
ഇന്ന് ‘ഇൻഡ്യാ’ മുന്നണിയുടെ മൂന്നാം യോഗം; മുഖ്യ അജണ്ട ലോക്സഭാ സീറ്റ് വിഭജനം
‘ഇൻഡ്യ’ മുന്നണിയുടെ മൂന്നാമത്തെ യോഗം ഇന്ന് മുംബൈയിൽ വെച്ച് ചേരും. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനമാണ് യോഗത്തിലെ മുഖ്യ അജണ്ട. പ്രതിപക്ഷ പാർട്ടികൾക്കിടയിലുള്ള അഭിപ്രായ ഭിന്നതകളും ആശയക്കുഴപ്പവും മൂന്നാം യോഗത്തോടെ ഇല്ലാതാക്കാൻ കഴിയുമെന്നാണ് ഇൻഡ്യ മുന്നണിയുടെ പ്രതീക്ഷ.
ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ സീറ്റ് വിഭജനത്തിൽ ധാരണ ഉണ്ടായാൽ പല പാർട്ടികളും തമ്മിലുള്ള തർക്കത്തിന് പരിഹാരമാകും. മഹാ വികാസ് അഘാഡി സഖ്യത്തിനാണ് മൂന്നാം യോഗത്തിൻ്റെ സംഘാടന ചുമതല. രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുന്ന ‘ഇൻഡ്യ’ മുന്നണിയുടെ ലോഗോ പ്രകാശനവും ഈ യോഗത്തിൽ വെച്ച് നടക്കും. ഇൻഡ്യ മുന്നണി കൺവീനറെ കണ്ടെത്താനുള്ള ചർച്ചകളും ഇന്നും നാളെയുമായി യോഗത്തിൽ നടക്കും.
സോണിയാ ഗാന്ധിയുടെ ആരോഗ്യ സ്ഥിതിയും, നിതീഷ് കുമാർ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചുമാണ് കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ അന്തിമ തീരുമാനം എടുക്കുക. അതേസമയം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഏതൊക്കെ പാർട്ടികൾ യോഗത്തിന് വരുമെന്നാ ബിജെപിയുടെ ആശങ്ക. മുന്നണി വിട്ട പഴയ സഖ്യ കക്ഷികളെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും മുന്നണിയിലേക്ക് കൊണ്ടുവരാനാണ് ബിജെപി തീവ്ര ശ്രമം.