
ജവാന്‍ റമ്മിന്റെ അരലിറ്ററും പ്രീമിയവും വരുന്നു, കുടിക്കാന്‍ റെഡിയായിക്കോ
എ.എസ്. അജയ്‌ദേവ്
സാധാരണക്കാരന്റെ മദ്യപാനശീലത്തെ മുതലെടുക്കാന്‍ തുറുപ്പുചീട്ടിറക്കി സര്‍ക്കാര്‍. കൂലിപ്പണിക്കാരന്റെ കുത്തിനു പിടിച്ച് മുഴുവന്‍ കാശും ബിവറേജസില്‍ എത്തിക്കാന്‍ ജവാന്റെ പ്രീമിയം, അര ലിറ്റര്‍ കുപ്പികള്‍ പുറത്തിറക്കിയാണ് സര്‍ക്കാരിന്റെ പുതിയ കളി. നേരത്തെ ഒരു ലിറ്റര്‍കുപ്പി മാത്രമാണ് ജവാന്‍ ഇറക്കിയിരുന്നത്. ഇതിന് 650 രൂപയാണ് വില. ജവാന്‍ പ്രീമിയത്തിന് കുറഞ്ഞത് 800-900 രൂപയാകും ഈടാക്കുക. ജവാന്‍ അരലീറ്ററിന് 300-325 രൂപയും ഈടാക്കുമെന്നാണ് സൂചന. എന്നാല്‍, കേരളത്തിലെ മദ്യപാനികളിലെ മദ്യവര്‍ഗത്തിന് എന്തുകൊണ്ടും സന്തോഷിക്കാന്‍ വകയുണ്ട്. എന്നാല്‍, പട്ടിയെ പേപ്പട്ടിയാക്കി അതിനെ തല്ലിക്കൊല്ലുന്നതു പോലെ കുടിയനെ മുഴുക്കുടിയനാക്കി മാറ്റി അവന്റെ കുടുംബത്തെ പട്ടിണിക്കിട്ടു കൊല്ലാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്.

പ്രകടന പത്രികയിലും, സര്‍ക്കാരിന്റെ നയത്തിലും പ്രധാനപ്പെട്ട ഒരു ആപ്ത വാക്യമാണ് മദ്യ വര്‍ജ്ജനം എന്നത്. ഇത് അക്ഷരംപ്രതി നടപ്പാക്കുന്ന ഒരു സര്‍ക്കാരിന്റെ ദീര്‍ഘ വീക്ഷണമാണ് ജവാന്‍ റമ്മിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനെടുത്ത തീരുമാനം.
മദ്യം കുടിക്കുന്നതിലും, മദ്യം വില്‍ക്കുന്നതിലും, മദ്യം ഉത്പ്പാദിപ്പിക്കുന്നതിലും സര്‍ക്കാരിനെ എന്തിനാണ് കുറ്റം പറയുന്നതെന്ന് ദോഷൈകദൃക്കുകള്‍ക്ക് തോന്നാം. എന്നാല്‍, കുറ്റമല്ല, ഒരു സത്യം പറഞ്ഞതാണെന്ന് വസ്തുതകള്‍ മനസ്സിലാക്കുമ്പോള്‍ കാണാനാകും. ജവാന്‍ എന്ന ബ്രാന്റ് ആരാണ് ഉപയോഗിക്കുന്നത്. സാധാരണക്കാരല്ലാതെ മറ്റാര്. കൂലിപ്പണി ചെയ്യുന്നവരുടെ ബ്രാന്റാണ് ജവാന്‍ റമ്മെന്ന് ആര്‍ക്കാണറിയാത്തത്. ജോലിചെയ്ത് കിട്ടുന്ന കാശില്‍ ഒരു പങ്ക് ബിവറേജില്‍ കൊടുക്കാന്‍ ആഗ്രഹിക്കുന്ന പാവപ്പെട്ടവരെ പ്രലോഭിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്തുകൊണ്ടാണ് വിസ്‌ക്കിയോ, ബ്രാണ്ടിയോ കൂടുതല്‍ ഉത്പ്പാദിപ്പിച്ച് കൂടുതല്‍ വിലയ്ക്ക് വിറ്റ് ഖജനാവ് നിറയ്ക്കുന്നില്ല.

വിസ്‌ക്കിയും ബ്രാണ്ടിയും കുടിക്കുന്നവരുടെ എണ്ണമാണ് സര്‍ക്കാരിന്റെ പ്രശ്‌നം. എന്നാല്‍, ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ എല്ലാ വൈകുന്നേരങ്ങളിലും നീണ്ട ക്യൂവില്‍ നിന്നു സാധാരണക്കാര്‍ വാങ്ങിക്കൊണ്ടു പോയി മൂക്കറ്റം കുടിച്ച് സര്‍ക്കാരിന് വരുമാനം കൂട്ടിക്കൊടുക്കുന്നത് ജവാന്‍ റമ്മാണ്. കൂടുതല്‍ ചിലവാകുന്ന ബ്രാന്റ് ജവാനാണെന്ന് കണ്ടാണ് സര്‍ക്കാര്‍ ഇതിന്റെ ഉത്പ്പാദനം വര്‍ദ്ധിപ്പിച്ചത്. ഉത്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയര്‍ത്തിയതോടെയാണ് അധികം ലിറ്ററുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്നത്. നിലവില്‍ ഉത്പാദിപ്പിക്കുന്നത് പ്രതിദിനം 8000 കെയ്‌സാണ്. അത് 12,000 ആയിട്ട് വര്‍ധിച്ചു. പ്രതിദിനം നാലായിരം കെയ്‌സ് അധികം ഉത്പ്പാദിപ്പിക്കുന്നുണ്ട്. മദ്യം നിര്‍മ്മിക്കാനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംഭരണം നിലവിലെ 20 ലക്ഷം ലിറ്ററില്‍ നിന്ന് 35 ലക്ഷം ലിറ്ററാക്കി ഉയര്‍ത്തുകയും ചെയ്യും.

ഇതിനുള്ള അനുമതി തേടി ജവാന്‍ റമ്മിന്റെ ഉത്പാദകരായ ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് സര്‍ക്കാരിനു കത്തു നല്‍കിയിരിക്കുകയാണ്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ പ്രതിദിനം 15,000 കേയ്‌സ് മദ്യം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മൂന്നു മാസത്തിനകം ജവാന്റെ അര ലീറ്ററും ജവാന്‍ പ്രീമിയവും പുറത്തിറക്കും. ഒരു ലിറ്റര്‍ കുപ്പിയാണ് ഇപ്പോള്‍ വിപണിയിലുള്ളത്. പുതുതായി ആരംഭിച്ച രണ്ടു ലൈനുകളിലേക്ക് ബ്ലന്‍ഡിങ് ലൈനുകള്‍ കൂട്ടിച്ചേര്‍ക്കുന്ന ജോലി ഉടന്‍ പൂര്‍ത്തിയാകും. അതേസമയം, നാട്ടിലെ മദ്യപാനികള്‍ക്കെല്ലാം സന്തോഷമുണ്ടാക്കുന്ന വാര്‍ത്തയാണിതെങ്കിലും കുടുംബങ്ങളില്‍ കണ്ണീര്‍മഴ പെയ്യുമെന്നുറപ്പ്. ലോട്ടറിയും മദ്യവും പാവപ്പെട്ടവനെ ഊറ്റിയെടുക്കാനുള്ള സര്‍ക്കാരിന്റെ രണ്ടു തന്ത്രങ്ങളാണ്. പാവപ്പെട്ടവന്റെ ആഗ്രഹങ്ങളുടെ മുകളില്‍ പണപ്പെട്ടി തുറന്നുവെച്ചിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

ഒരു ലിറ്റര്‍ വാങ്ങുന്നവന്, സൗകര്യാര്‍ത്ഥം അരലിറ്ററും, പ്രിമിയവും നിര്‍മ്മിച്ച് നല്‍കുമ്പോള്‍ മറു വശത്ത് മദ്യവര്‍ജ്ജനമെന്ന സാമാന്യ ബുദ്ധിക്കു നിരക്കാത്ത കാര്യം വിളിച്ചു പറയാതിരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയ നാടകങ്ങളുടെ ഡയലോഗുകള്‍ നിയമസഭയിലെ അകത്തളങ്ങളില്‍ ഛര്‍ദ്ദിച്ചു വെയ്ക്കുകയേ ചെയ്യാവൂ. പൊതു സ്ഥലങ്ങളില്‍ വന്നുനിന്ന് പറയുന്ന മന്ത്രിമാരുടെ ഉളുപ്പില്ലായ്മയെ ജനം പുച്ഛിക്കുമെന്നു മറന്നു പോകരുത്. മദ്യപാനവും മദ്യലഹരിയും വിനോദോപാധിയാക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു തീരുമാനമാണ് വിനോദ സമയങ്ങളില്‍ ഐടി പാര്‍ക്കുകളിലെ ജീവനക്കാര്‍ക്ക് മദ്യം വിതരണം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍. ബിയര്‍ പാര്‍ലറുകള്‍ ഐടി. ഹബ്ബുകളില്‍ തുടങ്ങുന്നത് ആധുനിക കാലത്തിന്റെ മാറ്റമായി കാണാനുള്ള ശ്രമമാണ് നടത്തുന്നത്. നിയമസഭാ സബ്ജക്ട് കമ്മിറ്റി ഈ പദ്ധതിക്ക് അുമതി കൊടുക്കുന്നതോടെ കേരളത്തിലെ ചെറുപ്പക്കാരായ ഐടി വിദഗ്ദ്ധരെയാകെ മദ്യപാനികളായാ മാറും.

ഈ വര്‍ഷം തന്നെ ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യാനാകുന്ന രീതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നതെന്ന് അധികൃതര്‍ പറയുന്നത്. ലൈസന്‍സ് ഫീസുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമാണ് ഏക തടസ്സമായി നില്‍ക്കുന്നത്. 10 ലക്ഷംരൂപ ഫീസ് ഈടാക്കാമെന്നാണ് ഐടി വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍, ക്ലബ്ബുകളുടേതു പോലെ 20 ലക്ഷം വാങ്ങണമെന്നാണ് എക്സൈസിന്റെ നിലപാട്. അതേസമയം, ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കു മദ്യം വിതരണം ചെയ്യുന്നതിന് ലൈസന്‍സ് കൊടുക്കണമെന്ന നിര്‍ദേശത്തെ പ്രതിപക്ഷ എംഎല്‍എമാര്‍ എതിര്‍ത്തിരിക്കുകയാണ്. ടെക്നോപാര്‍ക്കില്‍ ഉള്‍പ്പെടെ ഓരോ ഐടി പാര്‍ക്കിലും ഒട്ടേറെ കമ്പനികളുണ്ടെന്നും, എല്ലാവര്‍ക്കും അനുമതി കൊടുത്താല്‍ അവിടെ മദ്യം ഒഴുകുമെന്നും എംഎല്‍എമാര്‍ പറയുന്നു.

അതിനായി, മദ്യം വിതരണം ചെയ്യാനുള്ള ലൈസന്‍സ് പാര്‍ക്കുകള്‍ക്കും പ്രധാന കമ്പനികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തുമെന്ന ന്യായമാണ് സര്‍ക്കാര്‍ മുന്നോട്ടു വെച്ചത്. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയവും സര്‍ക്കാര്‍ നിശ്ചയിക്കുന്ന വാര്‍ഷിക വിറ്റുവരവുമുള്ള കമ്പനികള്‍ക്കും മാത്രമാണ് മദ്യം വിതരണം ചെയ്യാനുള്ള അനുമതി നല്‍കുക. പാര്‍ക്കിലെ ജീവനക്കാര്‍ക്കെല്ലാം ഈ കേന്ദ്രം ഉപയോഗിക്കാനാകും. ബാര്‍ നടത്തിപ്പുകാര്‍ക്ക് ഐടി പാര്‍ക്കുകളില്‍ മദ്യം നല്‍കുന്നതിന് അനുമതിയുണ്ടാകില്ല. ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നതിന് എഫ്എല്‍ 4 സി എന്ന പേരില്‍ പുതിയ ലൈസന്‍സ് അനുവദിക്കാനാണ് തീരുമാനം.

സര്‍ക്കാര്‍ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള പാര്‍ക്കുകളില്‍ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദ കേന്ദ്രത്തില്‍ മദ്യശാല തുടങ്ങാം. ബാറുകളുടെ പ്രവര്‍ത്തന സമയമായിരിക്കും ക്ലബ്ബുകള്‍ക്കും. മറ്റു ലൈസന്‍സികളെ പോലെ ഐടി പാര്‍ക്കുകളിലെ ലൈസന്‍സികള്‍ക്കും ബവ്റിജസ് കോര്‍പറേഷന്റെ ഗോഡൗണുകളില്‍ നിന്നു മദ്യം വാങ്ങി മദ്യശാലയില്‍ വിതരണം ചെയ്യാം. അതേസമയം പുറത്തുനിന്നു വരുന്ന ആളുകള്‍ക്ക് മദ്യം നല്‍കില്ല എന്ന കര്‍ശന വ്യവസ്ഥയുമുണ്ട്.ഇതെല്ലാം കേരളത്തിന്റെ വളര്‍ച്ചയുടെ ഗ്രാഫിനെയാണ് കാണിക്കുന്നത് എന്ന ആശ്വാസമാണുള്ളത്.

ഖജനാവില്‍ പൂച്ചപെറ്റു കിടക്കുന്നുവെന്ന കുപ്രചാരണത്തിന് അറുതി വരുത്തണം. സാധാരണക്കാരനെയും ഐ.ടി. വിദഗ്ദ്ധരെയും കുടിപ്പിച്ച് കിടത്തുന്നതോടെ ഖജനാവില്‍ കോടികള്‍ ഒഴികിയെത്തും. അതോടെ കേരളത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. എ.ഐ ക്യാമറ വെച്ചിട്ടും പിരിവ് നേരേചൊവ്വേ നടത്താന്‍ കഴിയുന്നില്ല. ആ അവസ്ഥയിലായ സര്‍ക്കാരിന് കിട്ടിയ കച്ചിത്തുരുമ്പാണ് ജവാന്‍ മദ്യം.
