
KSRTCയില്‍ കാക്കി യൂണിഫോം തിരിച്ചുവരും, മാറ്റം പുതുവര്‍ഷം മുതല്‍
കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമില്‍ വീണ്ടും മാറ്റം. മുമ്പ് ഉപയോഗിച്ചിരുന്ന കാക്കി നിറത്തിലുള്ള യൂണിഫോമിലേക്ക് വീണ്ടും മാറാനൊരുങ്ങുകയാണ് കെ.എസ്ആര്ടിസി മാനേജ്മെന്റ്. യൂണിയനുകള്‍ ഇക്കാര്യമാവശ്യപ്പെട്ട് മാനേജ്മെന്റിനെ സമീപിക്കുകയായിരുന്നു. യൂണിയനുകളുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിക്കുകയും ചെയ്തു. പുതുവര്‍ഷം മുതല്‍ കാക്കി യൂണിഫോമായിരിക്കും കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ഉപയോഗിക്കുക.
ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചര്‍ച്ച നടത്തി. ഏറെ നാളായി കാക്കി യൂണിഫോം തിരികെ കൊണ്ടുവരണമെന്ന് ജീവനക്കാര്‍ യൂണിയന് ഭേദമന്യേ ആവശ്യപ്പെട്ടിരുന്ന കാര്യമായിരുന്നു.
മുപ്പത് വര്‍ഷത്തില്‍ കൂടുതലായി ഉപയോഗിച്ച് വന്നിരുന്ന കാക്കി യൂണിഫോമിന് 2015ലാണ് മാറ്റം വന്നത്. കെഎസ്ആര്‍ടിസിയില്‍ പുതുമയും പ്രൊഫഷണലിസവും കൊണ്ടുവരാനുള്ള മാറ്റത്തിന്റെ ഭാഗമായിരുന്നു യൂണിഫോം മാറ്റമുണ്ടായത്. ഇതിന്റെ ഭാഗമായി കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്റാക്കി. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറം. ഇന്‍സ്പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്റുമായിരുന്നു യൂണിഫോം.