Kerala_Minister_Veena_George

സാര്‍വത്രിക വിദ്യാഭ്യാസവും സാമൂഹിക മുന്നേറ്റവും ജനസംഖ്യാ സ്ഥിരത കൈവരിക്കാന്‍ സഹായിച്ചു: മന്ത്രി വീണാ ജോര്‍ജ്

സാര്‍വത്രിക വിദ്യാഭ്യാസവും സാമൂഹ്യ മുന്നേറ്റവുമെല്ലാം ജനസംഖ്യാ സ്ഥിരത കൈവരിക്കാന്‍ കേരളത്തെ സഹായിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആരോഗ്യ സൂചകങ്ങളില്‍ കേരളം മുന്നിലെത്തിയത്. ഏറ്റവും കുറവ് മാതൃശിശു മരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. കുടുംബാംഗങ്ങളുടേയും പ്രത്യേകിച്ച് കുഞ്ഞുങ്ങളുടേയും അമ്മമാരുടേയും ആരോഗ്യം സംരക്ഷിക്കുന്നതിനും സന്തോഷത്തിനും അഭിവൃദ്ധിക്കുമൊക്കെ കുടുംബാസൂത്രണം എന്നുള്ളതാണ് ലോക ജനസംഖ്യാ ദിനത്തിന്റെ സന്ദേശമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ലോ കോളേജില്‍ വച്ചു നടന്ന ലോക ജനസംഖ്യാ ദിനാഘോഷ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് ഘട്ടങ്ങളായാണ് ആരോഗ്യ വകുപ്പ് അവബോധ ക്യാമ്പയില്‍ സംഘടിപ്പിക്കുന്നത്. ജൂണ്‍ 27 മുതല്‍ ജൂലൈ 10 വരെ കുടുംബാസൂത്രണ മാര്‍ഗങ്ങളെക്കുറിച്ച് ദമ്പതികള്‍ക്കും യുവജനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അറിവും അവബോധവും നല്‍കുന്നതായിരുന്നു ഒന്നാം ഘട്ടം. രണ്ടാം ഘട്ടമായ ജൂലൈ 11 മുതല്‍ 24 വരെ നടത്തുന്ന ജനസംഖ്യാ സ്ഥിരതാ പക്ഷാചരണത്തില്‍ ആവശ്യമായവര്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി സൗജന്യമായി കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ഉറപ്പാക്കുന്നു.

വി.കെ. പ്രശാന്ത് എം.എല്‍.എ. ലോക ജനസംഖ്യാദിനം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ. മേരി പുഷ്പം അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി സ്വാഗതവും അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.വി. നന്ദകുമാര്‍ നന്ദിയും അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, തിരുവനന്തപുരം ഗവ. ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. മീനാകുമാരി, എന്‍.എസ്.എസ്. യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. എന്‍.എല്‍. സജികുമാര്‍, സ്റ്റേറ്റ് എഡ്യൂക്കേഷന്‍ & മീഡിയ ഓഫീസര്‍ കെ.എന്‍. അജയ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

vd.satheesan-politics-udf-ldf-cp-congress Previous post തീരദേശ ജനങ്ങളെ സര്‍ക്കാര്‍ ശത്രുക്കളെ പോലെ കാണുന്നു; യൂജിന്‍ പെരേരയ്‌ക്കെതിരായ കള്ളക്കേസ് പിന്‍വലിക്കണം
anwar-shaja-scaria-land-revenue Next post പിവി അൻവറിൻറെ മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണം’ സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി ഹൈക്കോടതി