
തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസ്; ബിജെപി നേതാവും നടിയുമായ ജയപ്രദയ്ക്ക് ആറുമാസം തടവുശിക്ഷ
നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ആറുമാസം തടവുശിക്ഷ വിധിച്ച് ചെന്നൈയിലെ എഗ്മോർ കോടതി. അയ്യായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ജയപ്രദയെ കൂടാതെ മറ്റ് രണ്ടു പേരെയും കോടതി ശിക്ഷിച്ചു. ചെന്നൈ അണ്ണാശാലയിൽ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയേറ്ററിലെ തൊഴിലാളികളുടെ ഇഎസ്‌ഐ വിഹിതം സർക്കാരിന്റെ ഇൻഷുറൻസ് കമ്പനിയിൽ അടിച്ചില്ലെന്നായിരുന്നു പരാതി.
ഇതിനെതിരെ ഇൻഷുറൻസ് കമ്പനിയാണ് പരാതി നൽകിയത്. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ ഉൾപ്പെടെയായി 280ലധികം സിനിമകളിൽ ജയപ്രദ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ദേശം പാർട്ടിയിലൂടെയാണ് നടി ജയപ്രദ രാഷ്ട്രീയത്തിലേയ്ക്ക് എത്തുന്നത്. പിന്നീട് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. ഉത്തർപ്രദേശിൽ നിന്ന് ലോക്‌സഭയിലേക്കും എത്തി. 2019ലാണ് ബിജെപിയിൽ ചേർന്നത്.
