kannur-blood-attack-murder-leaders

കണ്ണൂര്‍ ചുവക്കുമോ ?. RSS-CPM സ്‌കോര്‍ ബോര്‍ഡില്‍ ആദ്യമാര് ?

വാ വിട്ട വാക്കും, കൈ വിട്ട ആയുധവും തിരിച്ചെടുക്കാനാവില്ലെന്ന് പറയുന്നതു പോലെയാണ് കാര്യങ്ങള്‍
ഷംസീറും-യുവമോര്‍ച്ചയും പി. ജയരാജനും, ശോഭാ സുരേന്ദ്രനും കളത്തില്‍, നിര്‍ബാധം കൊലവിളികള്‍

സ്വന്തം ലേഖകന്‍

നീണ്ട ഇടവേളയ്ക്കു ശേഷം കണ്ണൂരിന്റെ മണ്ണില്‍ ആര്‍.എസ്.എസ്-സി.പി.എം രാഷ്ട്രീയ സംഘര്‍ഷത്തിന്റെ കരിമരുന്നിട്ട് നേതാക്കള്‍. വാ വിട്ട വാക്കും, കൈ വിട്ട ആയുധവും തിരിച്ചെടുക്കാനാവില്ലെന്ന് പറയുന്നതു പോലെയാണ് കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്. രക്തക്കൊതി പൂണ്ട് നില്‍ക്കുന്നവരുടെ വെല്ലുവിളികളാണ് ഇപ്പോള്‍ ഉയരുന്നത്. സോഷ്യല്‍ മീഡിയയിലും പൊതു വേദികളിലും ഇത് രൂക്ഷമായിക്കൊണ്ടിരിക്കുന്നു. സാധാരണ രാഷ്ട്രീയ വെല്ലുവിളികള്‍ക്കപ്പുറം കൈവെട്ടും, കഴുത്തറുക്കും, തൊട്ടാല്‍ മോര്‍ച്ചറിയില്‍ കിടക്കും, ചുവന്ന മണ്ണിലേക്ക് ആര്‍ക്കും വരാം എന്നുള്ള കൊലവിളികളാണ് ഉയരുന്നത്.

ഇത് വിരല്‍ ചൂണ്ടുന്നത് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകത്തിന്റെ സമയം അടുത്തു വരുന്നു എന്നാണ്. സര്‍ക്കാര്‍-പോലീസ്- വിജിലന്‍സ് സംവിധാനങ്ങളെല്ലാം കരുതലോടെ ഇടപെടേണ്ട സമയമായിരിക്കുന്നു. കാരണം, കണ്ണൂരും കണ്ണൂരിലെ നേതാക്കളും നടത്തുന്നത് കൊലപാതക രാഷ്ട്രീയമാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് ഗൂഗിളാണ്. ഗൂഗിളില്‍ ‘കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍’ എന്ന് ടൈപ്പ് ചെയ്താല്‍ വിക്കീ പീഡിയയില്‍ കിട്ടുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. മറ്റൊരു ജില്ലയ്ക്കും അവകാശപ്പെടാനില്ലാത്ത വിധം മനുഷ്യരെ രാഷ്ട്രീയത്തിന്റെ പേരില്‍ അരുംകൊല ചെയ്ത കണക്കുകള്‍ അക്കമിട്ട്, കോളം തിരിച്ച് വിവരിക്കുന്നു. ഇപ്പോള്‍, നടക്കുന്ന വാക്ക്‌പോരാട്ടം ചോരക്കളിയിലേക്കെത്താന്‍ എത്ര ദൂരം. സ്‌കേര്‍ ബോര്‍ഡ് ആദ്യം തുറക്കുന്നതാര്. ഇതാണ് പ്രസക്തമാകുന്ന ചോദ്യം. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസംഗത്തില്‍ തൂങ്ങിയുള്ള യുവമോര്‍ച്ചയുടെ പ്രകടനവും കൊലവിളിയും ഏറ്റെടുത്ത് സി.പി.എം നേതാവ് പി. ജയരാജന്‍ നടത്തിയ മോര്‍ച്ചറി പ്രയോഗം കത്തിക്കയറുകയാണ്.

ജയരാജനെതിരേ ബി.ജെ.പിയിലെ പെണ്‍ പുലി ശോഭാസുരേന്ദ്രനും എത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ കൊലവിളികള്‍ ഗ്രൗണ്ട് റിയാലിറ്റിയിലേക്ക് മാറുമോയെന്നാണ് മലയാളികളുടെ ആശങ്ക. ജൂലായ് 21ന് കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സ്പീക്കര്‍ ഷംസീറിന്റെ ഹൈന്ദദൈവങ്ങളെ കുറിച്ചുള്ള വിവാദ പ്രസംഗം.

ആ പ്രസംഗം ഇങ്ങനെയാണ്:

ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ക്കു പകരം ഹൈന്ദവപുരാണത്തിലെ മിത്തുകളാണു കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണു സ്പീക്കര്‍ കുറ്റപ്പെടുത്തിയത്. വിമാനവും വന്ധ്യതാ ചികിത്സയും പ്ലാസ്റ്റിക് സര്‍ജറിയുമെല്ലാം ഹിന്ദുത്വകാലം മുതല്‍ക്കേ ഉണ്ടെന്നു സ്ഥാപിക്കുകയാണു ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താന്‍ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്‌സ് എന്നാണ്. എന്നാല്‍, ആദ്യ വിമാനം പുഷ്പകവിമാനമെന്നാണു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നു സ്പീക്കര്‍ പരാമര്‍ശിച്ചിരുന്നു. ‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണ്. പുസ്തക വിമാനമെന്ന പരാമര്‍ശം തെറ്റായ പ്രചരണമാണ്. ടെക്‌നോളജി യുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണമെന്നും ഷംസിര്‍ പറഞ്ഞു. പ്രസംഗത്തില്‍ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. എ.എന്‍ ഷംസീറിനെതിരെ 30നകം സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാന്‍ വിശ്വഹിന്ദു പരിഷത് തീരുമാനിച്ചു. പാലക്കാട് നോര്‍ത്ത് ഉള്‍പ്പെടെ പലയിടത്തും വിശ്വഹിന്ദു പരിഷത് പരാതി നല്‍കുകയും ചെയ്തു.


ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും നിവേദനം നല്‍കാനും തീരുമാനിച്ചു. 30ന് എറണാകുളത്തു നടക്കുന്ന വി.എച്ച്.പി സംസ്ഥാന ഗവേണിങ് ബോര്‍ഡ് യോഗത്തില്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യും. പൊറുക്കാന്‍ കഴിയാത്ത തെറ്റാണു സ്പീക്കര്‍ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്തു നിന്നുണ്ടായതെന്നു വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ പ്രതികരിച്ചു. എ.എന്‍.ഷംസീര്‍ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.എസ്. രാജീവ് ആണ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

അതേസമയം, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഷംസീറിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഷംസീര്‍ സ്പീക്കറായതിനു ശേഷം നിയമസഭാ ഓഫീസില്‍ നിന്നും ഹിന്ദു ദൈവങ്ങളുടെ ഫോട്ടോകള്‍ എടുത്തു മാറ്റി. മാത്രമല്ല, ജോസഫ് മാഷിന്റെ കൈവെട്ടിയ അനുഭവം ഷംസീറിനുണ്ടാവില്ല എന്ന ആത്മവിശ്വസമാണ് ഷംസീറിനുള്ളത്. അത് വെറുതേയാണ്. എല്ലാകാലത്തും ഹിന്ദുസമൂഹം അങ്ങനെതന്നെ നിന്നുകൊള്ളണമെന്ന് ഷംസീര്‍ ഒരിക്കലും കരുതരുതെന്നുമാണ് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേശന്‍ പറഞ്ഞത്. ഇതൊരു ഭീഷണി കൂടിയിയിരുന്നു. ഇതിനു മറുപടി നല്‍കിയത് പി. ജയരാജനാണ്. ആ മറുപടി പ്രകോപനം സൃഷ്ടിക്കുന്നതും കൊലവിളിക്കു സമാനവുമാണ്.

ഷംസീറിന് നേരെ കൈയോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്നാണ് പി. ജയരാജന്റെ പ്രതികരണം. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണ്. ഇതിനെതിരെ ശക്തമായി യുവജനയുടെ ചെറുത്തുനില്‍പ്പുണ്ടാകുമെന്നും ജയരാജന്‍ പറഞ്ഞുവെച്ചു. ജയരാജന് മറുപടി നല്‍കിയത് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്‌നാണ്. വയസുകാലത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് നല്ലത്. കാലം കുറേ മുന്നോട്ട് പോയി മിസ്റ്റര്‍ ജയരാജന്‍. നിങ്ങളെ പോലുള്ള ഗുണ്ടകളുടെ വാക്കുകള്‍ കേട്ട് പേടിച്ചു തലകുനിച്ചു നിക്കുന്നവരാണ് കേരളത്തിലെ യുവമോര്‍ച്ച പ്രവര്‍ത്തകരും, ബിജെപി പ്രവര്‍ത്തകരും എന്ന ധാരണയൊന്നും അങ്ങേയ്ക്ക് വേണ്ടെന്നാണ് ശോഭാ സുരേന്ദ്രന്‍ ജയരാജന് നല്‍കിയിരിക്കുന്ന മറുപടി.

യുവമോര്‍ച്ചക്കാരേ മോര്‍ച്ചറിയില്‍ അയക്കും എന്ന് പ്രസംഗിച്ച പി. ജയരാജനെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നാണ് രാഷ്ട്രീയ നിരീക്ഷകന്‍ ആയ കെ.എം ഷാജഹാന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധകേസുകളില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതിയാണ് പി. ജയരാജന്‍. ഇത്തരം കൊലവിളി പ്രസംഗത്തിലൂടെ ജയരാജന്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്നും കെ.എം ഷാജഹാന്‍ പറയുന്നു. മാത്രമല്ല ഗാന്ധിജിയുടെ ജീവിതം അടങ്ങിയ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നാണ് കൊലവിളി. അതിനാല്‍ തന്നെ ആ സ്ഥാനത്ത് നിന്നും നീക്കണം എന്നും ഷാജഹാന്‍ പേസ്ബുക്കില്‍ കുറിച്ചു.

ശോഭാ സുരേന്ദ്രനും, കെ.എം. ഷാജഹാനും യുവമോര്‍ച്ചയ്ക്കുമെല്ലാം മറുപടിയും യുവമോര്‍ച്ചക്കെതിരെ കൊലവിളി പ്രസംഗം നടത്തിയതില്‍ ഫേസ് ബുക്കിലൂടെ മറുപടിയുമായി പി. ജയരാജന്‍ എത്തിയിരിക്കുകയാണ്. ‘സ്പീക്കര്‍ എ.എന്‍ ഷംസീറിന് ‘ജോസഫ് മാഷിന്റെ അനുഭവം വരാതിരിക്കില്ല’ എന്നായിരുന്നു യുവമോര്‍ച്ചക്കാരുടെ ഭീഷണി. പ്രതികാരം തീര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികളോടാണ് യുവമോര്‍ച്ചക്കാര്‍ സ്വയം ഉപമിച്ചതും’. ആ യുവമോര്‍ച്ചക്കാര്‍ക്ക് മനസിലാകുന്ന മറുപടിയാണ് താന്‍ പറഞ്ഞതെന്ന് ജയരാജന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഷംസീറിനെയെന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആര്‍എസ്എസ് കരുതേണ്ട. തന്നെ കാണാന്‍ ആര്‍ക്കും എത്ര വട്ടം വേണെങ്കിലും ഇവിടേക്ക് വരാവുന്നതാണ്. ഓണത്തിനോ, പെരുന്നാളിനോ, ക്രിസ്തുമസിനോ എപ്പോള്‍ വന്നാലും സന്തോഷം തന്നെയെന്ന് ജയരാജന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ജയരാജന്റെ പേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ദൈവ വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് നമ്മളുടേത്. ആര്‍ക്കും അവരവരുടെ മതവിശ്വാസം പുലര്‍ത്താനുള്ള ജനാധിപത്യ അവകാശവും ഈ രാജ്യത്തുണ്ട്. പക്ഷേ ഭൂരിപക്ഷം ഈശ്വര വിശ്വാസികള്‍ ജീവിക്കുന്ന രാജ്യത്തും , ഒരു പരീക്ഷയില്‍ പ്രപഞ്ചത്തെ കുറിച്ചുള്ള ചോദ്യം വന്നാല്‍ ,മതവിശ്വാസം മുന്നോട്ട് വെക്കുന്ന പ്രപഞ്ച സങ്കല്പം ആരും ഉത്തരമായി എഴുതില്ല. കാരണം ,യുക്തിസഹമായ ശാസ്ത്രീയ വിശദീകരണം അവിടെ ആവശ്യമാണ്.
വിശ്വാസ തലവും പ്രായോഗിക തലവും തമ്മില്‍ യുക്തി സഹമായ ഈ അതിര്‍ വരമ്പുണ്ട്. ഒരു കാല്‍ ഭൂമിയില്‍ ഉറച്ചു വച്ചും മറു കാല്‍ പകുതിമാത്രം ഭൂമിയില്‍ തൊടുന്ന നിലയില്‍ പിണച്ചു വച്ചും നില്‍ക്കുന്ന ശ്രീ കൃഷ്ണന്റെ വിഗ്രഹങ്ങളുടെ നില്‍പ്പിനെ കുറിച്ച് മനോഹരമായൊരു ആഖ്യാനമുണ്ട്. ‘ഭൗതികതയില്‍ ഉറച്ച് നില്‍ക്കുക – ആത്മീയതയില്‍ തൊട്ട് നില്‍ക്കുക എന്ന്’.

നിര്‍ഭാഗ്യവശാല്‍ നേര്‍വിപരീതമാണ് നമ്മുടെ നാട്ടില്‍ നടന്ന് കൊണ്ടിരിക്കുന്നത്. പൗരന്മാരില്‍ ശാസ്ത്ര ചിന്തകള്‍ വളര്‍ത്തുക എന്നത് നമ്മുടെ ഭരണ ഘടനാ പ്രകാരം മൗലിക കര്‍ത്തവ്യമാണ്. ആ നാട്ടിലാണ് ആ ഭരണ ഘടന കാക്കേണ്ടുന്ന പ്രധാന മന്ത്രി ‘ഗണപതിയുടെ തല മാറ്റി വച്ചത് ലോകത്തിലേ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറിയാണെന്ന് ‘ ഗൗരവകരമായ ഒരു പൊതുപരിപാടിയില്‍ പ്രസംഗിച്ചത്. അതിനെ ആ കാലത്ത് തന്നെ രാജ്യത്തിന് അകത്തും പുറത്തുമുള്ള ശാസ്ത്ര സമൂഹവും ഉല്‍പതിഷ്ണുക്കളും വിമര്‍ശിച്ചിട്ടുണ്ട്, അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും രാജ്യ പ്രധാന മന്ത്രിയുടെ ഈ പരിഹാസ്യമായ പ്രസ്താവന വാര്‍ത്തയാക്കി. ഇത് മാത്രമല്ല പുഷ്പക വിമാനത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമൊക്കെയുള്ള പല തരം മണ്ടത്തരങ്ങള്‍ പ്രധാന മന്ത്രി പൊതുപരിപാടിയില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്.

ബഹുമാനപ്പെട്ട നിയമ സഭാ സ്പീക്കര്‍ സഖാവ് എഎന്‍ ഷംസീര്‍ കുട്ടികള്‍ക്കുള്ള ഒരു പൊതുപരിപാടിയില്‍ വച്ച് ആ അശാസ്ത്രീയമായ വാചകങ്ങളെയാണ് വിമര്‍ശിച്ചത്, ശാസ്ത്രീയമായ വീക്ഷണമാണ് അവതരിപ്പിച്ചത്. അതില്‍ വിശ്വാസിയായ ഒരു മനുഷ്യനും വേദന തോന്നാന്‍ ഇടയില്ല, അതിന്റെ ആവശ്യവുമില്ല. വിശ്വാസവും വിശ്വാസത്തെ മറയാക്കിയുള്ള മുതലെടുപ്പുകളും നന്നായി അറിയുന്നവരാണ് മലയാളികള്‍. സഖാവ് ഷംസീറിനെതിരെ യുവമോര്‍ച്ചക്കാര്‍ ‘ജോസഫ് മാഷിന്റെ അനുഭവം വരാതിരിക്കില്ല’ എന്ന നിലയിലുള്ള ഭീഷണിയാണ് നടത്തിയത്. പ്രതികാരം തീര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികളോടാണ് യുവമോര്‍ച്ചക്കാര്‍ സ്വയം ഉപമിക്കുന്നത്. അതേതായാലും ആ യുവമോര്‍ച്ചക്കാര്‍ക്ക് മനസിലാകുന്ന മറുപടിയാണ് ഞാന്‍ പറഞ്ഞതും.

സംഘപരിവാറുകാരുടെ അശാസ്ത്രീയ വിഡ്ഢിത്തങ്ങളും വിധ്വംസകമായ ആശയങ്ങളും ഇനിയും തുറന്നെതിര്‍ക്കും. ആ കാരണത്താല്‍ സഖാവ് ഷംസീറിനെയെന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആര്‍എസ്എസ് കരുതേണ്ട. പിന്നെ എന്നെ കാണാന്‍ ആര്‍ക്കും എത്ര വട്ടം വേണെങ്കിലും ഇവിടേക്ക് വരാവുന്നതാണ്. ഓണത്തിനോ, പെരുന്നാളിനോ, ക്രിസ്തുമസിനോ എപ്പോള്‍ വന്നാലും സന്തോഷം തന്നെ. അനീതിക്കും അക്രമത്തിനുമെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ചുവന്ന കണ്ണൂരിലേക്ക് സ്വാഗതം.

ഇതാണ് പി. ജയരാജന്റെ നിലപാട്. ചുവന്ന കണ്ണൂരിലേക്ക് സ്വാഗതം എന്ന് പറയുമ്പോള്‍ ഓര്‍ക്കണം, രാഷ്ട്രീയ കൊലപാതകങ്ങള്‍ കൊണ്ട് ചുവന്ന മണ്ണാണെന്ന്. മാത്രമല്ല, ഇടതുപക്ഷ പാര്‍ട്ടിയുടെ കോട്ടയെന്ന അര്‍ത്ഥവും ഇതിനുണ്ട്. എന്തു തന്നെയായാലും കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് ഏകദേശം 65 വര്‍ഷത്തിലേറെ ചരിത്രമുണ്ട്. മൊയ്യാരത്ത് ശങ്കരനില്‍ തുടങ്ങി വാരപ്പുഴയില്‍ സയ്യിദ് മുഹമ്മദ് സലാഹുദ്ദീന്‍ വരെ ഏകദേശം 134 പേര്‍ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകളായിട്ടുണ്ട്. ഗൂഗിളില്‍ രാഷ്ട്രീയ രക്തസാക്ഷികളുടെ എണ്ണം-പേര്-കൊല്ലപ്പെട്ട തീയതി-രാഷ്ട്രീയ പാര്‍ട്ടി-കൊലചെയ്യാനിടയായ സാഹചര്യം-പ്രതിസ്ഥാനത്തുള്ള രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ ചാര്‍ട്ട് വരെ തയ്യാറാക്കിയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ടു കൊല്ലമായി കണ്ണൂര്‍ ശാന്തമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് ആശ്വാസം. എന്നാല്‍, രാഷ്ട്രീയപ്പക ഉള്ളില്‍ കത്തി നില്‍ക്കുന്നവര്‍ തന്നെയാണ് അവിടുള്ള പാര്‍ട്ടീ പ്രവര്‍ത്തകര്‍. അവസരം കിട്ടുമ്പോള്‍ ആഞ്ഞു വെട്ടാന്‍ കാത്തിരിക്കുന്നവര്‍. അവര്‍ക്കു വേണ്ടിയുള്ള സോഷ്യല്‍ മീഡിയ യുദ്ധത്തിനാണ് നേതാക്കള്‍ കളം മുറുക്കുന്നത്. സര്‍ക്കാരും-നിയമസംവിധാനങ്ങളും മുളയിലേ ഈ പ്രവണതയെ ചെറുത്തില്ലെങ്കില്‍ വലി ആപത്തിലേക്ക് നീങ്ങുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published.

k-surendrank-bindhu-highr-education-aligation Previous post ഉന്നത വിദ്യാഭ്യാസമേഖല ആർ.ബിന്ദു എകെജി സെന്ററാക്കി മാറ്റി: കെ.സുരേന്ദ്രൻ
death-case-wife-thretting-police-arrested Next post വാർത്തകളൊന്നും അറിഞ്ഞിരുന്നില്ല; നാടുവിട്ടത് ഭാര്യയെ പേടിച്ചെന്ന് നൗഷാദ്