കൂലിവർധനവ് നടപ്പാക്കാത്തത്തിൽ പ്രതിഷേധം; സിഐടിയു കൊടികുത്തിയ സ്വന്തം ബസിന് മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങി ഉടമ

പ്രൈവറ്റ് ബസിനു മുന്നിൽ സിഐടിയു തൊഴിലാളികൾ കൊടികുത്തിയതോടെ, ഇതേ ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങി ഉടമ. കോട്ടയം–തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിന്റെ ഉടമ തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്മോഹനാണു ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം ആരംഭിച്ചത്. ഗൾഫിൽ നിന്നു തിരിച്ചെത്തി ബസ് സർവീസ് തുടങ്ങിയ രാജ്മോഹന് ഇപ്പോൾ നാലു ബസുകളുണ്ട്. സൈന്യത്തിലും ജോലി ചെയ്തിട്ടുള്ള രാജ്മോഹൻ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ്.

‘ടൈംസ് സ്ക്വയർ ലക്കി സെന്റർ’ എന്നാണു ലോട്ടറി വിൽപന കേന്ദ്രത്തിന്റെ പേര്. ന്യൂയോർക്കിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ടൈംസ് സ്ക്വയറിൽ വെച്ചായിരുന്നു പ്രവാസികളെ അഭിസംബോധന ചെയ്തത്. അന്ന് മുഖ്യമന്ത്രി  ധരിച്ച തരത്തിലുള്ള കോട്ടും സ്യൂട്ടും അണിഞ്ഞാണ് രാജ്മോഹൻ ലോട്ടറി വിൽപ്പന തുടങ്ങിയത്. 

കൂലിവർധന നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ബസിനു മുന്നിൽ സിഐടിയു കൊടികുത്തിയത്. ബസിലെ ഒരു തൊഴിലാളി മാത്രമാണ് പ്രതിഷേധിക്കുന്നത്. അതുകൊണ്ട് മറ്റു മൂന്നു ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഏറ്റവും കൂടുതൽ കലക്‌ഷനുള്ള ബസ് സർവീസാണ് മുടക്കിയതെന്ന് രാജ്മോഹൻ പറഞ്ഞു. മറ്റു രണ്ടു ബസുകൾ പൂർണനഷ്ടത്തിലും ഒരു ബസ് ലാഭവും നഷ്ടവുമില്ലാതെയുമാണ് സർവീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വിഷയത്തിൽ കോട്ടയം ലേബർ ഓഫിസിൽ നടത്തിയ ചർച്ചയിൽ റൂട്ടിലെ കലക്‌ഷനും സാഹചര്യങ്ങളും പരിഗണിച്ച് ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ നിർദേശം നൽകുകയും ഉടമ ഇത്‌ നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ നിശ്ചിത കലക്‌ഷൻ കിട്ടിയാൽ കൊടുക്കേണ്ട ബാറ്റ സംബന്ധിച്ചാണ് ഇപ്പോൾ തർക്കം നടക്കുന്നത്. ശമ്പള പരിഷ്കരണം നടപ്പാക്കാത്തത് കൊണ്ടാണ് സമരം നടത്തുന്നതെന്ന് മോട്ടർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി.ജെ.വർഗീസ് പറഞ്ഞു

Leave a Reply

Your email address will not be published.

cpm-sfi-fake-certificate-university Previous post നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതി; അന്വേഷണമുണ്ടാകുമെന്ന് കായംകുളം ഏരിയ സെക്രട്ടറി
enforcement-raid-kerala-kottayam-kochi-hawala Next post സംസ്ഥാനത്ത് ഹവാല പണമിടപാടുകളുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡ്; കൊച്ചിയും കോട്ടയവും കേന്ദ്രം