
കഴിവ് തെളിയിച്ചില്ലെങ്കിൽ കെഎസ്യു നേതാക്കളെ നീക്കും, തെളിയിച്ചാൽ പ്രമോഷൻ; പരിഷ്കാരവുമായി കനയ്യ കുമാർ
കഴിവ് തെളിയിക്കാത്ത ഭാരവാഹികൾക്ക് കെഎസ്യുവിൽ സ്ഥാനം നഷ്ടമാകും. മികവ് തെളിയിച്ചാൽ സ്ഥാനക്കയറ്റവും ലഭിക്കും. 45 ദിവസത്തെ പ്രവർത്തനം വിലയിരുത്തിയാവും തീരുമാനമെടുക്കുക. എൻഎസ്യുഐ നേതൃത്വമാണ് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. എന്നാൽ സംസ്ഥാനത്തെ കെഎസ്യു നേതാക്കളും കോൺഗ്രസ് നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. എല്ലാ സംസ്ഥാനങ്ങളിലും തുടങ്ങാനിരിക്കുന്ന പുതിയ രീതിക്ക് കേരളത്തിൽ നിന്നാണ് തുടക്കം.
എൻഎസ്യുഐയുടെ ചുമതലയുള്ള എഐസിസി ഭാരവാഹിയായി കനയ്യ കുമാർ വന്നതിനു ശേഷമാണ് പുതിയ പരിഷ്കാരം. കേരളം ഇതിനുപറ്റിയ പരീക്ഷണശാലയല്ലെന്ന മറുപടിയാണ് ചില കോൺഗ്രസ് നേതാക്കൾ എൻഎസ്യു നേതൃത്വത്തെ അറിയിച്ചത്. കെഎസ്യു സംസ്ഥാന കമ്മിറ്റിയിലും പരിഷ്കാര നടപടിയോട് കടുത്ത ഭിന്നതയാണ്. രണ്ടാംഘട്ട പുനസംഘടനയുടെ ഭാഗമായാണ് മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. സംസ്ഥാന ജനറൽ സെക്രട്ടറിമാർ, കൺവീനർമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളാണ് വിലയിരുത്തുന്നത്. മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നവർക്ക് സ്ഥാനക്കയറ്റവും നൽകും. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സംസ്ഥാന ഭാരവാഹികളെ കെഎസ്യുവിൽ നിന്ന് ഒഴിവാക്കാനും നിർദേശമുണ്ട്.