
വായില്‍ വെള്ളമൂറും ഉണ്ണിയപ്പം: കൊട്ടാരക്കര മഹാഗണപതിയുടെ ഇഷ്ട നിവേദ്യം
മഹാഗണപതിയുടെ വിഗ്രഹത്തിന് മുന്നില്‍ തിടപ്പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ വിറക് അടുപ്പിലാണ് ഉണ്ണിയപ്പം വാര്‍ക്കുന്നത്
സി. അനില്‍ലാല്‍
ഉണ്ണിയപ്പം തിന്നാന്‍ കൊതിയില്ലാത്തവരായി ആരും കാണില്ല. എന്നാല്‍, ഉണ്ണിയപ്പം നിവേദ്യമായി ദൈവത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്ന ക്ഷേത്രമാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം. എല്ലാ വിഘ്‌നങ്ങളും മാറ്റിത്തരുന്ന ഉണ്ണി ഗണപതിയോട് മലയാളികള്‍ക്ക് എന്നും ആരാധനയും ഭക്തിയുമാണ്. കുട്ടിക്കൊമ്പനു മുമ്പില്‍ ഉണ്ണിയപ്പം ചൂടോടെ നിവേദിച്ച് മനസ്സിലെ പ്രയാസങ്ങളെല്ലാം തുറന്നു പറഞ്ഞാല്‍ നീങ്ങാത്ത തടസ്സങ്ങളില്ല. ഇതൊരു വിശ്വാസമാണ്. സത്യവും.

യഥാര്‍ത്ഥത്തില്‍ ഈ ക്ഷേത്രം മണികണ്‌ഠേശ്വരം കിഴക്കേക്കര ശിവക്ഷേത്രമാണ്. കിഴക്കോട്ടു ദര്‍ശനമായ ശിവനും പടിഞ്ഞാറോട്ട് ദര്‍ശനമായ പാര്‍വ്വതിയുമാണ് പ്രധാന പ്രതിഷ്ഠകള്‍. ക്ഷേത്രത്തിലെ ഉപദേവനായിരുന്നു ശിവ-പര്‍വ്വതി പുത്രനും വിഘ്‌നേശ്വരനുമായ ഗണപതി. എന്നാല്‍, ഗണപതിയുടെ പേരിലാണ് ക്ഷേത്രം പ്രസിദ്ധമായത്. പറയിപെറ്റ പന്തിരുകുലത്തിലെ വിശ്വ പ്രസിദ്ധ തച്ചനായ പെരുന്തച്ചനാണ് മഹാഗണപതിയെ പ്രതിഷ്ഠിച്ചതെന്ന് ഐതീഹ്യം. എന്തു ചോദിച്ചാലും തരുന്ന ഗണേശന് നിവേദ്യം ചാര്‍ത്തുമ്പോള്‍ ഓരോ മനസ്സുകളും വിങ്ങപ്പൊട്ടുന്നുണ്ടവിടെ. തടസ്സങ്ങള്‍ക്കും മുകളില്‍ അനുഗ്രഹം ചൊരിയുന്ന ഒറ്റക്കൊമ്പനെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രം.

കുഞ്ഞിക്കാല്‍ കാണാന്‍ കഴിയാതെ ജീവിതം നരകതുല്യമായ എത്രയോ ദമ്പതികളാണ് ഗണേശനെ കാണാന്‍ ദിനംപ്രതി എത്തുന്നത്. നിറഞ്ഞ മനസ്സോടെയും തികഞ്ഞ വിശ്വാസത്തോടെയും മടങ്ങുന്നവര്‍ ഇവിടുന്നു കിട്ടുന്ന ഉണ്ണിയപ്പവും കരുതുന്നുണ്ട്. അതൊരു, ശുഭപ്രതീക്ഷയുടെ മധുരം തരുന്നുണ്ട്. അങ്ങനെ, എണ്ണിയാലൊടുങ്ങാത്ത പരിഭവങ്ങളുടെ കെട്ടഴിക്കുന്നവരാണ് ഈ ക്ഷേത്രത്തില്‍ എത്തുന്നവരെല്ലാം. കുഞ്ഞു പിറക്കാനും പരീക്ഷ ജയിക്കാനും, ജോലി ലഭിക്കാനും, ബിസിനസ് വിജയിക്കാനും, തെരെഞ്ഞടുപ്പില്‍ വിജയിക്കാനുമായി വഴിപാടുകള്‍ നടത്തുന്നവര്‍. ഉണ്ണിയപ്പംമൂടല്‍ മുതല്‍ ഉണ്ണിയപ്പ തുലാഭാരം വരെയുണ്ട്.

ഗണപതിക്ക് സമര്‍പ്പിക്കുന്ന ഉണ്ണിയപ്പം വിശിഷ്ടമായ വഴിപാടും നിവേദ്യം കൂടിയാണ്. ഈ ക്ഷേത്രത്തില്‍ ആദ്യ നിവേദ്യമായി നല്‍കിയത് ഉണ്ണിയപ്പമായിരുന്നു എന്നാണൈതിഹ്യം. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഉണ്ണിയപ്പം നിവേദ്യമായി മാറിയത്. ഇവിടെ ഉണ്ടാക്കുന്ന ഉണ്ണിയപ്പത്തിനുമുണ്ട് കഥ. മഹാഗണപതിയുടെ വിഗ്രഹത്തിന് മുന്നില്‍ തിടപ്പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ വിറക് അടുപ്പിലാണ് ഉണ്ണിയപ്പം വാര്‍ക്കുന്നത്. ഗണപതിക്ക് ഉണ്ണിയപ്പം ഉണ്ടാക്കുന്നത് നേരിട്ടു കാണണമെന്നത് നിര്‍ബന്ധമാണ്.

ഗണപതിക്കും അടുപ്പിനും തടസ്സമാകാതെയാണ് ഭക്തര്‍ ദര്‍ശനം നടത്തുന്നത്. ഉണക്കിയ അരിമാവ് ശര്‍ക്കരയില്‍ കുഴച്ച് കദളിപ്പഴവും നെയ്യും പഞ്ചസാരയും സമാസമം ചേര്‍ത്താണ് ഉണ്ണിയപ്പം തയ്യാറാക്കുന്നത്. ഉണ്ണിയപ്പം വാര്‍പ്പില്‍ തിളച്ചുമറിയുമ്പോള്‍ ക്ഷേത്രപരിസരമാകെ അതിന്റെ സുഗന്ധത്തിലമരും. വായില്‍ വെള്ളമൂറുന്ന മണവും മധുരവുമാണ് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്. വാര്‍ക്കുന്ന എല്ലാ ഉണ്ണിയപ്പവും ഗണപതിക്ക് നിവേദിക്കും. പിന്നിടു ഭക്തര്‍ക്ക് നല്‍കും. ഉദയസ്തമന പൂജ ദിവസം ഒഴികെയുള്ള ദിവസങ്ങളില്‍ ഭക്തര്‍ക്ക് ക്ഷേത്രത്തിലെത്തി ഉണ്ണിയപ്പം വഴിപാട് നടത്താം.

ഉദയം മുതല്‍ അസ്തമയം വരെ ഗണപതിയുടെ മുന്നില്‍ ഉണ്ണിയപ്പം വാര്‍ക്കുന്നതാണ് ഉദയാസ്തമന പൂജ. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ആയിര കണക്കിന് ഭക്തരാണ് ഗണപതിയെ കാണാനും ഉണ്ണിയപ്പം വാങ്ങാനും എത്തുന്നത്. രാഷ്ട്രീയ നേതാക്കളും, സംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിര കണക്കിന് ഭക്തര്‍ ക്ഷേത്രത്തിലെത്തി ഉണ്ണിയപ്പം കൊണ്ട് തുലഭാരം നടത്തുന്നുണ്ട്. വിഘ്‌നങ്ങള്‍ ഉണ്ടാക്കുകയും വിഘ്‌നങ്ങള്‍ നീക്കുകയും ചെയ്യുന്ന മഹാഗണപതിയെ ധ്യാനിച്ചാണ് ഏതൊരു കര്‍മ്മ പരിപാടിക്കും മലയാളികള്‍ തുടക്കം കുറിക്കുന്നത്.