
പവൻ കല്യാൺ ചിത്രം ‘ഗുഡുംബ ശങ്കർ’ റീ റിലീസ് ചെയ്തു; ഓർമ്മകൾ പങ്കുവെച്ച് മീര ജാസ്മിൻ
മീര ജാസ്മിനും പവൻ കല്യാണും പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം ’ഗുഡുംബ ശങ്കർ’ ഇന്ന് റീ റിലീസ് ചെയ്തു. സെപ്റ്റംബർ രണ്ടിന് പവൻ കല്യാണിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിയത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ മീര ജാസ്മിനാണ് ഈ വിവരം പങ്കുവെച്ചത്. ചിത്രത്തിന്റെ പഴയ ലൊക്കേഷൻ ചിത്രങ്ങളും മീര ഉൾപ്പെടുത്തിയിട്ടുണ്ട്. “തന്റെ സിനിമാ ജീവിതത്തിലെ പ്രധാന വഴിത്തിരിവും വഴികാട്ടിയുമായ ചിത്രമാണ് ’ഗുഡുംബ ശങ്കർ’. ദയയും സഹാനുഭൂതിയും അനുകമ്പയും നിറഞ്ഞ പവൻ കല്യാണിന്റെ പെരുമാറ്റവും തുറന്ന കാഴ്ചപ്പാടും തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്വാസമായിട്ടുണ്ട്. ഈ ഓർമകൾ പങ്കുവയ്ക്കാനായതിൽ സന്തോഷം”- പോസ്റ്റിനോപ്പം മീരാ ജാസ്മിൻ കുറിച്ചു.’ഗുഡുംബ ശങ്കറി’ന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും ആശംസകളും മീര അറിയിച്ചിട്ടുണ്ട്. 2004-ലായിരുന്നു ’ഗുഡുംബ ശങ്കർ’ റിലീസ് ചെയ്തത്. പവൻ കല്യാണിന്റെ ജന്മദിനം ചിത്രത്തിന്റെ അണിയറപ്രവർത്തകരും ആരാധകരും ചേർന്ന് ആഘോഷമാക്കുകയാണ്. വീരശങ്കർ ബൈരിസെട്ടിയുടെ സംവിധാനത്തിൽ നാഗേന്ദ്ര ബാബു നിർമിച്ച ചിത്രത്തിന്റെ തിരക്കഥ പവൻ കല്യാണിന്റേത് തന്നെയായിരുന്നു.