
കേരളത്തിന്റെ വാനമ്പാടി ചിത്ര @ 60
മഞ്ഞള്‍ പ്രസാദം ചാലിച്ച ആശംസകള്‍
എ.എസ്. അജയ്‌ദേവ്
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌ക്കറും, കേരളത്തിന്റെ വാനമ്പാടി ചിത്രയുമാണെന്ന് പറയാന്‍ എന്തൊരഭിമാനമാണ് മലയാളിക്ക്. കേരളത്തിലെ വാനമ്പാടി ചിത്രയ്ക്ക് വയസ്സ് 60. പ്രായമേറുന്തോറും മധുരമൂറുന്ന സ്വരവുമായി വാനമ്പാടി ചിത്ര പറക്കുകയാണ്, അതിരുകളില്ലാത്ത സംഗീത ലോകത്ത്. മഞ്ഞള്‍ പ്രസാദമായും…കളരി വിളക്ക് തെളിച്ചും….ചെമ്പകപ്പൂ മൊട്ടിനുള്ളില്‍ വസന്തം വന്നുവെന്നു പറഞ്ഞുമൊക്കെ മലയാളികളെ ആസ്വാദനത്തിന്റെ ആകാശത്ത് ഉയര്‍ത്തിയവള്‍. അറുപതാം പിറന്നാളിന്റെ നിറവിലും കണ്ഠമിടറാതെ പതറാതെ ചിരിക്കുന്ന മുഖവുമായി ചിത്രയുണ്ടിവിടെ.

ചിത്ര എന്നപേരോര്‍ക്കുമ്പോള്‍ തന്നെ ആ മധുരശബ്ദം പ്രേക്ഷകരുടെ കാതില്‍ മുഴുങ്ങും. നാല് പതിറ്റാണ്ടുകളില്‍ ഇമ്പത്തോടെ കേട്ടുകൊണ്ടേയിരിക്കുകയാണ് സംഗീതാസ്വാദകര്‍. പുരസ്‌കാരങ്ങളുടെ പെരുമഴയില്‍ മുങ്ങി നില്‍ക്കുമ്പോഴും തെല്ലും അഹങ്കാരം തൊട്ടിട്ടില്ല എവിടെയും. രാജ്യം പത്മശ്രീയും, പത്മഭൂഷനും നല്‍കി ആദരിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ആറ് തവണ. സംസ്ഥാന പുരസ്‌കാരം 16 തവണ. നാല് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ അവാര്‍ഡുകളും മലയാളത്തിന്റെ വാനമ്പാടിക്ക് ലഭിച്ചിട്ടുണ്ട്.

1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണന്‍ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ പുത്രിയായി തിരുവനന്തപുരത്താണ് ജനനം. പിതാവായിരുന്നു ചിത്രയുടെ ആദ്യകാലഗുരുവും ജീവിത വഴികാട്ടിയും. ചെറിയ പ്രായത്തില്‍ പാട്ടില്‍ മികവ് പുലര്‍ത്തിയ ചിത്ര സംഗീത വിദുഷി പ്രൊഫ. കെ. ഓമനക്കുട്ടിയുടെ പ്രിയ ശിഷ്യയായി മാറി. 1978 ലെ കലോത്സവ വേദിയില്‍ വച്ചാണ് ചിത്രയെന്ന പെണ്‍കുട്ടിയുടെ വരവ് ചലച്ചിത്ര ലോകം അടയാളപ്പെടുത്തിയത്. അന്നത്തെ മുഖ്യമന്ത്രി സി. അച്യുത മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാന്‍ ആ വിദ്യാര്‍ഥിനിക്കായി.

സ്‌കൂള്‍ പഠനത്തിനു ശേഷം സംഗീതം തന്നെ ഉപരിപഠനത്തിനു തെരഞ്ഞെടുത്ത ചിത്ര, താമസിയാതെ സിനിമാ പിന്നണി ഗാനരംഗത്തേക്കും എത്തപ്പെട്ടു. എം.ജി രാധാകൃഷ്ണനാണ് ചിത്രയെ സിനിമയില്‍ പാടിച്ചത്. ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. ഇളയരാജ വഴി തമിഴകത്തും ചുവടുറപ്പിച്ച ചിത്രയുടെ ശബ്ദം പിന്നീട് ഇന്ത്യ മുഴുവന്‍ മുഴങ്ങി. ഇക്കാലത്തിനിടെ ഇരുപത്തയ്യായിരത്തോളം ഗാനങ്ങളാണ് ചിത്ര ആലപിച്ചത്. തെന്നിന്ത്യന്‍ വാനമ്പാടി എന്നതു കൂടാതെ ഫീമെല്‍ യേശുദാസെന്നും ഗന്ധര്‍വ ഗായികയെന്നും സംഗീത സരസ്വതിയെന്നും ചിന്നക്കുയിലെന്നും കന്നഡ കോകിലയെന്നു പിയ ബസന്തിയെന്നും ഇന്ത്യയുടെ കൊച്ചു വാനമ്പാടിയെന്നും ‘കേരളത്തിന്റെ വാനമ്പാടിയെന്നും ആരാധകര്‍ ചിത്രയ്ക്ക് പേരിട്ടു വിളിച്ചു.

എസ്.പി. ബാലസുബ്രഹ്‌മണ്യവും കെ.എസ്. ചിത്രയും ഇന്ത്യയില്‍ ഏറ്റവും അധികം യുഗ്മഗാനങ്ങള്‍ പാടിയിട്ടുള്ള ഗായകരില്‍ എടുത്ത് പറയേണ്ടവരാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി യേശുദാസിനൊപ്പവും എണ്ണിയാല്‍ ഒടുങ്ങാത്ത യുഗ്മഗാനങ്ങള്‍ ചിത്ര ആലപിച്ചിട്ടുണ്ട്. എസ്.പി. ബാലസുബ്രഹ്‌മണ്യം കഴിഞ്ഞാല്‍ സിനിമയില്‍ യേശുദാസിനൊപ്പമാണ് ഏറ്റവും അധികം യുഗ്മഗാനങ്ങള്‍ ചിത്ര പാടിയിട്ടുള്ളത്. 1980, 1990 കാലഘട്ടങ്ങളില്‍ യേശുദാസനെയും, ചിത്രയേയും കൊണ്ട് യുഗ്മഗാനങ്ങള്‍ പാടിക്കാത്ത സംഗീത സംവിധായകര്‍ ഉണ്ടാകില്ല.

2005 ല്‍ പത്മശ്രീയും 2021ല്‍ പദ്മവിഭൂഷണും നല്‍കി കേരളാ വാനമ്പാടിയെ രാജ്യം ആദരിച്ചു. മൂന്ന് തമിഴ് സിനിമയ്ക്കും, രണ്ട് മലയാള സിനിമയ്ക്കും ഒരു ഹിന്ദി സിനിമയ്ക്കുമാണ് ചിത്രയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്. ഇതു കൂടാതെയാണ് 16 തവണ കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്. 11 തവണ ആന്ധ്രാ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്. 4 തവണ തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്. 3 തവണ കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്. ചിത്ര മലയാളത്തിന്റെ വാനമ്പാടിയാണെങ്കിലും ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചത് തമിഴ് സിനിമയില്‍ പാടിയതിനാണ്. 1986ല്‍ പുറത്തിറങ്ങിയ സിന്ധു ഭൈരവി എന്ന തമിഴ് സിനിമയിലെ ‘പാടറിയേന്‍ പഠിപ്പറിയേന്‍….പള്ളിക്കുടം നാന്‍ അറിയേന്‍’ എന്ന ഗാനത്തിനാണ് ദേശീയ അവാര്‍ഡ് ലഭിച്ചത്.

തൊട്ടു പിന്നാലെ 1987ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങള്‍ എന്ന മലയാളം ചിത്രത്തിലെ ‘ മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി…..മഞ്ഞക്കുറി മുണ്ടും ചുറ്റി’ എന്ന ഗാനത്തിനാണ് രണ്ടാമത്തെ ദേശീയ അവര്‍ഡ്. 1989ല്‍ ഇറങ്ങിയ വൈശാലിയിലെ ‘ഇന്ദു പുഷ്പം ചൂടിനില്‍ക്കും രാത്രി എന്ന ഗാനത്തിന് മൂന്നാമതും, 1996ല്‍ ഇറങ്ങിയ മിന്‍സാരക്കനവ് എന്ന തമിഴ് സിനിമയിലെ ‘മാനാ മദുരൈ’ എന്ന ഗാനത്തിന് നാലാമതും, 1997ല്‍ ഇറങ്ങിയ (വിരാസത് എന്ന ഹിന്ദി സിനിമയിലെ ‘പായലേം ചന്‍മന്‍’ എന്ന ഗാനത്തിന് അഞ്ചാമത്തെയും, 2004ല്‍ പുറത്തിറങ്ങിയ ഓട്ടോഗ്രാഫ് എന്ന തമിഴ് ചിത്രത്തിലെ ‘ഒവ്വൊരു പൂക്കളുമേ’ എന്ന ഗാനത്തിന് ആറാമതും ദേശീയ പുരസ്‌ക്കാരം ലഭിച്ചു.

1987 ൽ എൻജിനിയറായ വിജയശങ്കറിനെ വിവാഹ കഴിച്ച ചിത്രക്ക് 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2002 ൽ നന്ദന എന്ന ഒരു മകൾ ജനിച്ചു. എന്നാൽ ഇവർക്ക് ലഭിച്ച ആ ഏകമകൾ 9 ആം വയസ്സിൽ 2011 ഏപ്രിൽ 14 ആം തിയതി ദുബായിൽ വെച്ച് മരിക്കുകയുണ്ടായി.പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന/ ഗിറ്റാർ വിദഗ്ദ്ധൻ കെ.എസ്. മഹേഷ് എന്നിവർ സഹോദരങ്ങളാണ്. കലാജീവിതത്തിനു പുറത്ത് കാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായി ചിത്ര യാത്ര തുടരുകയാണ്, ലാളിത്യത്തോടെ മനസ് നിറഞ്ഞ ചിരിയോടെ.