
കോടതിയിൽ നിന്നും ലഭിച്ച 8 ലക്ഷം രൂപ പാർട്ടിയിൽ തിരിച്ചടച്ചില്ല; സിപിഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ്
സിപിഐഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കോടതിയിൽ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്നാണ് പാർട്ടിക്ക് ലഭിച്ച പരാതി. കോടതിയിൽ നിന്നും തിരികെ ലഭിച്ച 8 ലക്ഷം രൂപ പാർട്ടിയിൽ തിരിച്ചടച്ചില്ലെന്നാണ് ഇതിൽ പറയുന്നത്. നേരത്തെ ഏരിയ സെക്രട്ടറി ആയിരുന്നു ഇയാൾ.മുൻ ഏരിയ കമ്മിറ്റി അംഗമാണ് സംഭവത്തിൽ സംസ്ഥാനക്കമ്മിറ്റിക്കും ജില്ലാക്കമ്മിറ്റിക്കും പരാതി നൽകിയത്. 8 ലക്ഷം രൂപയാണ് സമരത്തിൽപ്പെട്ടവരെ ജാമ്യത്തിൽ ഇറക്കാനായി സിപിഐഎം പിരിച്ചിരുന്നത്. ഇത് കോടതിയിൽ അടച്ചെങ്കിലും കേസ് പിന്നീട് തള്ളുകയും, പ്രതികളെ വെറുതെ വിടുകയും ചെയ്തു. യഥാർത്ഥത്തിൽ ഈ തുക പാർട്ടിക്ക് തിരിച്ച് നൽകേണ്ടതായിരുന്നെങ്കിലും ജില്ലക്കിമ്മിറ്റി അംഗം തയ്യാറായില്ലെന്നാണ് പരാതി.അതേസമയം കഴിഞ്ഞ ദിവസം സിപിഐഎമ്മിൽ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നിരുന്നു. തുടർന്ന് സിപിഐഎം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം തുടങ്ങി. ഡിവൈഎഫ്‌ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ട് തിരിമറിയിലാണ് ഏരിയാ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായർക്കെതിരെ അന്വേഷണം നടക്കുന്നത്.