
KSRTC ട്രാവല്‍ കാര്‍ഡ്, പൊളിഞ്ഞു പാളീസായി
- ഇതിലും വലിയ പദ്ധതികളെ കുത്തുപാള എടുപ്പിച്ചവരാണ് KSRTC മാനേജ്‌മെന്റും സര്‍ക്കാരും ജീവനക്കാരും, പിന്നല്ലേ ഇത്
സ്വന്തം ലേഖകന്‍
KSRTCയെ രക്ഷപ്പെടുത്താനെന്ന വ്യാജേന ആരംഭിച്ച സ്മാര്‍ട് ട്രാവല്‍ കാര്‍ഡ് പദ്ധതി പൊട്ടിപ്പൊളിഞ്ഞ് പാളീസായി. ട്രാവല്‍ കാര്‍ഡ് പുറത്തിറക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി മുന്നോട്ടു പോകുന്നത്. 2022
സെപ്റ്റംബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനാണ് കെ.എസ്.ആര്‍.ടി.സിയുടെ സ്മാര്‍ട് ട്രാവല്‍ കാര്‍ഡ് ഔദ്യോഗികമായി പുറത്തിറക്കിയത്. ആദ്യം ഘട്ടത്തില്‍ തിരുവനന്തപുരത്ത് നടപ്പാക്കിയ പദ്ധതി ഘട്ടം ഘട്ടമായി മറ്റു ജില്ലകളിലും വ്യാപിപ്പിക്കാനായിരുന്നു തീരുമാനം. പക്ഷെ, പദ്ധതി തുടങ്ങിയ ഇടത്തു തന്നെ നില്‍ക്കുകയാണ്. പരീക്ഷണ നിരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച തിരുവനന്തപുരത്തു തന്നെ ട്രാവല്‍ കാര്‍ഡിനോട് കണ്ടക്ടര്‍മാര്‍ മുഖ തിരിച്ചു നില്‍ക്കുകയാണ്. പല കണ്ടക്ടര്‍മാരും നിസ്സഹകരിക്കുന്നത് മൂലം ട്രാവല്‍ കാര്‍ഡിന്റെ ഗുണം യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ല. ഇതുമൂലം കെ.എസ്.ആര്‍.ടി.സിയുടെ കണ്‍ട്രോള്‍ റൂമില്‍ പരാതികള്‍ കുമിഞ്ഞുകൂടുകയാണ്.

പ്രശ്‌നം പരിഹരിക്കാന്‍ കെല്‍പ്പില്ലാത്ത മാനേജ്‌മെന്റും, കണ്ടക്ടര്‍മാരുടെ നിഷേധവും, യാത്രക്കാരുടെ തീരാത്ത പരാതികളുമായതോടെ പദ്ധതി അന്ത്യശ്വാസം വലിക്കാന്‍ തുടങ്ങിയെന്നാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. ട്രാവല്‍ കാര്‍ഡ് എടുക്കുന്നത് ജില്ലയ്ക്കകത്ത് ഓടുന്ന ബസുകളില്‍ മാത്രമാണ്. അറിയാതെ ഫാസ്റ്റില്‍ കയറിയാല്‍ ട്രാവല്‍ കാര്‍ഡിന്റെ ഗുണം ലഭിക്കില്ല. ട്രാവല്‍ കാര്‍ഡ് റീഡ് ചെയ്യുന്നില്ല, പണം നല്‍കാന്‍ കണ്ടക്ടര്‍ പറഞ്ഞാലും യാത്രക്കാര്‍ കുഴയും. എന്തിനുവേണ്ടിയാണോ ട്രാവല്‍ കാര്‍ഡ് നടപ്പാക്കിയത്, അതിന്റെ ലക്ഷ്യം ഇപ്പോഴും യാത്രക്കാര്‍ക്കോ KSRTCക്കോ ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. യാത്രക്കാരും കണ്ടക്ടര്‍മാരും തമ്മില്‍ ട്രാവല്‍ കാര്‍ഡിന്റെ പേരിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ച പരാതികളും കണ്‍ട്രോള്‍ റൂമില്‍ എത്തിയിട്ടുണ്ട്. എന്തിനു പൊല്ലാപ്പ് ഉണ്ടാക്കുന്നു എന്ന ചിന്തയില്‍ പണം നല്‍കി തന്നെ യാത്ര ചെയ്യാനാണ് ഇപ്പോള്‍ പല യാത്രക്കാരും തയ്യാറാകുന്നത്. KSRTCയുടെ ട്രാവല്‍ കാര്‍ഡ് പദ്ധതി വന്‍ പരാജയമാണെന്ന സൂചന നല്‍കുന്ന സംഭവങ്ങളാണ് ഇതെല്ലാം.

‘ട്രാവല്‍ കാര്‍ഡ് ഈ ബസില്‍ ഉപയോഗിക്കാം’ എന്ന ബോര്‍ഡ് പതിപ്പിക്കണമെന്നാണ് ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലറില്‍ കെ.എസ്.ആര്‍.ടി.സി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍, ഇത്തരം ബോര്‍ഡുകള്‍ വെച്ച കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരത്തുകളില്‍ കാണാനില്ല. ജീവനക്കാര്‍ക്ക് ട്രാവല്‍ കാര്‍ഡിനോടുള്ള താത്പര്യമില്ലായ്മയാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനും യാത്രക്കാര്‍ക്ക് ടിക്കറ്റ് വേഗത്തില്‍ ലഭിക്കുന്നതിനുമാണ് കെ.എസ്.ആര്‍.ടി.സി സ്മാര്‍ട് ട്രാവല്‍ കാര്‍ഡ് പദ്ധതി നടപ്പാക്കിയത്. യാത്രയ്ക്ക് മുന്‍പ് തന്നെ തുക ലഭിക്കുന്നു എന്ന ഗുണമാണ് കെ.എസ്.ആര്‍.ടി.സിയ്ക്കുള്ളത്. യാത്രക്കാര്‍ക്ക് ആണെങ്കില്‍ ടിക്കറ്റെടുക്കാന്‍ ചില്ലറ കരുതേണ്ട ആവശ്യവുമില്ല. കുടുംബവുമെത്ത് യാത്ര ചെയ്യുമ്പോള്‍ എല്ലാവര്‍ക്കുമുള്ള ടിക്കറ്റ് ഒറ്റ കാര്‍ഡ് വഴി തന്നെ എടുക്കാന്‍ സാധിക്കുകയും ചെയ്യും. യാത്രക്കാരുടെയും കണ്ടക്ടറുടെയും ചില്ലറയില്ലാതെയുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടും. കാര്‍ഡില്‍ നിന്നുമാണ് ടിക്കറ്റ് തുക പോകുന്നത്. നൂറു രൂപ മുടക്കിയാല്‍ കാര്‍ഡ് ലഭിക്കും.

ഈ തുകയും ടിക്കറ്റിന് ഉപയോഗിക്കാം. 50 മുതല്‍ 2000 രൂപ വരെ കാര്‍ഡില്‍ റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. 250 രൂപയ്ക്ക് മുകളില്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 10 ശതമാനം അധികം തുക ബാലന്‍സായി ലഭിക്കും 250 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 275 രൂപ കാര്‍ഡില്‍ ലഭിക്കും. അങ്ങനെ 2000 രൂപയുടെ റീചാര്‍ജിനു 200 രൂപയും അധികം ലഭിക്കും. ഇങ്ങനെ ഒരു പാട് ഗുണങ്ങള്‍ നിത്യവും യാത്രചെയ്യുന്ന യാത്രക്കാര്‍ക്ക് ലഭിക്കും. പക്ഷെ, പദ്ധതിയുടെ അവസ്ഥ ഇപ്പോള്‍ അവതാളത്തിലാണ്. കണ്ടക്ടര്‍മാര്‍ ട്രാവല്‍ കാര്‍ഡ് സ്വീകരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ വാദം. പരാതി വന്നാല്‍ ട്രാവല്‍ കാര്‍ഡ് സ്വീകരിക്കാത്ത കണ്ടക്ടര്‍മാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും പറയുമ്പോള്‍ ഇതുവരെ വന്ന പരാതികള്‍ക്ക് ഒരു പരിഹാരവും കാണില്ലെന്നുറപ്പായി. ഇനി യാത്രക്കാര്‍ KSRTCയെ സഹായിക്കുന്നതിനെ കുറിച്ച് പറയാതെ വയ്യ. ശമ്പളം കിട്ടാതെ നട്ടം തിരിഞ്ഞ് സിംഗിളും ഡബിളും ഡ്യൂട്ടികള്‍ ചെയ്യുന്ന ജീവനക്കാര്‍ അറിയേണ്ട കാര്യമാണിത്.

നിങ്ങള്‍ ജോലി ചെയ്ത് 200 കോടിരൂപ KSRTCക്ക് വരുമാനം എത്തിച്ചിട്ടും ശമ്പളം തരുന്നില്ലെന്ന പരാതി പറയാറില്ലേ. ഈ 200 കോടി ടിക്കറ്റ് വരുമാനം ഉണ്ടാകുന്നത് യാത്രക്കാര്‍ ബസ്സില്‍ കയറുന്നതു കൊണ്ടാണ്. സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡു വഴിയാണെങ്കില്‍, യാത്ര ചെയ്യുന്നതിനും മുമ്പേ യാത്രക്കാര്‍ പണം നല്‍കുന്നുമുണ്ട്. ആ പണവും, നിങ്ങള്‍ പറയുന്ന 200 കോടി വരുമാനത്തില്‍പ്പെടും. ശമ്പളം നല്‍കാത്ത പ്രശ്‌നം KSRTC മാനേജ്‌മെന്റും ജീവനക്കാരും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നമാണ്. അതില്‍ യാത്രക്കാര്‍ക്ക് പങ്കില്ല. പക്ഷെ, യാത്രക്കാരുടെ അവകാശങ്ങളും, സുരക്ഷിതത്വവുമെല്ലാം നോക്കേണ്ടത് ജീവനക്കാരാണ്. പൊതുഗതാഗതം എന്നത് യാത്രക്കാരുടെ അവകാശമാണ്, KSRTCയുടെ ഔദാര്യമല്ലെന്ന് മറന്നു പോകരുത്. വരുമാനം വര്‍ദ്ധിക്കാന്‍ KSRTC നന്നായാല്‍ പോര. KSRTC ബസില്‍ യാത്രക്കാര്‍ ഉണ്ടാവുകയും വേണം. ഇല്ലെങ്കില്‍ മിസ്മാനേജ്‌മെന്റു കൊണ്ട് ക്ഷയംപിടിച്ച KSRTC എത്രയോ കാലംമുമ്പേ പൂട്ടിക്കെട്ടിയേനെ. യാത്രക്കാരെ സ്‌നേഹിച്ചു സംരക്ഷിക്കാതെ, പൊതുഗതാഗത സംവിധാനം നേരേചൊവ്വേ പോകില്ലെന്നുറപ്പാണ്. KSRTCക്ക് മുന്‍കൂറായി പണം ലഭിക്കുന്ന സ്മാര്‍ട് ട്രാവല്‍ കാര്‍ഡ് പദ്ധതിയെ മുളയിലേ നശിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവര്‍ ആരായാലും, അവരെ കഴുവേറ്റുക തന്നെ വേണം.