
ജപ്പാനുമായി ചേർന്ന് അടുത്ത ചാന്ദ്രപര്യവേഷണ പദ്ധതി പരിഗണയിൽ; ലക്ഷ്യം ജപ്പാന്റെ ലാൻഡർ ചന്ദ്രനിലിറക്കുക
ചന്ദ്രയാൻ–3ന് ശേഷം ജപ്പാനുമായി ചേർന്ന് മറ്റൊരു ചാന്ദ്രപര്യവേക്ഷണ പദ്ധതി പരിഗണനയിലുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. ഔദ്യോഗിക പ്രഖ്യാപനം നടക്കാത്തതിനാൽ പദ്ധതിയുടെ പേര് വെളിപ്പെടുത്താനാകില്ലെന്നും, ജപ്പാന്റെ ലാൻഡർ ചന്ദ്രനിലിറക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് കാര്യങ്ങൾ ഐഎസ്എസ്ആർ വികസിപ്പിക്കേണ്ടതായി വരുമെന്നും സോമനാഥ് സൂചിപ്പിച്ചു.
14ന് നടക്കുന്ന ചന്ദ്രയാൻ–3 വിക്ഷേപണത്തിന് പൂർണസജ്ജമാണ്. വിജയത്തിലൂന്നിയ ഡിസൈൻ സങ്കൽപ്പമാണ് ചന്ദ്രയാൻ–2വിൽ ഉണ്ടായിരുന്നതെങ്കിൽ, പരാജയ സാധ്യതകൾ മുൻകൂട്ടി കാണുന്ന തരത്തിലുള്ള ഡിസൈനാണ് ചന്ദ്രയാൻ–3 യുടേത്. ചന്ദ്രയാൻ–2 ഭാഗികമായി പരാജയമായിരുന്നു. ഇത്തവണ അങ്ങനെ സംഭവിക്കാതിരിക്കാൻ ലാൻഡിങ് സ്പേസ് കൂട്ടി. അര കിലോമീറ്റർ വീതിയും നീളവുമാണ് ചന്ദ്രയാൻ–2ന് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ 4 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ വീതിയുമാക്കിയിട്ടുണ്ടെന്ന് സോമനാഥ് വ്യക്തമാക്കി.
ലാൻഡ് ചെയ്യാൻ നിശ്ചിത പോയിന്റ് അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രതികൂല സാഹചര്യമുണ്ടായാൽ ലാൻഡിങ് സ്പേസിൽ എവിടെ വേണമെങ്കിലും ചന്ദ്രയാൻ-3 ഇറക്കാനാവും. ഇതോടൊപ്പം അടിയന്തര സാഹചര്യം നേരിടാൻ കൂടുതൽ ഇന്ധനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെൻസർ പരാജയം, എൻജിൻ പരാജയം തുടങ്ങി എല്ലാ പരാജയ സാധ്യതകളും മുൻകൂടി കണ്ടാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്.
സോഫ്റ്റ് ലാൻഡിങ്ങിനായി 2 ത്രസ്റ്റർ എൻജിനുകളാണ് ഒരേസമയം ജ്വലിപ്പിക്കുന്നത്. സെക്കൻഡിൽ 3 മീറ്റർ വേഗത്തിൽ ഇറങ്ങാൻ പാകത്തിലാണിത്. ചന്ദ്രയാൻ–2ലെ ക്യാമറയിൽ നിന്നുള്ള മികച്ച ചിത്രങ്ങൾ ലാൻഡിങ് കൂടുതൽ സുഗമമാക്കും. ലാൻഡ് ചെയ്ത ശേഷം വൈദ്യുതി സംവിധാനം പ്രവർത്തിച്ചില്ലെങ്കിൽ എന്തുചെയ്യണമെന്നു വരെ ആലോചിച്ചാണ് ഡിസൈൻ എന്നും അദ്ദേഹം പറഞ്ഞു.