
മഴ പെയ്തില്ലെങ്കിൽ ഓണം കഴിഞ്ഞാൽ പവർകട്ട് വരും; 21ന് ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ തുടർചർച്ച നടത്തും
മഴ ഇനിയും പെയ്തില്ലെങ്കിൽ ഓണം കഴിഞ്ഞാൽ കേരളത്തിൽ വൈദ്യുതി നിയന്ത്രണം നിലവിൽ വരും. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല സമിതിയോഗത്തിലാണ് പവർകട്ട് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചത്. 21ന് ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ വിഷയത്തിൽ തുടർചർച്ച നടത്തും. ഓണക്കാലമായതിനാലാണ് ഉടനെ പവർകട്ട് ഏർപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്.മഴയില്ലാത്തതുകൊണ്ട് ജലവൈദ്യുത ഉത്പാദനകേന്ദ്രങ്ങളിലെ അണക്കെട്ടുകളിൽ വെള്ളമില്ലാത്ത അവസ്ഥയാണ്. എല്ലാ ഡാമുകളിലും കൂടി 37 ശതമാനം വെള്ളം മാത്രമാണുള്ളത്. ഏറ്റവും വലിയ ഡാമായ ഇടുക്കിയിൽ 32ശതമാനമാണ് വെള്ളം. ഇതെല്ലാം ഉപയോഗിച്ച് 1531ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പരമാവധി ഉണ്ടാക്കാനാവുക. കഴിഞ്ഞവർഷം ഇതേസമയത്ത് 3425 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം അണക്കെട്ടിലുണ്ടായിരുന്നു.ഓഗസ്റ്റിൽ മാത്രം 90ശതമാനമാണ് മഴയുടെ കുറവ്. അതിനാൽ വരും മാസങ്ങളിൽ നീരൊഴുക്കും കാര്യമായി ഉണ്ടാവില്ല. ചൂട് കാരണം വൈദ്യുതി ഉപഭോഗവും ഉയരുകയാണ്. കഴിഞ്ഞവർഷം ഇതേസമയത്ത് 56 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗമെങ്കിൽ ഇന്നലെ മാത്രം ഇത് 80.90ദശലക്ഷം യൂണിറ്റാണ്. ഇതിൽ 25ദശലക്ഷം മാത്രമാണ് കേന്ദ്രഗ്രിഡിൽ നിന്ന് വാങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം ജലവൈദ്യുതി ഉത്പാദനം കൂട്ടി 19ദശലക്ഷം യൂണിറ്റാക്കിയിട്ടും 31ദശലക്ഷം വാങ്ങേണ്ടി വരുന്നുണ്ട്. വരും മാസങ്ങളിൽ മഴ ഉണ്ടാകുമെന്ന് സൂചനയുമില്ല.ദീർഘകാലകരാർ റദ്ദാക്കിയതിനാൽ 450മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിൽ കുറഞ്ഞത്. താത്ക്കാലിക അടിസ്ഥാനത്തിൽ ഇതിൽ 200 മെഗാവാട്ട് കിട്ടുന്നുണ്ട്. ഹ്രസ്വകാലകരാറിന് ടെൻഡർ വിളിച്ചിട്ടുണ്ടെങ്കിലും സെപ്തംബർ രണ്ടിന് മാത്രമേ നടപടികൾ തുടങ്ങാനാകൂ. കൽക്കരിക്ഷാമം മൂലം ഇപ്പോഴുള്ള കരാറിൽ 100മെഗാവാട്ട് കിട്ടുന്നില്ല. ഇത് കാരണം ആകെ 500 മെഗാവാട്ടിന്റെ വൈദ്യുതി കമ്മിയാണ് നേരിടുന്നത്.ഇത് പരിഹരിക്കാൻ ഓപ്പൺ എക്സ്ചേഞ്ചിൽ നിന്ന് വൻവിലയ്ക്ക് വൈദ്യുതി വാങ്ങുന്നുണ്ട്. ഇതിന്റെ ബിൽ ഉടനടി സെറ്റിൽ ചെയ്യേണ്ടിവരും. ഇതിന് മാത്രം ഒരു ദിവസം 15കോടിയോളം രൂപ കണ്ടെത്തണം. എന്നാൽ ഇത് കെ.എസ്.ഇ.ബിക്ക് കഴിയില്ല. ഈ സാഹചര്യത്തിലാണ് പവർകട്ടിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്. ഹ്രസ്വകാല കരാർ വൈദ്യുതി കിട്ടിത്തുടങ്ങുകയോ മഴ പെയ്യുകയോ ചെയ്യുന്നതുവരെ പവർ കട്ട് തുടരും.ഇതിനിടെ വൈദ്യുതിനിരക്ക് കൂട്ടാൻ റെഗുലേറ്ററി കമ്മിഷൻ ഒരുങ്ങിയെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സെസ് കൂട്ടാൻ കേന്ദ്രസർക്കാർ അനുമതിയുണ്ടെങ്കിലും, യൂണിറ്റിന് 10 പൈസയിൽ കൂടാൻ റെഗുലേറ്ററി കമ്മിഷൻ അനുവദിക്കുന്നില്ല.