
ജമ്മു കശ്മീരിൽ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു; ഭീകരക്രമണ ശ്രമമാണ് തകർത്തതെന്ന് സൈന്യം
സുരക്ഷാ സേന നടത്തിയ സംയുക്ത ഓപറേഷനിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ പൂഞ്ച് ജില്ലയിലെ സിന്ധാര മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ സൈന്യം വധിച്ചത്. മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് ഇന്‍റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച രാത്രി 11.30ഓടെ സൈന്യവും ഭീകരരും തമ്മിൽ വെടിവെപ്പുണ്ടായത്.
സൈന്യം ഡ്രോണുകളും രാത്രി നിരീക്ഷണത്തിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇന്ന് പുലർച്ചെ രൂക്ഷമായ വെടിവെപ്പുണ്ടായതോടെയാണ് നാല് ഭീകരരെയും വധിച്ചത്. ഇവരിൽ നിന്ന് നാല് എ.കെ-47 തോക്കുകൾ, രണ്ട് പിസ്റ്റളുകൾ തുടങ്ങിയവ പിടിച്ചെടുത്തു. ഭീകരാക്രമണ ശ്രമമാണ് തകർത്തതെന്നും മേഖലയിൽ നിരീക്ഷണം തുടരുകയാണെന്നും സൈന്യം അറിയിച്ചു.