k-s-radhakrishnan.-bjp-minister-r.bindhu

മന്ത്രി ഡോ. ബിന്ദു രാജി വെയ്ക്കണം; നസ്രത്തിൽ നിന്നും നീതി പ്രതീക്ഷിക്കാത്തതു പോലെ ഇടതുപക്ഷ ഭരണത്തിൽ നിയമ വാഴ്ചയും ഉണ്ടാകില്ല

മന്ത്രി ഡോ. ബിന്ദു ഉടൻ രാജിവെക്കണം. കാരണം അവർ ഭരണഘടനാ ലംഘനം നടത്തിയിരിക്കുന്നു. പബ്ലിക് സർവീസ് കമ്മീഷന് ഭരണഘടന നൽകിയിരിക്കുന്ന അധികാരം മന്ത്രി തന്നിഷ്ടപ്രകാരം കവർന്നു എടുത്തിരിക്കുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടിക തയാറാക്കാൻ നിയമപ്രകാരം പി എസ് സിക്കാണ് അധികാരം. കെ എസ് ആൻഡ് എസ് എസ് ആർ ചട്ടം 28 പ്രകാരം രൂപീകരിക്കുന്ന വകുപ്പ് തല സ്ഥാനക്കയറ്റ സമിതിയാണ് (ഡി പി സി )സ്ഥാനക്കയറ്റത്തിന് അർഹരായവരുടെ പട്ടിക, യോഗ്യതയും സീനിയോറിട്ടിയും അനുസരിച്ചു, തയ്യാറേക്കേണ്ടത്. പി എസ് സി ചെയർമാൻ / അംഗം ചെയർമാനും വകുപ്പ് മേധാവി അംഗവും നിയമനാധികാരി കൺവീനറുമായ സമിതിയാണ് ഡി പി സി. വകുപ്പ് മേധാവി ചട്ടപ്രകാരം മെറിറ്റും സീനിയോറിറ്റിയും പരിഗണിച്ചു സ്ഥാനക്കയറ്റത്തിന് യോഗ്യരായവരുടെ പട്ടിക (സെലക്ട് ലിസ്റ്റ് ) തയ്യാറാക്കി പി എസ് സിക്ക് സമർപ്പിക്കണം. നിലവിലുള്ള ഒഴിവുകൾക്ക് അനുസരിച്ചു മാത്രമേ പട്ടികയിൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താൻ പാടുള്ളു. പട്ടിക പി എസ് സി സൂക്ഷ്മ പരിശോധന നടത്തും; അയോഗ്യരെ ഒഴിവാക്കുകയും യോഗ്യരെ ക്രമപ്പെടുത്തി റാങ്ക് പട്ടിക ഉണ്ടാക്കുകയും ചെയ്യും . ഈ പട്ടികയിൽ നിന്ന് മാത്രമേ സ്ഥാനക്കയറ്റ നിയമനം നടത്താൻ സർക്കാരിന് നിയമ പ്രകാരം അധികാരം ഉള്ളൂ.
ഈ പട്ടികയിൽ മാറ്റം വരുത്താൻ ഡി പി സിക്കു മാത്രമാണ് അധികാരം. ഉദ്യോഗസ്ഥരെ ക്രമപ്പെടുത്തിയതിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാവുന്നതാണ്. പി എസ് സി അംഗം സുരേശൻ ചെയർമാനും വകുപ്പ് സെക്രട്ടറി ഡോ വേണു അംഗവുമായ സമിതിയാണ് സർക്കാർ കോളേജ് പ്രിൻസിപ്പൽമാരുടെ സ്ഥാനക്കയറ്റ പട്ടിക തയ്യാറാക്കിയത്. യു ജി സി ചട്ടം അനുസരിച്ചുള്ള യോഗ്യതയാണ് സമിതി പരിഗണിച്ചത്. ഈ പട്ടികയിൽ മന്ത്രിയുടെ ഇഷ്ടക്കാർക്കു ഇടം പിടിക്കാനായില്ല. കാരണം അവർ ചട്ടപ്രകാരം അയോഗ്യരായിരുന്നു. എന്നാൽ, മന്ത്രി ബിന്ദു സ്വന്തം നിലയിൽ ഡി പി സി നൽകിയ പട്ടികയിൽ അയോഗ്യരെ ഉൾപ്പെടുത്തി തിരിമറി നടത്തി. ഈ തിരിമറി പട്ടികയിൽ നിന്നും നിയമനം നടത്താൻ ഉത്തരവും നൽകി. ഇത് ഗുരുതരമായ നിയമ ലംഘനമാണ്. ഇത് ചെയ്ത മന്ത്രി ഒരു നിമിഷം ആസ്ഥാനത്തു തുടരാൻ അർഹയല്ല.
എല്ലാം ശരിയാക്കാം എന്ന വാഗ്ദാനം നൽകി പിണറായി അധികാരത്തിലെത്തിയതിനുശേഷം ഉന്നത വിദ്യാഭ്യാസ രംഗം തകർന്നു തരിപ്പണമായി എന്നതാണ് വസ്തുത. വിദ്യാർഥികൾ അന്യ സംസ്ഥാനങ്ങളിലേയ്ക്കും അന്യദേശങ്ങളിലേയ്ക്കും പലായനം ചെയ്യുന്നു. കോളേജുകളിലും സർവകലാശാലകളിലും ബിരുദ – ബിരുദാനന്തര സീറ്റുകൾ വിദ്യാർഥികളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു. ആറ് സർവകലാശാലകളിൽ വി സിമാരില്ല. 63 സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽമാരില്ല. വ്യാജ ഗവേഷണ പ്രബന്ധങ്ങൾക്കു പി എച്ച് ഡി ബിരുദം നൽകുന്നു. പാർട്ടി മേധാവികളുടെ ഭാര്യമാർക്ക് സർവകലാശാലകളിൽ ഉന്നത പദവികൾ പിൻവാതിലിലൂടെ നൽകുന്നു. വ്യാജരേഖകൾ ചമച്ചു പാർട്ടി – വിദ്യാർത്ഥി നേതാക്കൾക്ക് അദ്ധ്യാപക നിയമനം ശരിപ്പെടുത്തി കൊടുക്കുന്നു. ഇതുപോലെ ഒരു നിലവര തകർച്ച കേരള ചരിത്രത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടായിട്ടില്ല.
യു ജി സി ചട്ടങ്ങൾ പാലിച്ചു വി സി മാരെ നിയമിച്ചാൽ സ്വന്തക്കാർ എത്തില്ല. കാരണം അവർക്കു യോഗ്യതയില്ല. അതുകൊണ്ടു മുട്ട് ശാന്തിക്കാരായ വി സി മാരെ വച്ച് ഇഷ്ടാനുസരണം ഭരിക്കാനാണ് പാർട്ടി തീരുമാനം. യോഗ്യരായവർ പ്രിൻസിപ്പൽമാരാകാതിരുന്നാൽ സ്വന്തക്കാരായ താത്കാലികന്മാരെ വെച്ച് ഇഷ്ടാനുസരണം നിയമ ലംഘനം നടത്തുന്നതിന് വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത് എന്ന് കരുതാൻ ന്യായമുണ്ട്. നസ്രത്തിൽ നിന്നും നീതി പ്രതീക്ഷിക്കാത്തതു പോലെ ഇടതുപക്ഷ ഭരണത്തിൽ നിയമ വാഴ്ചയും ഉണ്ടാകില്ല. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Leave a Reply

Your email address will not be published.

cpm-leader-vysakhan-complaint-lady Previous post സിപിഎം നേതാവ് വൈശാഖന്‍റെ അവധി: ‘പാർട്ടി കോടതിയല്ല തീരുമാനിക്കേണ്ടത്
tamil-nadu-blasting-no-patients Next post തമിഴ്നാട് പടക്കക്കടയിൽ തീപിടിച്ച് 5 പേർ മരിച്ചു; കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു