
പേര് വിവാദം കത്തുന്നു; രണ്ട് ‘ജയിലര്‍’ സിനിമകളും ഒന്നിച്ച് തിയറ്ററിലേക്ക്
പേര് വിവാദം തുടരുന്നതിനിടെ രണ്ട് ‘ജയിലര്‍’ സിനിമകളും ഒന്നിച്ച് തിയറ്ററിലേക്ക്. രജനികാന്ത് ചിത്രം ജയിലര്‍ എത്തുന്ന അതേ ദിവസം തന്നെ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ജയിലറും തിയേറ്ററുകളിലേക്ക് എത്തും. ഓഗസ്റ്റ് 10ന് ആണ് രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യുന്നത്. ജയിലര്‍ എന്ന ടൈറ്റിലിനെ ചൊല്ലി ഇരു ചിത്രങ്ങളുടെയും നിർമാതാക്കള്‍ക്കിടയിലുള്ള തര്‍ക്കം ഇപ്പോള്‍ കോടതിയിലാണ്. പേരിലെ സാമ്യം ചൂണ്ടിക്കാട്ടി തമിഴ് ചിത്രത്തിന്റെ നിർമാതാക്കളായ സണ്‍ പിക്‌ചേഴ്‌സിന് മലയാള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍ തങ്ങള്‍ക്ക് പേര് മാറ്റാന്‍ പറ്റില്ല എന്നാണ് സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് മലയാള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന വക്കാലത്ത് ഓഗസ്റ്റ് 2ന് പരിഗണിക്കും. അതേസമയം, തമിഴില്‍ രജനികാന്ത് ജയിലര്‍ ആയി എത്തുമ്പോള്‍ മലയാളത്തില്‍ ധ്യാന്‍ ആണ് ജയിലറുടെ വേഷത്തിലെത്തുന്നത്.
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് നായകനായ ധ്യാന്‍ എത്തുന്നത്. ജയില്‍ ചാടി പോകുന്ന കുറ്റവാളികളും അവരുടെ പിന്നാലെയുള്ള ജയിലറിന്‍റെ ഓട്ടവുമാണ് ചിത്രം പറയുന്നത്. ഗോൾഡൻ വില്ലേജിന്റെ ബാനറിൽ എൻ.കെ. മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം.
ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി.കെ. ബൈജു, തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.