
കർഷക പ്രശ്നങ്ങൾ ഉന്നയിച്ചു; പിറന്നാൾ ദിനത്തിൽ ജയസൂര്യയെ അധിക്ഷേപിച്ചും അനുകൂലിച്ചും നിരവധിപ്പേർ, സൈബർ ആക്രമണം
മന്ത്രിമാരെ വേദിയിലിരുത്തി കർഷകപ്രശ്നങ്ങൾ ഉന്നയിച്ച നടൻ ജയസൂര്യക്കെതിരേ ഇടത് അനുകൂലികളുടെ സൈബർ ആക്രമണം. ജയസൂര്യയുടെ പിറന്നാൾദിനമായിരുന്ന വ്യാഴാഴ്ച ആശംസകൾക്കൊപ്പം സൈബറിടങ്ങളിൽ നിരവധി അധിക്ഷേപങ്ങളും ഉയർന്നു. നടനെ ‘പേട്ട ജയൻ’ എന്നുവിളിച്ച് ഇടത് സഹയാത്രികനും സംവിധായകനുമായ എം.എ. നിഷാദ് ഫെയ്‌സ്ബുക്ക് കുറിപ്പെഴുതി.അതേസമയം ജോയ് മാത്യു, ഹരീഷ് പേരടി എന്നീ സിനിമാപ്രവർത്തകർ ജയസൂര്യയെ പിന്തുണച്ചും രംഗത്തെത്തി. ജയസൂര്യയെ ‘തിരുവോണസൂര്യൻ’ എന്നാണ് ജോയ് മാത്യു വിശേഷിപ്പിച്ചത്. ‘അധികാരികളുടെ പുറംചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടതെന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യൻ”- ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.കേരളത്തിലെത്തുന്ന പച്ചക്കറി വിഷംപുരട്ടിയതാണെന്ന ജയസൂര്യയുടെ പരാമർശത്തോട് വിയോജിപ്പ് അറിയിച്ചെങ്കിലും, ഹരീഷ് പേരടിയും നടന് ഐക്യദാർഢ്യം അറിയിച്ചു. ജയസൂര്യയുടെ ചിത്രം തീയുടെ ഇമോജിക്കൊപ്പം പങ്കുവെച്ച് സംവിധായകൻ ഒമർ ലുലുവും പിന്തുണ അറിയിച്ചു.ജയസൂര്യയുടെ പ്രസംഗത്തോടെ നെല്ലുസംഭരണവും, കർഷകർക്ക് കിട്ടാനുള്ള കുടിശ്ശികയും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും ചർച്ചയായി മാറി. വിഷയത്തിൽ തുടർപ്രതികരണങ്ങൾ നടത്തില്ലെന്നാണ് ജയസൂര്യയുടെ നിലപാട്. ‘‘ഞാൻ ചില കാര്യങ്ങൾ സർക്കാരിനെ ഓർമിപ്പിച്ചു. ഇനി പറയേണ്ടത് കർഷകരാണ്.’’ -ജയസൂര്യ പറഞ്ഞു.ജയസൂര്യയുടെ പ്രസംഗത്തിന് പിന്നിൽ നല്ല തിരക്കഥയുണ്ടെന്നും, എന്നാൽ റിലീസായ ദിവസംതന്നെ പടം പൊട്ടിപ്പോയെന്നുമുള്ള കൃഷിമന്ത്രിയുടെ പ്രതികരണത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. ‘‘കൃഷിമന്ത്രിയുടെ സിനിമയാണ് പൊട്ടിപ്പോയത്. എല്ലാവരും കൃഷിക്കാരാകുകയാണെന്നാണ് മന്ത്രി പറയുന്നത്. അദ്ദേഹം കൃഷിയിറക്കി. പക്ഷേ, കർഷകരാരും കൃഷിയിറക്കുന്നില്ല’’ -മുരളീധരൻ വ്യക്തമാക്കി.