ksrtc-charcha-union-meetting

കോടതിയെ കബളിപ്പിച്ച് KSRTCയുടെ ശമ്പളചര്‍ച്ച

ഇന്ന് ശമ്പളം നല്‍കണമെന്ന് കോടതി: ചര്‍ച്ച ചെയ്യാമെന്ന് മാനേജ്‌മെന്റ്, പറ്റിപ്പെന്ന് ജീവനക്കാര്‍, വര്‍ഗവഞ്ചകരായി യൂണിയന്‍ നേതാക്കള്‍

എ.എസ്. അജയ്‌ദേവ്

കഴിഞ്ഞ മാസം ജോലിചെയ്ത ശമ്പളം കിട്ടാന്‍ വേണ്ടി ജീവനക്കാരുടെ നേതാക്കളും മാനേജ്‌മെന്റും ചേര്‍ന്നുള്ള ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. എന്ത് ഗതികെട്ട അവസ്ഥയാണ് തൊഴിലാളികളുടേതെന്ന് പറയാതെ വയ്യ. അണികളുടെ ആവശ്യങ്ങള്‍ അക്കമിട്ട് പറഞ്ഞ് നേടിയെടുക്കാനുള്ള നീക്കമാണ് യൂണിയന്‍ നേതാക്കള്‍ നടത്താന്‍ പോകുന്നതെന്ന്, കരുതുന്നവരുണ്ടെങ്കില്‍ ആ ധാരണ തെറ്റാണ്. മാനേജ്‌മെന്റിന്റെ കണിശത നിറഞ്ഞ കുതന്ത്രത്തിന് കൂട്ടുനിന്ന്, തൊഴിലാളികളെ ഒറ്റുകൊടുക്കാനാണ് നേതാക്കള്‍ പോകുന്നതെന്ന് ഉറപ്പിക്കാം. ഇതിനു വിരുദ്ധമായാണ് നേതാക്കള്‍ ചര്‍ച്ചയില്‍ പറയുന്നതെങ്കില്‍, ഇന്ന് KSRTCയിലെ എല്ലാ തൊഴിലാളികള്‍ക്കും ശമ്പളം കിട്ടണം. അതാണ് യൂണിയന്‍ നേതാക്കളുടെ മിടുക്ക്. അല്ലാതെ, വായില്‍ തോന്നുന്ന വിപ്ലവങ്ങളെല്ലാം പട്ടിണിക്കാരുടെ മുമ്പില്‍ വിളമ്പിയാല്‍ തീരുന്നതല്ല ജീവനക്കാരുടെ പ്രശ്‌നങ്ങള്‍. യൂണിയന്‍ നേതാക്കളുടെ ഇരട്ടത്താപ്പ് നേരത്തെ മനസ്സിലാക്കിയിട്ടുള്ള KSRTCയിലെ ചുരുക്കം ചില തൊഴിലാളികള്‍ വര്‍ഗ വഞ്ചകരായ നേതാക്കളോട് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ട്.

ഇതെല്ലാം ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും, സോഷ്യല്‍ മീഡിയ പേജുകളിലും വലിയ ചര്‍ച്ചയാവുകയാണ്. ഒരു തൊഴിലാളിയുടെ പോസ്റ്റ് ഇങ്ങനെയാണ്: ‘ഇന്ന് ചര്‍ച്ചക്ക് പോകുന്ന നേതാക്കന്‍മാരെ ആരെയെങ്കിലും വ്യക്തിപരമായി ബന്ധമുള്ളവര്‍ ഈ ഗ്രൂപ്പിലുണ്ടെങ്കില്‍ അവരെ അറിയിക്കണം. ‘ വീട്ടിലെ മാതാപിതാക്കളെയും സഹോദരങ്ങളെയും സ്വന്തം മക്കളെയും ഓര്‍ത്തെങ്കിലും ദയവായി ഞങ്ങളെ ഒറ്റ് കൊടുക്കരുത്. അപേക്ഷയാണ്. പകരം തരാന്‍ ഇനി ജീവന്‍ മാത്രേ ബാക്കിയുള്ളൂ, ചോരയും വിയര്‍പ്പും മാനവും ഊറ്റിയെടുത്ത് തീര്‍ത്തില്ലേ’. എന്നാണ്. ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് കൊടുത്തിട്ട് കോടതിയില്‍ വന്നാവല്‍ മതിയെന്നാണ് KSRTC എം.ഡിക്ക് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍, ശമ്പളം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കോടതിയെ കബളിപ്പിക്കാനുള്ള മാര്‍ഗമാണ് KSRTC മാനേജ്‌മെന്റ് തിരഞ്ഞത്.

കേസിന് ഹാജരാകേണ്ട ദിവസത്തില്‍ തന്നെ ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ യൂണിയനുകളുമായി ചര്‍ച്ച നടത്തിക്കൊണ്ടാണ് KSRTC മാനേജ്‌മെന്റ് കോടതിയെ അതി വിദഗ്ധമായി പറ്റിച്ചിരിക്കുന്നത്. ജീവനക്കാരുമായി ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നു എന്നാകും KSRTCയുടെ വാദം. ശമ്പളത്തെ കുറിച്ചുള്ള ചര്‍ച്ചയാണല്ലോ നടക്കുന്നതെന്ന് കരുതി കോടതിയും വിഷയത്തില്‍ ശാന്തമാകും. തടിതപ്പിയെന്ന ആശ്വാസത്തോടെ വീണ്ടും KSRTCയുടെ കണ്ണു പൊത്തിക്കളി ആരംഭിക്കും. കുരങ്ങുകളിയില്‍ പ്രാഗത്ഭ്യം നേടിയ യൂണിന്‍കാര്‍ വണ്ടും KSRTC മാനേജ്‌മെന്റിന്റെ മുമ്പില്‍ കൊടികള്‍ താഴ്ത്തി, ഓച്ചാനിച്ച്, തൊഴിലാളികളെ കുരുതി കൊടുത്ത് നിശബ്ദം നിര്‍ലജ്ജം മുദ്രാവാക്യം വിളിക്കും. വര്‍ഗ വഞ്ചകര്‍ക്ക് ഇതില്‍ കൂടുതലൊന്നും ചെയ്യാനില്ലെന്നത് ചരിത്ര സത്യം. ശുഭം.

ഒരുകാര്യം പറയാതെ വയ്യ. ജീവനക്കാരെ പൊട്ടന്‍ കളിപ്പിച്ച്, പൊട്ടന്‍ കളിപ്പിച്ച് ഒരു കോര്‍പ്പറേഷനെ പൊതു സമൂഹത്തില്‍ വെടക്കാക്കി നിര്‍ത്തുന്നതെന്തിനാണെന്ന് മനസ്സിലാക്കിക്കോണം. കോടതിയെയും-തൊഴിലാളികളെയും പറ്റിക്കുന്തോറും സര്‍ക്കാരിന്റെ ഏകാധിപത്യ-കോര്‍പ്പറേറ്റ്-മുതലാളിത്ത ഭൂതമാണ് പുറത്തു ചാടുന്നത്. KSRTCയെ ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിന്റെ ഉദ്ദേശവും ദുരൂഹമാണ്. ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്ന ഒരു വ്യവസായ സ്ഥാപനാണ് KSRTC. അതും സേവന മേഖലയില്‍. ഇതിനെ നിലനിര്‍ത്താന്‍ ഒരു തൊഴിലാളി വര്‍ഗപാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരില്ല. എന്നാല്‍, അതുണ്ടായിട്ടില്ലെന്നു മാത്രമല്ല, സ്വകാര്യ വത്ക്കരണത്തിന്റെ ചവിട്ടു പടികള്‍ കയറുകയും ചെയ്തു എന്നതാണ് വസ്തുത. ശമ്പളം കൊടുക്കാതെ പട്ടിണിക്കിട്ടും, വിശ്രമമില്ലാതെ പണിയെടുപ്പിച്ചും, കള്ളന്‍മാരെന്ന് പരസ്യമായി വിളിച്ചുമൊക്കെ തൊഴിലാളികളെ മാനംകെടുത്തിയാണ് സര്‍ക്കാര്‍-മാനേജ്‌മെന്റ് കൂട്ടുകെട്ടിന്റെ സ്വകാര്യ വത്ക്കരണ കളമൊരുക്കല്‍ മുന്നേറുന്നത്.

KSRTC എന്തിനാണ് ഇന്ന് ജീവനക്കാരുമായി ചര്‍ച്ച വെച്ചത്. കഴിഞ്ഞ മാസം ജോലിചെയ്ത വകയിലെ ശമ്പളം ഈ മാസം പകുതി കഴിഞ്ഞിട്ടും നല്‍കാത്തതു കൊണ്ടല്ലേ. അത് കൊടുക്കുകയാണ് വേണ്ടത്. അല്ലാതെ ചര്‍ച്ച നടത്തുകയല്ല വേണ്ടത്. കോടതി പോലും ഇടപെടേണ്ടി വന്ന സഹാചര്യം ഒഴിവാക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ഇപ്പോള്‍ നടത്തുന്ന ചര്‍ച്ച ഓണത്തിന് അലവന്‍സോ, ബോണസോ നല്‍കുന്ന തീരുമാനമെടുക്കാനല്ലെന്ന് ഓര്‍ക്കണം. മറ്റു വകുപ്പുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണ അലവന്‍സുകള്‍ നല്‍കാനും, ബോണസ് അനുവദിക്കാനും ധനവകുപ്പ് 3000 കോടിയാണ് കടമെടുത്തിരിക്കുന്നത്. ഇതില്‍ നിന്നും ചില്ലക്കാശു പോലും KSRTC ജീവനക്കാരന് കിട്ടില്ല. ആുകൂല്യങ്ങളൊന്നും കൊടുക്കാന്‍ തയ്യാറായില്ലെങ്കിലും അവരുടെ ശമ്പളവും പെന്‍ഷനും മുടക്കമില്ലാതെ കൊടുക്കാന്‍ തയ്യാറാവുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇടതുപക്ഷ സര്‍ക്കാര്‍ തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടിയാണ് നിലകൊള്ളേണ്ടത്, അല്ലാതെ ഇടതുപക്ഷ തത്വവും പറഞ്ഞ് വലതുപക്ഷ ധനകാര്യം നടപ്പാക്കുകയല്ല വേണ്ടത്.

Leave a Reply

Your email address will not be published.

himachal-pradesh-megha-visphodanam Previous post ഹിമാചലിൽ മേഘവിസ്ഫോടനം: 7 മരണം; 6 പേരെ രക്ഷപ്പെടുത്തി, വീടുകൾ ഒഴുകിപ്പോയി
maharajas-college-blind-teacher Next post കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം: കോളേജ് മാനേജ്മെന്റ് പൊലീസിൽ പരാതി നൽകും