
ഇന്ത്യ-ചൈന അതിർത്തിയിൽ വ്യോമാഭ്യാസ പ്രകടനത്തിനൊരുങ്ങി ഇന്ത്യ; യുദ്ധവിമാനങ്ങള്‍ അണിനിരക്കും
ഇന്ത്യ-ചൈന അതിർത്തിയിൽ പത്തു ദിവസം നീളുന്ന വ്യോമാഭ്യാസ പ്രകടനത്തിനൊരുങ്ങി ഇന്ത്യ. ഈ മാസം നാലു മുതൽ 14 വരെ പടിഞ്ഞാറൻ കമാൻഡ് അതിർത്തിയിൽ വെച്ചാണ് ‘ത്രിശൂൽ’ എന്ന് പേരിട്ടിരിക്കുന്ന വ്യോമഭ്യാസ പ്രകടനം നടത്തുക. സെപ്റ്റംബർ 9,10 തിയ്യതികളിൽ ഡൽഹിയിൽ ജി20 ഉച്ചകോടിയും, ഇന്ത്യ-ചൈന അതിർത്തിയിൽ തർക്കവും നടക്കുന്നതിനിടെയാണ് ഇന്ത്യൻ വ്യോമസേനയുടെ പ്രകടനം. അത്യാധുനിക യുദ്ധ സാമഗ്രികളുമായി ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ് കമാൻഡോകളാണ് ശക്തി പ്രകടനത്തിൽ പങ്കെടുക്കുക. റാഫേൽ, മിഗ്, സുഖോയ് തുടങ്ങിയ പോർ വിമാനങ്ങളും ഹെലികോപ്റ്ററുകളും കരസേനയുടെ ബോയിംഗ് വിമാനങ്ങളും അഭ്യാസപ്രകടനത്തിൻ്റെ ഭാഗമാകും. വിവിധ തലങ്ങളിൽ നിന്ന് പ്രയോഗിക്കാവുന്ന മിസൈലുകൾ, റഡാറുകൾ എന്നിവയുടെ പരിശോധനയും ഈ ദിവസങ്ങളിൽ നടക്കും.