k-vidya-higher-education-arsho-nikhil-sfi

കേരളം നാണംകെടുന്നു: ‘ഉന്നത’രുടെ ‘വിദ്യാഭ്യാസ’ രാഷ്ട്രീയത്തില്‍

രാഷ്ട്രീയവും വിദ്യാഭ്യാസവും കൂട്ടിക്കലര്‍ത്തിയവര്‍ സമൂഹത്തിന് ബാധ്യതയാകും

എ.എസ്. അജയ്‌ദേവ്

ഉന്നത വിദ്യാഭ്യാസ മേഖലയില്‍, നടക്കുന്ന അനാരോഗ്യകരമായ പ്രവണതകള്‍ വരും തലമുറയെ വഴിതെറ്റിക്കാന്‍ വെടിമരുന്നു നിറയ്ക്കുന്ന ഒന്നാണ്. സമൂഹത്തിന്റെ നേരായ വളര്‍ച്ചയെ നിയന്ത്രിക്കേണ്ട ‘തല’മുറയെ കളിമണ്ണിന്റെ പ്രതിരൂപങ്ങളാക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഏത് തട്ടിലാണ് നടക്കുന്നതെന്ന് മനസ്സിലാക്കി പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. അത്, ഈ ലോകത്തിന്റെ നിലനില്‍പ്പിനു തന്നെ അത്യാവശ്യമാണ്. അല്ലെങ്കില്‍ വരാനിരിക്കുന്ന വിപത്ത് അണുവായുധങ്ങളേക്കാള്‍ ഭീകരമായിരിക്കും. വ്യാജ എം.ബി.ബി.എസ് ബിരുദം നേടുന്ന ഒരാള്‍ രോഗിയെ ഓപ്പറേഷന്‍ ചെയ്താല്‍ എങ്ങനെയിരിക്കും. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റു കൊണ്ട് കോളേജുകളില്‍ പഠിപ്പിക്കാന്‍ കയറുന്നവര്‍ കുട്ടികള്‍ എന്താണ് പഠിപ്പിച്ചു കൊടുക്കുക.

ഈ വിപത്തിനെയാണ് ഭയക്കേണ്ടത്. രാഷ്ട്രീയ ന്യായീകരണത്തിന് ഇത്തരം കള്ള നാണയങ്ങളെ താത്ക്കാലികമായി സംരക്ഷിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഒരു തുള്ളി വിഷം മതിയാകും ഒരു ബക്കറ്റ് വെള്ളം മുഴുവന്‍ വിഷമയമാക്കാന്‍. നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല അസംഖ്യം പ്രഗത്ഭരെ സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം അപമാനമാകുന്ന തരത്തിലാണ് ഇപ്പോള്‍ യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്ന പ്രവൃത്തികള്‍. ഏതു വിധേനയും ഉന്നത വിദ്യാഭ്യാസത്തിന്റെ തണലിലേക്ക് ചേക്കേറാനും, സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിക്കാനും, അതുമായി കേരളത്തിലെ യൂണിവേഴ്‌സിറ്റികളെ സമീപിച്ച് ജോലി നേടാനും കഴിയുന്ന തരത്തിലേക്ക് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല താഴ്ന്നു പോയിരിക്കുന്നു. ഇത് ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ മാത്രം കുറ്റമല്ല. കേരള സംസ്ഥാനം രൂപീകൃതമായതു മുതലുള്ള സര്‍ക്കാരുകളുടെ ഇടപെടലുകള്‍ കൊണ്ടുണ്ടായതാണെന്നേ പറയാനാകൂ. കാരണം, അന്നുതൊട്ടിന്നു വരെ ഉന്നത വിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ കൃത്യമായി നടത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നു വ്യക്തം.

പഴുതുകള്‍ അവശേഷിപ്പിച്ച്, കാലത്തിനൊത്ത മാറ്റം സൃഷ്ടിക്കാന്‍ കഴിയാതെ പോയ ഒരു രംഗം കൂടിയായി മാറി ഉന്നത വിദ്യാഭ്യാസ രംഗം. യൂണിവേഴ്‌സിറ്റികളില്‍ പോലും അമിത രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നു. വൈസ് ചാന്‍സിലര്‍ പദവിക്ക് രാഷ്ട്രീയ മുഖം നല്‍കി. ചാന്‍സിലറെ ചോദ്യം ചെയ്യുന്ന ഭരണ കൂടങ്ങള്‍ വന്നു. പരീക്ഷാ ചോദ്യ പേപ്പറും, ഉത്തരക്കടലാസുകളും ചോരുന്നു. എഴുതാത്ത പരീക്ഷ ജയിപ്പിച്ചു വിടുന്നു. ഡിഗ്രി പാസാകാതെ എം.എയ്്ക്കും എം.എസ്.സിക്കും അഡ്മിഷന്‍ നല്‍കുന്നു. മാര്‍ക്ക് ലിസ്റ്റുകള്‍ കാണാതാകുന്നു. ഇങ്ങനെയാണ് നിലവിലുള്ള യൂണിവേഴ്‌സിറ്റികളുടെയും കോളേജുകളുടേയും അവസ്ഥ.

എന്നാല്‍, ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് സര്‍ക്കാരിന്റെ കാഴ്ചപ്പാട്, എന്താണെന്ന് മനസ്സിലാക്കുമ്പോള്‍ ഉണ്ടാകാന്‍സാധ്യതയുള്ള ചിന്തകള്‍ സ്വാഭാവികം മാത്രം. ഒരു വിജ്ഞാന സമൂഹമായി സംസ്ഥാനത്തെ വികസിപ്പിക്കുന്നതിന് ഉന്നതവിദ്യാഭ്യാസ മേഖലയുടെ പുരോഗതി പ്രഥമ ആവശ്യകതയാണ് എന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. നവകേരളത്തിന്റെ അടിത്തറയാകാനിരിക്കുന്ന ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ കടമകളാണ് കേരളത്തിനു മുന്നിലുള്ളത്. ഉന്നതവിദ്യാഭ്യാസത്തില്‍ മൊത്തം പ്രവേശന അനുപാതം 38 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉയര്‍ത്തുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിന്റേത്. സര്‍ക്കാര്‍ നിലപാടനുസരിച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസം നല്‍കി സമൂഹത്തിലേക്ക് വിടുകയെന്നതാണ്. അതായത് 37 ശതമാനം വര്‍ദ്ധന വരുത്തണമെന്നാണ് ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഉയര്‍ച്ചയും വിപുലീകരണവും അതുവഴി സമൂഹത്തിലേക്കെത്തുന്ന വ്യക്തികളുടെ വര്‍ധനയാണ് 37 ശതമാനമെങ്കില്‍ അതില്‍ വ്യാജന്‍മാരെ സൃഷ്ടിക്കുന്നതിന്റെ പങ്കാണ് വെളിവാകുന്നത്.

വിദ്യയും, നിഖിലും, ആര്‍ഷോയുമെല്ലാം സര്‍ക്കാരിന്റെ പുതിയ വര്‍ധന ശതമാനത്തില്‍പ്പെടുമെന്ന് ഉറപ്പാണ്. രാഷ്ട്രീയം വിദ്യാഭ്യാസത്തെ ഭരിക്കുന്ന കാഴ്ചയാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ഇപ്പോഴത്തെ ഗതികേട്. പഠിപ്പിക്കുന്നവര്‍ക്കും, പഠിക്കുന്നവര്‍ക്കും രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം അവര്‍ ജോലിയിലും പ്രകടമാക്കിത്തുടങ്ങി. സ്വന്തം പാര്‍ട്ടിയെയും പാര്‍ട്ടിക്കാരനെയും ഉന്നത വിദ്യാഭ്യാസത്തില്‍ എങ്ങനെയെങ്കിലും സംരക്ഷിക്കാന്‍ രാഷ്ട്രീയ മനസ്സോടെ ഇടപെടും. അങ്ങനെ, വിദ്യാഭ്യാസത്തിനെത്തുന്നവര്‍ ഉന്നതരായി മാറും. ഇത്, എന്നെങ്കിലും പിടിക്കപ്പെടുന്നതു വരെ ഉന്നതര്‍ വിദ്യ-അഭ്യാസമാക്കി രാഷ്ട്രീയത്തില്‍ വിലസും.

പരീക്ഷകളും, പഠനങ്ങളും പ്രഹസനങ്ങളാക്കുന്നവര്‍ അറിയേണ്ടൊരു കാര്യമുണ്ട്. അത് ഇതാണ്, കേരളത്തിലെ ആധുനിക ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉത്ഭവം 19-ാം നൂറ്റാണ്ടിലാണ്. കൊളോണിയല്‍ ഭരണാധികാരികളും തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഭരണാധികാരികളും ഈ പ്രക്രിയയില്‍ ഗണ്യമായ പങ്ക് വഹിച്ചു. സംസ്ഥാന രൂപീകരണത്തിന് ശേഷം, സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ സ്ഥാപിക്കുകയും ഉന്നതവിദ്യാഭ്യാസ സമ്പ്രദായം നിരവധി പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തിട്ടുണ്ട്. പ്രൊഫഷണല്‍, സാങ്കേതിക വിദ്യാഭ്യാസ വിഭാഗത്തിലെ സ്ഥാപനങ്ങളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനയുണ്ടായി. ഉന്നതവിദ്യാഭ്യാസ മേഖല ഉയര്‍ന്നുവരുന്ന കാലഘട്ടത്തിന്റെ ആവശ്യകതകളോട് പ്രതികരിച്ചു കൊണ്ട്, പാഠ്യപദ്ധതിയില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തി.

സംസ്ഥാനത്തെ പൊതു-സ്വകാര്യ-സഹകരണ മേഖലകളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഇത് ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനം വര്‍ദ്ധിപ്പിച്ചു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഒരു പ്രധാന വികസനം സംസ്ഥാനത്ത് നിരവധി സ്വാശ്രയ സ്ഥാപനങ്ങള്‍ സ്ഥാപിക്കപ്പെട്ടതാണ്. 1990കളില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നത് വരെ സര്‍ക്കാരായിരുന്നു പിന്തുണയുടെ പ്രധാന ഉറവിടം. ഗ്രാന്റുകളുടെയും അധ്യാപകരുടെ ശമ്പളത്തിന്റെയും രൂപത്തില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണയാണ് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചത്.

കേരളത്തില്‍ 14 സംസ്ഥാന സര്‍വകലാശാലകളുണ്ട്. ഇവയില്‍, കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂര്‍ എന്നീ നാല് സര്‍വകലാശാലകള്‍ പൊതുവായ സ്വഭാവമുള്ളതും വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നതുമാണ്. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല, കേരള ആരോഗ്യ സര്‍വകലാശാല, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, കേരള സാങ്കേതിക സര്‍വകലാശാല എന്നിവ നിര്‍ദ്ദിഷ്ട വിഷയ മേഖലകളില്‍ പ്രത്യേക കോഴ്‌സുകള്‍ നടത്തുന്നു. 2020ല്‍ കൊല്ലം ആസ്ഥാനമായി സ്ഥാപിതമായ കേരളത്തിലെ ഏക ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയായ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും 2020ല്‍ സ്ഥാപിതമായ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും പുതുതായി സ്ഥാപിതമായ സര്‍വ്വകലാശാലകളാണ്. ഡിജിറ്റല്‍ സര്‍വ്വകലാശാല രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തേതാണ്, കൂടാതെ അത്യാധുനിക വിജ്ഞാന മണ്ഡലങ്ങളില്‍ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ചുമതലകൂടി ഇതിനുണ്ട്. ഇവ കൂടാതെ, 2005-ല്‍ സ്ഥാപിതമായ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസും (നുവാല്‍സ്), കാസര്‍ഗോഡ് ജില്ലയില്‍ ആരംഭിച്ച കേന്ദ്ര സര്‍വകലാശാലയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നെല്ലാം പഠിച്ചിറങ്ങി വരുന്നവര്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നുവെന്നത് കേരളത്തിന് മാനക്കേടു തന്നെയാണ്. അഥ് മാറുകതന്നെ വേണം.

Leave a Reply

Your email address will not be published.

moovie-tamil-manju-warrier-misterx Previous post മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രം പ്രഖ്യാപിച്ചു; ആര്യയും ​ഗൗതം കാർത്തിക്കും നായകന്മാർ
fake-news-dyfi-cpm-sfi-social-media Next post സാമൂഹ്യമാധ്യമങ്ങളിൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ മാനദണ്ഡം കൊണ്ടുവരണം: ഡിവൈഎഫ്ഐ