
സ്വന്തമായി കല്‍ക്കരി ബസും, വീവിംഗ് മില്ലും ഉള്ള കുടുംബം
കെ. സുധാകരന്‍ ചെറിയ പുള്ളിയല്ല, സമ്പത്തുള്ള കുടുംബക്കാരന്‍, രാഷ്ട്രീയം കളിച്ച് പണമുണ്ടാക്കേണ്ടതില്ല
സൈബറിടങ്ങളില്‍ സുധാകരന്റെ കുടുംബ മഹിമ പ്രചരിപ്പിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍
എ.എസ്. അജയ്‌ദേവ്
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ചോര ആഗ്രഹിക്കുന്ന ഇടതു കഴുകന്‍മാര്‍ക്ക് തങ്ങളുടെ നേതാവിനെ കൊത്തിവലിക്കാന്‍ ഇട്ടു കൊടുക്കില്ലെന്നുറപ്പിച്ച് കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന സുധാകരന് കുടുംബ പരമായി സ്വത്തുണ്ടെന്നും, രാഷ്ട്രീയം വിറ്റ് കാശുണ്ടാക്കേണ്ട ഗതികേടില്ലെന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ശക്തമായി വാദിക്കുന്നു. കോടികള്‍ വിലയുള്ള സുധാകരന്റെ വീടും ഭാര്യയുടെ സ്വത്തുമൊക്കെ വാര്‍ത്തയാക്കുന്നതിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞാണ് സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള സംരക്ഷണ കവചം കോണ്‍ഗ്രസ്സ് തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം സുധാകരന്റെ കുടുംബവും പശ്ചാത്തലവും വിവരിക്കുന്ന സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള പ്രാചാരണത്തില്‍ കഴമ്പുണ്ടോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കണ്ണൂരിലെ മണ്ണിന്റെ രാഷ്ട്രീയവും, തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയവും കടന്ന് കേരള രാഷ്ട്രീയത്തില്‍ വിലസുന്ന രണ്ട് സിംഹങ്ങളാണ് പിണറായി വിജയനും കെ. സുധാകരനും. ഒരാള്‍ മുഖ്യമന്ത്രിയും മറ്റൊരാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലവന്‍. രണ്ടുപേരും ബ്രിണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്നു കണ്ണൂര്‍ രാഷ്ട്രീയത്തിലൂടെ കയറിവന്ന് കേരള രാഷ്ട്രീയത്തില്‍ ഇരിപ്പിടം പിടിച്ചവര്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലം തൊട്ടേ ഇരുവരും ബദ്ധ വൈരികളായിരുന്നു.

തല്ലിയും, തലോടിയും, തകര്‍ത്തും മുന്നേറിയവര്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലുണ്ടായിരുന്നപ്പോള്‍ പരസ്പരം മുട്ടിയ കഥകള്‍ ഇന്നും ഇരുവരും മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറയാറുണ്ട്. ഇരുവര്‍ക്കും അക്കാര്യത്തില്‍ ഇരട്ടച്ചങ്കാണുള്ളത്. അന്നു തുടങ്ങിയ രാഷ്ട്രീയ വൈരം ഇന്നും പല കാര്യങ്ങളിലും പ്രകടമാകുന്നതിന്റെ ഭാഗമാണ് സുധാകരനെ പൂട്ടാന്‍ നടത്തുന്ന വിജിലന്‍സ് റെയ്ഡും കോസുകളും. കൂടാതെ, നട്ടെല്ലുള്ളവന്‍ നേതൃസ്ഥാനത്തിരുന്നാല്‍ അത് മറ്റുള്ളവര്‍ക്കു നല്‍കുന്ന ആത്മ വിശ്വാസവും ധൈര്യവും ചെറുതല്ല. അത്തരമൊരു ധൈര്യവും ആത്മവിശ്വാസവും സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായപ്പോള്‍ കോണ്‍ഗ്രസ്സിനുണ്ടായി. ഇത് മനസ്സിലാക്കിയ ഇടതുപക്ഷം സുധാകരനെ തളച്ചാല്‍ കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ കഴിയുമെന്ന കണക്കു കൂട്ടലും നടത്തുന്നുണ്ട്. സുധാകരനെ തൊട്ടാല്‍ മറ്റൊരു കോണ്‍ഗ്രസ്സ് നേതാക്കളും സി.പി.എമ്മിനു മുന്നില്‍ വരില്ലെന്നുറപ്പാണ്.

മാത്രമല്ല, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെ സംരക്ഷിക്കാന്‍ കണ്ണൂരില്‍ പടപട്ടാളം പോലെ നേതാക്കള്‍ നിരന്നു നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ്സ് ബദല്‍ തീര്‍ത്തിരുന്നത് കെ. സുധാകരനെന്ന ഒറ്റയാനെ മാത്രം മുന്നില്‍ നിര്‍ത്തിയാണ്. അടിക്കടിയും, രാഷ്ട്രീയം പറയുന്നവരോട് തിരിച്ചു രാഷ്ട്രീയം പറഞ്ഞുമാണ് സുധാകരന്‍ കണ്ണൂരില്‍ നെടുംതൂണായി നിലകൊണ്ടത്. നിരവധി തവണ സുധാകരനെ തകര്‍ക്കാനും തീര്‍ക്കാനും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ആക്രമണങ്ങള്‍ക്ക് പ്രതിരോധവും പ്രത്യാക്രമണം നടത്തിയുമാണ് സുധാകരന്‍ പേരെടുത്തത്. കണ്ണൂര്‍ രാഷ്ട്രീയത്തിലെ കുടിപ്പക സി.പി.എം നേതാക്കള്‍ക്കും, കെ. സുധാകരനും എന്നുമുണ്ടായിരുന്നു. അതിപ്പോഴും തുടരുന്നു. അതിന്റെ ഭാഗമായാണ് സുധാകരനെ ടാര്‍ഗറ്റ് ചെയ്തു കൊണ്ടുള്ള സി.പി.എമ്മിന്റെ ആരോപണവും അന്വേഷണവും. പക്ഷെ, സുധാകരന്‍ പരമ്പരാഗതമായി പണവും പ്രശസ്തിയുമുള്ള കുടുംബക്കാരനായതിനാല്‍ ഇപ്പോള്‍ നടത്തുന്ന അന്വേഷണങ്ങളെല്ലാം വൃഥാവിലാകുമെന്നുറപ്പ്.

കാരണം, കമല വീവിംഗ് മില്‍ എന്നുകേട്ടിട്ടുണ്ടോ. കമല ഇന്റര്‍ നാഷണല്‍ അല്ല-കമല വീവിംഗ് മില്‍. കെ. സുധാകരന്റെ ചരിത്രവും ഭൂതകാലവും തോണ്ടി കോടികളുടെ സ്വത്ത് സമ്പാദിച്ചുവെന്ന് തെളിയിക്കാന്‍ കാരണഭൂതന്റെ ഭക്തജന സംഘം ഇറങ്ങിയത് കൊണ്ട് ഒരു കഥ പറയേണ്ടി വരികയാണ്. ഈ കഥ കേള്‍ക്കുന്നവര്‍ക്ക് ശരിയും തെറ്റും വേര്‍തിരിച്ചറിയാന്‍ അവസരമുണ്ട്. അതിനെ കുറിച്ച് പരിശോധിക്കുകയോ പഠിക്കുകയോ ചെയ്യാം. അറിവു നേടുകയെന്നതിനപ്പുറം രാഷ്ട്രീയ പ്രവേശന സ്വപ്‌നമൊന്നും കാണേണ്ടതില്ല. കഥയിലേക്കു കടക്കാം. 1942ല്‍ അതായത്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് അഞ്ചുവര്‍ഷം മുമ്പ്. കോഴിക്കോട് കൊയിലാണ്ടി റൂട്ടില്‍ സ്വന്തമായി കല്‍ക്കരി ബസ് ഉണ്ടായിരുന്ന ഒരാളുണ്ടായിരുന്നു. കെ.പി.സി.സി. അധ്യക്ഷനായ കെ. സുധാകരന്റെ പിതാവ്. അക്കാലത്ത് വിദേശത്തോട്ട് അടക്കം വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന മില്ലുകളുടെ ഉടമയായിരുന്നു ആ സമ്പന്ന വ്യവസായി.

കെ സുധാകരന്റെ അമ്മയെ വിവാഹം കഴിക്കുമ്പോള്‍ അദ്ദേഹത്തെക്കാള്‍ ഏറെ വ്യാപാര ശൃംഖലയുണ്ടായിരുന്ന, വിദേശത്തോട്ട് വസ്ത്രങ്ങള്‍ കയറ്റുമതി ഉണ്ടായിരുന്ന മറ്റൊരു വ്യവസായി ആയിരുന്നു ആ അമ്മയുടെ കുടുംബം. മാത്രമല്ല ഏക്കര്‍ കണക്കിന് നെല്‍വയലുകള്‍, ഭൂപ്രദേശങ്ങള്‍ ഒക്കെ സ്വന്തമായി ഉണ്ടായിരുന്ന ഒരു വലിയ കുടുംബം. അങ്ങനെ രണ്ട് സമ്പന്ന കുടുംബങ്ങള്‍ ഒന്നുചേര്‍ന്നതിന് ശേഷമാണ് കെ സുധാകരന്റെ യുഗം ആരംഭിക്കുന്നത് തന്നെ. കെ സുധാകരന്റെ മൂത്ത സഹോദരിയുടെ പേരായിരുന്നു കമല. ആ കമലയുടെ പേരിലായിരുന്നു കമല വിംവിഗ് മില്‍സ്. കെ. സുധാകരന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിച്ചു നടക്കുന്നവര്‍ക്ക് ഏറെക്കുറെ കാര്യങ്ങള്‍ പിടികിട്ടി കാണും.

കെ. സുധാകരന്‍ ബ്രണ്ണന്‍ കോളേജില്‍ പഠിക്കാന്‍ പോകുന്ന കാലഘട്ടത്തില്‍ ആള്‍ബലം കൊണ്ടും ആയുധങ്ങള്‍ കൊണ്ടും അദ്ദേഹത്തെ വീഴ്ത്താന്‍ വിജയനും വിജയന്റെ ക്രിമിനല്‍ സംഘത്തിനും കഴിയാതെ പോയതിന് പിന്നില്‍ ഈ സമ്പത്ത് ഒരു പ്രധാന ഘടകമായിരുന്നു. ബ്രണ്ണന്‍ കോളേജില്‍ നിന്ന് ഓടി പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരുടെ പിന്നില്‍ ഒളിച്ച വിജയനെ തേടി ഒറ്റയ്ക്ക് അങ്ങാടിയില്‍ വന്ന കെ സുധാകരനെ കണ്ണൂരിലെ പഴമക്കാര്‍ മറന്നിട്ടില്ലെന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പോസ്റ്റുകളില്‍ പറയുന്നു. വെളുത്ത അംബാസഡര്‍ കാറില്‍ വന്നിറങ്ങി ഒറ്റയ്ക്ക് നെഞ്ചും വിരിച്ച് നിന്ന് ഇറങ്ങി വാടാ വിജയാ എന്ന് പാര്‍ട്ടി ഓഫീസിലേക്ക് നോക്കി വിളിക്കുമ്പോള്‍ പാര്‍ട്ടി ഗുണ്ടകളുടെ പിന്നില്‍ കിലുകിലാ വിറച്ച നരുന്തു പയ്യനെയും കണ്ണൂരിലെ പഴമക്കാര്‍ മറന്നിട്ടില്ല.

പറഞ്ഞുവന്നത് ഇതാണ്, കെ സുധാകരന്റെ ആസ്തി വകകള്‍ അളന്നു തൂക്കി വിറ്റാല്‍ മതിയായിരുന്നു കൊന്നും കൊലവിളിച്ചും അഴിമതി നടത്തിയും ഇടതു നേതാക്കള്‍ ഇന്നുണ്ടാക്കിയ കോടികളുടെ 10 ഇരട്ടി പണം ഉണ്ടാക്കാന്‍. കെ സുധാകരന്‍ രാഷ്ട്രീയം കളിച്ചു സ്വത്ത് നഷ്ടപ്പെടുത്തിയിട്ടേയുള്ളൂ. അല്ലാതെ കുടിലില്‍ നിന്നും കയറിവന്ന് കള്ളന്റെയും കൊള്ളക്കാരന്റെയും ചെരുപ്പ് നക്കി കോടീശ്വരന്‍ ആയിട്ടില്ല. കണ്ണൂര്‍ ജില്ലയിലെ എടക്കാട് ഗ്രാമപഞ്ചായത്തില്‍ നടാല്‍ എന്ന ഗ്രാമത്തില്‍ രാമുണ്ണിയുടേയും മാധവിയുടേയും മകനായിട്ട് 1948 മെയ് 11നാണ് സുധാകരന്റെ ജനനം.

അതേസമയം, കെ സുധാകരന്റെ വീടിന് 12 വര്‍ഷത്തിനുളളില്‍ അഞ്ചിരട്ടി വലുപ്പംകൂടിയെന്നാണ് ഇടതുപക്ഷ സൈബറിടങ്ങളുടെ സാക്ഷ്യപ്പെടുത്തലുകള്‍. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത് 2,440 ചതുരശ്രയടിയുള്ള വീട് നിര്‍മാണഘട്ടത്തിലെന്നാണ്. 30 ലക്ഷം രൂപ തുക കണക്കാക്കിയ വീടിന് പതിനഞ്ചു ലക്ഷം ചെലവായെന്നും ബോധിപ്പിച്ചിരുന്നു. 2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ എടക്കാട് അംശം കിഴുന്ന ദേശത്ത് 54/3ല്‍ 45 സെന്റ് സ്ഥലവും ആറര ലക്ഷം വിലമതിക്കുന്ന ചെറിയ വീടും ഉണ്ടെന്നായിരുന്നു സത്യവാങ്മൂലത്തില്‍ പറയുന്നത്. 2009ല്‍ ഇത് 2,440 ചതുരശ്ര അടിയുള്ള വീടായി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും വീടിന്റെ വിസ്തൃതി 7,405 ചതുരശ്രയടിയായി. ഇതേ വീടിന് 2021 ജൂലൈ 11ന് കണ്ണൂര്‍ കോര്‍പറേഷനില്‍ കെട്ടിടനമ്പറിനുള്ള അപേക്ഷ നല്‍കിയപ്പോള്‍ വലുപ്പം 12,647 ചതുരശ്രയടിയായി.

മുന്‍കൂര്‍ അനുമതി വാങ്ങാതെയുള്ള അനധികൃത നിര്‍മാണമായതിനാല്‍ പെര്‍മിറ്റ് ഫീസിന്റെ മൂന്നിരട്ടി അടച്ചാണ് ക്രമവല്‍ക്കരിക്കാന്‍ അപേക്ഷിച്ചത്. ഈ അപേക്ഷയില്‍ വീടുമാത്രം 12,249 ചതുരശ്രയടിയുണ്ട്. രണ്ട് ഔട്ട് ഹൗസുകളും ചേര്‍ത്താണ് 12,647 അടിയായത്. 1998ല്‍ കോടതിയില്‍ പാപ്പര്‍ഹര്‍ജി നല്‍കിയ സുധാകരന്റെ സാമ്പത്തിക വളര്‍ച്ചയും വീടിന്റെ വളര്‍ച്ചയും പൊരുത്തപ്പെടുന്നില്ല. തലശേരി കോടതിയില്‍ നല്‍കിയ പാപ്പര്‍ ഹര്‍ജിയില്‍ സമ്പാദ്യമായി കാണിച്ചത് 2,58,800 രൂപ മാത്രമാണ്. ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ 1997 ഒക്ടോബര്‍ 22ന് അര്‍ധരാത്രി പൊലീസ് അറസ്റ്റുചെയ്ത് അന്യായ കസ്റ്റഡിയില്‍വച്ചതായും അരക്കോടിരൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് തലശേരി സബ്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. കോര്‍ട്ട് ഫീയായി 3,43,300 രൂപ അടയ്ക്കണമായിരുന്നു. ഇത് ഒഴിവാക്കാനാണ് പാപ്പരായി പരിഗണിക്കണമെന്നും കോര്‍ട്ട് ഫീ അടയ്ക്കാന്‍ നിര്‍വാഹമില്ലെന്നും കാണിച്ച് അപേക്ഷിച്ചത്. ഇങ്ങനെ നീളുന്ന സുധാകരന്റെ ആസ്തി വിവരക്കണക്കുകളില്‍ കോണ്‍ഗ്രസ്സുകാര്‍ തട്ടി നില്‍ക്കില്ലെന്നുറപ്പിക്കാം. കാരണം, സ്വന്തം നേതാവിന്റെ കുടുംബ ആസ്തിയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കില്‍ പിന്നെ പ്രത്യാക്രമണം മാത്രമേ നടത്താനുള്ളൂവെന്നാണ് കോണ്‍ഗ്രസ്സ് സൈബറിടങ്ങളുടെ മറുപടി