
മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ; മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പോലീസ്
മണിപ്പൂരിൽ കുകി യുവതികളെ നഗ്നരായി നടത്തി കൂട്ടാബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. ഹെറാദാസ് (32) എന്നയാളെ ആണ് തൗബാൽ ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞെന്നും, ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. സംഭവം നടന്ന് രണ്ടുമാസത്തിന് ശേഷമാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്.സംഭവത്തിൽ കർശനനടപടി സ്വീകരിക്കണമെന്ന് ഇന്നലെ മണിപ്പൂർ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. കാംഗ്‌പോക്പി ജില്ലയിൽ മെയ് നാലിനാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തികൊണ്ടുപോയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെച്ചു. കുകി വിഭാഗത്തിൽപ്പെട്ട ഇവരെ അടുത്തുള്ള വയലിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്തെന്നു കുകി ഗോത്ര സംഘടന ആരോപിച്ചു. ഈ സംഭവത്തിന് തൊട്ടു മുമ്പുള്ള ദിവസമാണ് മെയ്‌തെയ് -കുകി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. വീഡിയോ വൈറലായതോടെ സംഭവത്തെ വിമർശിച്ചും കടുത്ത നടപടിയും ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് ഐടിഎൽഎഫ് ദേശീയ വനിതാ കമ്മീഷനിലും പട്ടിക വർഗ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട് .ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ മെയ് നാലു മുതൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. സംഘർഷം തുടങ്ങിയിട്ട് ഇപ്പോൾ രണ്ട് മാസത്തിലധികമായി. മെയ്‌തെയ്-കുകി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 130ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.