്ദ്രയാന്‍ 3 ഭൂമിയെ ഭ്രമണം ചെയ്യുന്നതാണ് രണ്ടാം ഘട്ടം.

3) ഭ്രമണപഥം ഉയര്‍ത്തല്‍
അടുത്തതായി, ഭൂമിയെ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ വലംവെച്ചാല്‍ മാത്രം പോരാ, ആ ഭ്രമണപഥത്തില്‍ ഭൂമിയുടെ അടുത്തുനിന്നും ദീര്‍ഘദൂരങ്ങളിലേക്ക് പേടകത്തെ തള്ളിവിട്ടാല്‍ മാത്രമേ അതിനെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിയൂ ഇതാണ് മൂന്നാം ഘട്ടം ഇതിനെ, നമ്മുടെയെല്ലാം വീടുകളില്‍ ദിനപത്രങ്ങള്‍ ഹോം ഡെലിവറി ചെയ്യുന്നതിന്റെ ലളിതമായ ഉദാഹരണത്തിലൂടെ വിശദീകരിക്കാം. പത്രക്കാരന്‍ ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള വീട്ടില്‍ പത്രം എറിയുമ്പോള്‍, സാധാരണ രീതിയില്‍ കൈ വീശി ഗേറ്റിലൂടെ എറിയുന്നു. അതേസമയം പത്രമിടേണ്ട വീട് രണ്ടാം നിലയിലാണെങ്കില്‍, താഴത്തെ നിലയിലെ വീട്ടിനുള്ളിലേക്ക് പത്രം എറിയുന്നതിനേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം ചെലവഴിച്ച് അയാള്‍ കൈ നന്നായി വീശി എറിയുന്നു പത്രം രണ്ടാം നിലയില്‍ കൃത്യമായി വീഴുകയും ചെയ്യുന്നു. ചന്ദ്രയാന്‍ 3 ഉം സമാനമായ സാങ്കേതികത ഉപയോഗിച്ച് ചന്ദ്രനിലേക്ക് എത്തുന്നു. ഈ മൂന്നാം ഘട്ടത്തെ ‘ഓര്‍ബിറ്റ് റൈസിംഗ് ഫേസ്’ എന്ന് വിളിക്കുന്നു. അതിനര്‍ത്ഥം ബഹിരാകാശ പേടകം അത് സഞ്ചരിക്കുന്ന ഭ്രമണപഥത്തിന്റെ ഉയരം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കണം എന്നാണ്. ഇത്രയും ഉയരത്തില്‍ എത്തണമെങ്കില്‍, പേടകം ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോള്‍, അതായത് 170 കിലോമീറ്റര്‍ അകലെയായിരിക്കുമ്പോള്‍ റോക്കറ്റ് ജ്വലിപ്പിക്കണം. നമ്മള്‍ ഊഞ്ഞാലിനെ തള്ളുന്നത് പോലെ, അങ്ങനെ ചെയ്യുന്നതിലൂടെ പേടകത്തെ മുന്‍ റൗണ്ടില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ഉയരത്തിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നു. അതുപോലെ, ഭ്രമണപഥത്തില്‍ ഓരോ തവണയും റോക്കറ്റ് ഭൂമിയുടെ അടുത്ത് വരുമ്പോള്‍, റോക്കറ്റിന് തുടര്‍ച്ചയായി ഇന്ധനം നല്‍കുകയും ബൂസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തില്‍ 20 ദിവസത്തോളം ബഹിരാകാശ പേടകത്തിന്റെ ഭ്രമണപഥം ഉയര്‍ത്തുന്ന ഈ പ്രക്രിയ ചെയ്തുകൊണ്ടേയിരുന്നു.

4) തുല്യ ഗുരുത്വാകര്‍ഷണ ബിന്ദുവിലേക്കുള്ള പ്രവേശനം
നാലാം ഘട്ടം ഏറ്റവും രസകരമാണ്. ഭൂമിയെയും ചന്ദ്രനെയും നേര്‍രേഖയില്‍ സങ്കല്‍പ്പിക്കുക. ഇതില്‍ ഭൂമിക്കും ഗുരുത്വാകര്‍ഷണമുണ്ട്, ചന്ദ്രനും ഒരു നിശ്ചിത അളവിലുള്ള ഗുരുത്വാകര്‍ഷണമുണ്ട്. അതിനാല്‍, ഇവ രണ്ടിനും ഇടയിലുള്ള ഒരു ഘട്ടത്തില്‍, ഭൂമിയുടെ ഗുരുത്വാകര്‍ഷണവും ചന്ദ്രന്റെ ഗുരുത്വാകര്‍ഷണവും തുല്യമായിരിക്കും. ഈ തുല്യ ഗുരുത്വാകര്‍ഷണ ബിന്ദു ചന്ദ്രനില്‍ നിന്ന് ഏകദേശം 62,630 കിലോമീറ്റര്‍ അകലെയാണ്. ചന്ദ്രയാന്‍ 3 ബഹിരാകാശ പേടകത്തെ അവിടേക്ക് അയക്കുക എന്നതാണ് നാലാമത്തെ ഘട്ടം. പക്ഷേ, ഇതത്ര എളുപ്പമല്ല. ഇത് വളരെ കൃത്യമായി ചെയ്യണം. അതിനുവേണ്ടിയാണ് അഞ്ചാം ഘട്ടം നടപ്പാക്കുന്നത്.

5) തുല്യ ഗുരുത്വാകര്‍ഷണ ബിന്ദുവില്‍ നിന്നുള്ള മോചനം
തുല്യ ഗുരുത്വാകര്‍ഷണ ബിന്ദുവിലേക്കുള്ള പാതയിലെ ഘര്‍ഷണം മൂലം പേടകം അതിന്റെ ഗതിയില്‍ നിന്ന് വ്യതിചലിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ മാറാതിരിക്കാന്‍ ഭ്രമണത്തിനിടയില്‍ ത്രസ്റ്റുകള്‍ നല്‍കിക്കൊണ്ടേയിരിക്കണം ഇതാണ് അഞ്ചാം ഘട്ടം. ചന്ദ്രയാന്‍-3 ഭൂമിയെ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ചുറ്റുമ്പോള്‍, അത് ക്രമേണ ദൂരം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ദൂരം പോകുകയും ചെയ്യുന്നു. തുടക്കത്തില്‍ പറഞ്ഞ രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ട പ്രക്രിയകള്‍ ഭൂമിയില്‍ നിന്ന് ഇത്രയും ദൂരെ വരെ എത്താന്‍ വഴിയൊരുക്കി.

6) ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം എന്നാല്‍ ഭൂമിയില്‍ നിന്ന് വളരെ ദൂരെയാണ് സഞ്ചരിക്കുന്നതെങ്കിലും,
പേടകം ഇപ്പോഴും ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിന്റെ പിടിയിലാണ്. ഓരോ തവണയും ഭ്രമണപഥത്തില്‍ ഭൂമിയോട് അടുത്ത് വരുമ്പോള്‍ റോക്കറ്റ് ജ്വലിപ്പിക്കുന്നതും മുന്നോട്ട് കൊണ്ടുപോകുന്നതും തുടരുന്നു. ഇപ്പോള്‍ ബഹിരാകാശ പേടകം ഭൂമിയെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍, നാലാമത്തെയും അഞ്ചാമത്തെയും ഘട്ട പ്രക്രിയകളിലൂടെ നമ്മള്‍ പേടകത്തെ ഭൂമിക്കും ചന്ദ്രനുമിടയിലുള്ള ഈക്വിഗ്രാവിറ്റി പോയിന്റിലേക്ക് എത്തിച്ചു. എന്നിരുന്നാലും, അത് ഇപ്പോഴും ഭൂമിയുടെ ഗുരുത്വാകര്‍ഷണ പരിധിയിലാണ്. അതിനാല്‍ മുകളിലേക്ക് എറിയപ്പെട്ട ഒരു കല്ല് വീഴുന്നതുപോലെ, തുല്യ ഗുരുത്വാകര്‍ഷണ ബിന്ദുവില്‍ എത്തിയ ഒരു ബഹിരാകാശ പേടകം ഭൂമിയിലേക്ക് വീഴാം. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഈ സാഹചര്യത്തില്‍, ആ ബിന്ദുവില്‍ എത്തി അവിടെ നിന്ന് തള്ളിവിട്ടാല്‍ അതുവരെ ഉണ്ടായിരുന്ന ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിന്റെ പിടിയില്‍ നിന്ന് മോചിതമായി ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക് പോകുന്ന ഇതാണ് ആറാമത്തെ ഘട്ടം. ആറാം ഘട്ടത്തിന്റെ അവസാനത്തില്‍ ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക് പ്രവേശിക്കുന്നു.

7) ചന്ദ്രന്റെ ഭ്രമണപഥത്തിലെ നിയന്ത്രണം
അടുത്തതായി അതിനെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റിപ്പിക്കണം. ഇല്ലെങ്കില്‍, അത് ചന്ദ്രനോട് അടുക്കുകയും പിന്നീട് ബഹിരാകാശത്തേക്ക് നീങ്ങുകയും ചെയ്യും. അങ്ങനെ പോകാതെ നേരെയാക്കി ചന്ദ്രന്റെ ഭ്രമണപഥത്തിന് ചുറ്റും ചലിപ്പിക്കണം. ഇത് ഏഴാം ഘട്ടമാണ്.
8) ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ സ്റ്റേഷനിംഗ് ആ സമയത്ത് പേടകത്തിന്റെ ദീര്‍ഘവൃത്താകൃതിയിലുള്ള
പാത അല്‍പം ക്രമീകരിച്ച് ചന്ദ്രോപരിതലത്തില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലത്തില്‍ പേടകത്തെ നിര്‍ത്തണം. അതിനെ കൊണ്ടുവന്ന് ചന്ദ്രനുചുറ്റും ഒരേ അകലത്തില്‍ വലംവെക്കുന്നതാണ് എട്ടാമത്തെ ഘട്ടം. ഒരു ബഹിരാകാശ പേടകത്തിന് രണ്ട് പ്രധാന ഭാഗങ്ങളുണ്ട്, പ്രൊപ്പല്‍ഷന്‍ സിസ്റ്റവും ലാന്‍ഡിംഗ് സെല്ലും. ലാന്‍ഡിംഗ് സെല്ലില്‍ റോവര്‍ സ്ഥിതി ചെയ്യുന്നു. ഇവ അതേപടി നിലത്തിറക്കാനാകില്ല. അതിനായി ത്രസ്റ്ററും ലാന്‍ഡിംഗ് ഗിയറും വേര്‍തിരിക്കേണ്ടതാണ്.
വേര്‍പെടുത്തിയാല്‍, ലാന്‍ഡിംഗ് സെല്‍ പേടകത്തെ പരമാവധി 100 കിലോമീറ്റര്‍ മുതല്‍ കുറഞ്ഞത് 30 കിലോമീറ്റര്‍ വരെ നീളമുള്ള ദീര്‍ഘവൃത്താകൃതിയിലേക്ക് വിക്ഷേപിച്ചു.


9) സോഫ്റ്റ് ലാന്‍ഡിംഗ്
നമ്മള്‍ ഇതുവരെ കണ്ട എട്ട് ഘട്ടങ്ങളുള്ള പ്രക്രിയ വിജയകരമായി കടന്നുപോയതിന് ശേഷമാണ് ഈ ഉദ്യമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി ആരംഭിച്ചത്. ചന്ദ്രനില്‍ ചന്ദ്രയാന്‍-3 പേടകത്തെ സുരക്ഷിതമായി തറയിറക്കുക എന്നതായിരുന്നു
ആ വെല്ലുവിളി. ഈ ഒമ്പതാം ഘട്ട പ്രക്രിയയ്ക്ക് എടുക്കുന്ന സമയം, വെറും 15 മിനിറ്റ് മാത്രമാണ്. എന്നാല്‍,
ആ ചുരുങ്ങിയ നിമിഷങ്ങളുടെ വിജയത്തില്‍ ഈ മുഴുവന്‍ പദ്ധതിയും വിജയിക്കുമോ ഇല്ലയോ എന്നത് അടങ്ങിയിരിക്കുന്നു.
ഈ പദ്ധതിയുടെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടവും ഇതാണ്. കഴിഞ്ഞ തവണ ചന്ദ്രയാന്‍ 2 പദ്ധതി പരാജയപ്പെട്ടതും ഈ നിര്‍ണായകമായ സ്ഥലത്തുവെച്ചാണ്. ചന്ദ്രയാന്‍-2 മിഷനില്‍ ഉണ്ടായ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാവിധ മുന്‍കരുതലുകളും ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ ഇത്തവണ എടുത്തിരുന്നു. ഇതിനായി, ലാന്‍ഡറിന്റെ താഴെ നാല് കൊച്ചു റോക്കറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ആ റോക്കറ്റുകളെ പ്രവര്‍ത്തിപ്പിച്ച് പേടകത്തെ വളരെ സാവധാനം താഴെയിറക്കുകയായിരുന്നു. കൂടുതല്‍ സുരക്ഷയ്ക്കു വേണ്ടി കഴിഞ്ഞതവണത്തേക്കാള്‍ റോക്കറ്റിന്റെ കാലുകള്‍ ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു,
ഇതിനാല്‍ നിയന്ത്രണം വിട്ടു താഴേക്ക് പതിച്ചാലും ലാന്‍ഡറിന് ഒന്നും സംഭവിക്കില്ല. കഴിഞ്ഞ തവണ ചന്ദ്രയാന്‍ 2 പദ്ധതിയിടുമ്പോള്‍ എട്ടാം പ്രക്രിയ വരെയും ഇതേപോലെ തന്നെയാണ് കടന്ന് പോയത്. എന്നാല്‍, ഘട്ടം ഘട്ടമായി തറയിറക്കാന്‍ പേടകത്തെ നിലത്തിറക്കുമ്പോള്‍ താഴെ വീണു തകരാര്‍ സംഭവിക്കുകയായിരുന്നു.
ഈ പ്രാവശ്യം ആ വെല്ലുവിളിയെല്ലാം മറികടന്ന് ചന്ദ്രയാന്‍ ലാന്‍ഡര്‍ വിജയകരമായി തറയില്‍ ഇറക്കി.


10) റോവര്‍ പുറത്തിറക്കല്‍
പത്താമത്തെയും അവസാനത്തേയുമായ ഘട്ടമായ ഇനി കുറച്ചുനേരത്തേക്ക് നിശബ്ദത മാത്രം. എന്തുകൊണ്ടെന്നാല്‍ പേടകം ഇറങ്ങുമ്പോള്‍ വായു മര്‍ദ്ദത്താല്‍ ഉണ്ടായ പൊടിപടലങ്ങളെല്ലാം അടങ്ങാന്‍ വേണ്ടിയുള്ള രണ്ടുമണിക്കൂറോളം നീളുന്ന കാത്തിരിപ്പാണിത്. അല്ലെങ്കില്‍ പൊടിപടലങ്ങള്‍ അതിന്റെ യന്ത്ര ഭാഗങ്ങള്‍ക്കും സൗരോര്‍ജ പാനലുകള്‍ക്കും കേടുപാടുകള്‍ വരുത്താന്‍ സാധ്യതയുണ്ട്. അതിനു ശേഷം പ്രഗ്യാന്റോവര്‍ ഒരു ജേതാവിനെപ്പോലെ ഉയര്‍ത്തെഴുന്നേറ്റു മന്ദംമന്ദം പുറത്തേക്ക് വരികയും അതിനെ ഉള്ളില്‍ചുമന്നു ചന്ദ്രമണ്ഡലം വരെ എത്തിച്ച വിക്രം ലാന്‍ഡറിനെ ഫോട്ടോയെടുക്കുകയും ശേഷം വിക്രം ലാന്‍ഡര്‍ റോവറിനെ തിരിച്ചും ഫോട്ടോയെടുക്കും. ഇതാണ് ഇറങ്ങിയതിനു ശേഷമുള്ള ആദ്യത്തെ പരിപാടി. റോവര്‍ ചന്ദ്രനില്‍ പ്രവര്‍ത്തിക്കുന്ന 14 ഭൗമദിവസങ്ങള്‍ക്കുള്ളില്‍ അതിറങ്ങിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ 30 കിലോമീറ്ററോളം ചുറ്റളവില്‍ പര്യവേഷണം ചെയ്യും. ഈ മനോഹരവും ആശ്ചര്യകരവുമായ ഫോട്ടോകള്‍ക്കായി ഇന്ത്യക്കാരായ നമ്മോടൊപ്പം ലോകമെമ്പാടുമുള്ള ശാസ്ത്രകുതകികളും പ്രതീക്ഷാനിര്‍ഭരമായ മനസ്സുകളോടെ കാത്തിരിക്കുന്നു.

ദൗത്യം വിജയിക്കുന്നതിന്, പ്രഭാതത്തില്‍ ചന്ദ്രനില്‍ ഇറങ്ങേണ്ടത് പ്രധാനമായതിനാലാണ് ചന്ദ്രനില്‍ സൂര്യനുദിക്കുന്ന ബുധനാഴ്ച വൈകുന്നേരം തന്നെ ചന്ദ്രയാന്‍-3ന്റെ തറയിറക്കലിനു തിരഞ്ഞെടുത്തത്. അതുവഴി ചന്ദ്രനിലെ ഒരു പകലായ 14 ഭൗമദിനങ്ങളോളം സുഗമമായ പര്യവേക്ഷണം നടത്താന്‍ കഴിയും, അതിനുശേഷം ചന്ദ്രനില്‍ അടുത്ത 14 ദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന രാത്രി തുടങ്ങും, ഈ അതിശൈത്യ താപനിലയില്‍ റോവറിനു ശരിക്കും പ്രവര്‍ത്തിക്കാന്‍ കഴിയില്ല.
നമുക്കിനി അടുത്തതായി, വിക്ഷേപണത്തിന് ശേഷവും ചന്ദ്രനില്‍ തറയിറങ്ങിക്കഴിഞ്ഞും ഭൂമിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ചന്ദ്രയാന്‍ 3 ഉപയോഗിക്കുന്ന വിവിധ ആശയവിനിമയ സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്നു നോക്കാം.
നാസ പ്രവര്‍ത്തിപ്പിക്കുന്ന റേഡിയോ ടെലിസ്‌കോപ്പുകളുടെ ഒരു ശൃംഖലയാണ് ഡീപ് സ്‌പേസ് നെറ്റ്വര്‍ക്ക് (ഡി.എസ്.എന്‍). ബഹിരാകാശത്തിലൂടെയുള്ള ചന്ദ്രയാന്‍-3 ന്റെ പുരോഗതി ട്രാക്കുചെയ്യാനും ബഹിരാകാശ പേടകത്തില്‍ നിന്ന് ഡാറ്റ സ്വീകരിക്കാനും DSN ഉപയോഗിക്കുന്നു.

ഭൗമ ഭ്രമണപഥത്തിനപ്പുറം സഞ്ചരിക്കുന്ന ബഹിരാകാശ പേടകങ്ങളെ ട്രാക്ക് ചെയ്യാന്‍ ഡിഎസ്എന്‍ ഉപയോഗിക്കുന്നു. ദൂരെയുള്ള ബഹിരാകാശ വാഹനങ്ങളില്‍ നിന്ന് ദുര്‍ബലമായ സിഗ്‌നലുകള്‍ സ്വീകരിക്കാന്‍ കഴിയുന്ന വലിയ ആന്റിനകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ആശയവിനിമയ സംവിധാനങ്ങളെ അപേക്ഷിച്ച് DSN-ന് നിരവധി ഗുണങ്ങളുണ്ട്. ഐ.എസ്.ആര്‍.ഒ പ്രവര്‍ത്തിപ്പിക്കുന്ന റേഡിയോ ടെലിസ്‌കോപ്പുകളുടെ ഒരു ശൃംഖലയാണ് ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്വര്‍ക്ക് (ഐ.ഡി.എസ്.എന്‍). ചന്ദ്രയാന്‍-3 ചന്ദ്രനെ സമീപിക്കുന്ന സമയത്തും ലാന്‍ഡ് ചെയ്തതിന് ശേഷവും അതുമായി ആശയവിനിമയം നടത്താന്‍ ഐ.ഡി.എസ്.എന്‍ ഉപയോഗിക്കും. ചന്ദ്രനിലേക്കും പുറത്തേക്കും സഞ്ചരിക്കുന്ന ബഹിരാകാശ വാഹനങ്ങളുമായി ആശയവിനിമയം നടത്താന്‍ ഐ.ഡി.എസ്.എന്‍ ഉപയോഗിക്കുന്നു. ഐ.ഡി.എസ്.എന്‍ സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലാണ്, അതിനര്‍ത്ഥം ചന്ദ്രനിലേക്കുള്ള ദൂരം ഡിഎസ്എനേക്കാള്‍ കുറവാണ് എന്നാണ്. ചന്ദ്രനിലേക്ക്
യാത്ര ചെയ്യുന്ന ബഹിരാകാശ പേടകത്തില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിക്കുന്നതിന് ഇത് സഹായകമാകും.
ചന്ദ്രയാന്‍-3 ലാന്‍ഡറിന്റെ സ്വന്തം ആശയവിനിമയ സംവിധാനം ലാന്‍ഡറില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ റേഡിയോ ട്രാന്‍സ്മിറ്ററും റിസീവറുമാണ്.

റോവറുമായി ആശയവിനിമയം നടത്താനും ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറാനും ലാന്‍ഡറിന്റെ ഈ ആശയവിനിമയ സംവിധാനം ഉപയോഗിക്കും. ലാന്‍ഡറിന്റെ ആശയവിനിമയ സംവിധാനം DSN അല്ലെങ്കില്‍ IDSN പോലെ ശക്തമല്ല, പക്ഷേ റോവറുമായി ആശയവിനിമയം നടത്താന്‍ ഇത് മതിയാകും. ചന്ദ്രയാന്‍-3ല്‍ നിന്നുള്ള വിവിധ വിവരങ്ങള്‍ കൈമാറാന്‍ താഴെപറയുന്ന ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിക്കും. ടെലിമെട്രി, ഇത് ബഹിരാകാശ പേടകത്തിന്റെ ആരോഗ്യത്തെയും നിലയെയും കുറിച്ചുള്ള ഡാറ്റയാണ്. സയന്‍സ് ഡാറ്റ, ബഹിരാകാശ പേടകത്തിന്റെ ഉപകരണങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങളാണ്. കമാന്‍ഡ് ഡാറ്റ, അത് ബഹിരാകാശ പേടകത്തിന് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ അയയ്ക്കുന്ന ഡാറ്റയാണ്. റോവറിന്റെ ചലനങ്ങള്‍ നിയന്ത്രിക്കുന്നതിനും റോവറിന്റെ ഉപകരണങ്ങളില്‍ നിന്ന് ഡാറ്റ സ്വീകരിക്കുന്നതിനും ആശയവിനിമയ സംവിധാനങ്ങള്‍ ഉപയോഗിക്കും. ആശയവിനിമയ സംവിധാനങ്ങള്‍ ചന്ദ്രയാന്‍ 3 ന്റെ വിജയത്തിന് നിര്‍ണായകമാണ്. അവയില്ലാതെ, പേടകത്തിന് ഭൂമിയുമായി ആശയവിനിമയം നടത്താനും ഭൂമിയിലേക്ക് ഡാറ്റ കൈമാറാനും കഴിയില്ല.

ഈ അത്യാധുനിക സാങ്കേതിക വിദ്യകളിലൂടെ ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിങ് ലൈവ് ആയി കാണാന്‍ നമുക്കു കഴിഞ്ഞു. ഐ.എസ്.ആര്‍.ഒയുടെ ഔദ്യോഗിക വെബ്സൈറ്റ്, യൂട്യൂബ് ചാനല്‍, ഡിഡി നാഷണല്‍ എന്നിവയിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു. ചന്ദ്രയാന്‍-3 ലാന്‍ഡിംഗിന്റെ തത്സമയ സംപ്രേക്ഷണം 2023 ഓഗസ്റ്റ് 23ന് വൈകുന്നേരം 5:27 ന് ആരംഭിച്ചു. ലാന്‍ഡിംഗ് കൃത്യം 6:04ന് തന്നെ പൂര്‍ത്തിയായി. സ്മാര്‍ട്ട്ഫോണുകളില്‍ നിന്നും ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറുകളില്‍ നിന്നും ലോകമെങ്ങിലുമുള്ള ഉപയോക്താക്കള്‍ ചന്ദ്രയാന്‍-3 ലാന്‍ഡിംഗിന്റെ തത്സമയ സ്ട്രീമിംഗ് കണ്ടു. പ്രത്യേകമായി എടുത്തുപറയേണ്ടത് നിലവിലെ ഏറ്റവും ലേറ്റസ്റ്റ് ടെക്‌നോളജിയായ AI ടെക്‌നോളജി ചന്ദ്രയാന്‍-3ന്റെ ആശയവിനിമയ സംവിധാനങ്ങളില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നതാണ്. ലാന്‍ഡറിനെ ഉപരിതലത്തോട് അടുക്കുമ്പോള്‍ അതിന്റെ ഉയരം അളക്കാന്‍ സഹായിക്കുന്ന ഒരു ലേസര്‍ ആള്‍ട്ടിമീറ്ററും ചന്ദ്രന്റെ ഉപരിതലം മാപ്പ് ചെയ്യാന്‍ സഹായിക്കുന്ന റഡാര്‍ ആള്‍ട്ടിമീറ്ററടക്കമുള്ള ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സുരക്ഷിതമായി ഇറങ്ങാന്‍ സഹായിക്കുന്ന നിരവധി സാങ്കേതിക വിദ്യകളാണ് ഇത്തവണ ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവം ഭൂമിയില്‍ നിന്ന് എത്തിച്ചേരാന്‍ ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ സ്ഥലമാണ്. കാരണം അവിടെ ധാരാളം ഗര്‍ത്തങ്ങളും നിരപ്പല്ലാത്ത ഭൂപ്രദേശങ്ങളുണ്ട്.

ഇത് ഒരു ബഹിരാകാശ പേടകത്തിന് സുരക്ഷിതമായി ഇറങ്ങുന്നത് ബുദ്ധിമുട്ടാക്കുന്നു. കൂടാതെ, ദക്ഷിണധ്രുവം ചന്ദ്രന്റെ മറ്റ് ഭാഗങ്ങളേക്കാള്‍ തണുപ്പാണ്, ഇതും ഒരു ബഹിരാകാശ പേടകത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ ബുദ്ധിമുട്ടാക്കും. അവസാനമായി നമുക്ക് ചാന്ദ്ര പര്യവേക്ഷണം കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണെന്ന് കാണാം. ചന്ദ്രനെ പര്യവേക്ഷണം ചെയ്യുന്നത് കൊണ്ട് നിരവധി പ്രയോജനങ്ങളുണ്ട്. ഒന്നാമതായി ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ച് കൂടുതലറിയാന്‍ ഇത് സഹായിക്കുന്നു. ഭൂമിയുടെയും ചന്ദ്രന്റെയും ഉത്ഭവവും, ചരിത്രവുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കാന്‍ ഇത് സഹായിക്കുന്നു. ചന്ദ്രനില്‍ ധാതുക്കള്‍, ജലം എന്നിവയുടെ സാന്നിധ്യം കണ്ടെത്താനും ഇത് സഹായിക്കും. അതുകൂടാതെ ചന്ദ്രനില്‍ നിന്ന് ധാതുക്കള്‍ ഖനനം ചെയ്യുക തുടങ്ങിയ വിപുലമായ ഉപ ലക്ഷ്യങ്ങളും ഈ പദ്ധതിക്കുണ്ട് ചന്ദ്രനില്‍ നിന്ന് ധാതുക്കള്‍ ഖനനം ചെയ്യാനുള്ള വന്‍കിട രാഷ്ട്രങ്ങളുടെ പല പദ്ധതികളും നിലവിലുണ്ട്. ചന്ദ്രനില്‍ നിന്ന് ലഭിക്കുന്ന ധാതുക്കള്‍ ഭൂമിയിലേക്ക് കൊണ്ടുവന്ന് ഉപയോഗിക്കാനും അല്ലെങ്കില്‍ ചന്ദ്രനില്‍ തന്നെ ധാതുക്കള്‍ ഖനനം ചെയ്ത് ഉപയോഗിക്കാനും കഴിയും. ഇതു കൂടാതെ ചൊവ്വയിലേക്കുള്ള പ്രയാണത്തില്‍ ഒരു ഇടത്താവളമായി ചന്ദ്രനെ ഉപയോഗിക്കാനുള്ള ബ്രഹദ്പദ്ധതികളുമുണ്ട്.

ചന്ദ്രനില്‍ ഒരു താവളം നിര്‍മ്മിച്ച്, അവിടെ നിന്ന് ചൊവ്വയിലേക്കുള്ള യാത്ര ആരംഭിക്കാം. ഇതുപോലെയുള്ള നീണ്ടകാല ലക്ഷ്യങ്ങളോടെയാണ് എല്ലാ നാടുകളും ചന്ദ്ര പര്യവേക്ഷണത്തില്‍ മുന്നേറുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഐ.എസ്.ആര്‍.ഒയുടെ ചന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയില്‍ ഒരു പ്രധാന നാഴികക്കല്ലാണ്.
ഈ ദൗത്യങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെ ഒരു പ്രധാന ബഹിരാകാശ ശക്തിയായി മാറ്റാന്‍ സഹായിച്ചിട്ടുണ്ട്.

(കടപ്പാട്: നമ്മുടെ പ്രപഞ്ചം എം.എസ്.എം. റാഫി)

Leave a Reply

Your email address will not be published.

prime minister-india-aderr- Previous post ചരിത്ര നിമിഷത്തിൽ ദേശീയപതാക വീശി ആഹ്ലാദം പങ്കിട്ട് നരേന്ദ്ര മോദി; ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യക്ക് അനുമോദനം
prime-minister-isro-chandrayaan-3 Next post ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷമാണെന്ന് പ്രധാനമന്ത്രി; ചന്ദ്രയാൻ മൂന്നിന്റെ സന്ദേശം പങ്കുവെച്ച് ഐഎസ്ആർഒ