
സ്‌ഫോടനാത്മക’ വളർച്ച: ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണങ്ങള്‍
പുകഴ്ത്തി ന്യൂയോർക്ക് ടൈംസ്
ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിൽ ‘സ്ഫോടനാത്മകമായ’ വളർച്ചയാണെന്നു പുകഴ്ത്തി ദി ന്യൂയോർക് ടൈംസ് പത്രം. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ കാലത്തെ അനുഗമിച്ചാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. ലോകത്തിന്റെ ബഹിരാകാശ ബിസിനസിനെപ്പറ്റിയുള്ള ലേഖനത്തിലാണ് ഇന്ത്യയുടെ നേട്ടങ്ങളെ വിശദീകരിക്കുന്നത്.
1963ൽ ആദ്യത്തെ റോക്കറ്റ് വിക്ഷേപിക്കുമ്പോൾ, ലോകത്തിലെ മികച്ച സാങ്കേതികവിദ്യ ആഗ്രഹിക്കുന്ന ദരിദ്ര രാജ്യമായിരുന്നു ഇന്ത്യ. അന്ന് റോക്കറ്റിന്റെ ഭാഗങ്ങൾ വിക്ഷേപണത്തറയിലേക്കു സൈക്കിളിലാണു കൊണ്ടുപോയത്. ഭൂമിയിൽനിന്ന് 124 മൈൽ ദൂരത്തിനപ്പുറം ആ ചെറിയ പേലോഡ് എത്തിക്കാനായി. യുഎസിനെയും സോവിയറ്റ് യൂണിയനെയും പോലെയാകാൻ ഇന്ത്യ വളരെ കഷ്ടപ്പെട്ടിരുന്നു. ഇന്നത്തെ ബഹിരാകാശ മത്സരത്തിൽ കൂടുതൽ ഉറച്ച കാൽവയ്പോടെയാണ് ഇന്ത്യയെ കാണുന്നത്, ന്യൂയോർക്ക് ടൈംസ് പറയുന്നു.
കുറഞ്ഞത് 140 സ്പേസ്-ടെക് സ്റ്റാർട്ടപ്പുകൾ ഇന്ത്യയിലുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൊവിഡിന്റെ സമയത്ത് ഇത് അഞ്ചെണ്ണം മാത്രമായിരുന്നു. അതിൽ നിന്നാണ് സ്ഫോടനാത്മക വളർച്ച. ശാസ്ത്രശക്തി എന്ന തരത്തിൽ ഇന്ത്യയുടെ പ്രാധാന്യത്തെക്കുറിച്ചും ലേഖനത്തിൽ പറയുന്നുണ്ട്. ഇന്ത്യയുടെയും യുഎസിന്റെയും പൊതുശത്രുവായ ചൈനയ്ക്കു വെല്ലുവിളിയുയർത്താൻ സ്പേസിനെ ഇന്ത്യ അരങ്ങാക്കുന്നു.
ഭൂരാഷ്ട്രതന്ത്രമാണ് ഇന്ത്യയുടെ മികവുകളിലൊന്ന്. കുറഞ്ഞ ചെലവിൽ ബഹിരാകാശ വിക്ഷേപണങ്ങൾക്കുള്ള സൗകര്യം റഷ്യയും ചൈനയും നല്കിയിരുന്നു. ഉക്രൈൻ യുദ്ധത്തോടെ റഷ്യയുടെ വെല്ലുവിളി അവസാനിച്ചു. 2020 ജൂണിൽ സ്പേസ് സെക്ടറിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്നതോടെയാണു സ്റ്റാർട്ടപ്പുകളിലടക്കം വൻ മാറ്റമുണ്ടായതെന്നും ലേഖനം ചൂണ്ടിക്കാട്ടി.