india-china-war-shijinping-modi

നരേന്ദ്രമോദിയെ ഭയന്ന് ഷീജിന്‍പിങ്: മാപ്പ് തട്ടിപ്പ് വീരന്‍ ജി20ക്ക് വരില്ല

എ.എസ്. അജയ്‌ദേവ്

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിങ് വരില്ല. പകരം ചൈനീസ് പ്രധാനമന്ത്രിയെ അയക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന്റെ നെറുകയില്‍ നെഞ്ചുവിരിച്ച് നടത്തുന്ന മഹാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിങിനു മടി. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കീഴില്‍ ഒരു സമ്മേളനത്തില്‍ ഇരിക്കുന്നതിലെ ജാള്യതയാണ് പ്രധാനവിഷയം. അസൂയയോടെയാണ് ചൈന ഇന്ത്യയിലെ ജി20 ഉച്ചകോടിയെ വീക്ഷിക്കുന്നത്. കഴിഞ്ഞമാസം ദക്ഷിണാഫ്രിക്കയില്‍ ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി മോദിയും ഷീജിന്‍പിങും സംസാരിച്ചിരുന്നു. അതിര്‍ത്തി വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് മോദി ഷീജിന്‍പിങിനോട് ആവശ്യപ്പെട്ടതായാണ് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ നിലപാട് രാജ്യത്തിനകത്തും ഷീജിന്‍പിങിന് ക്ഷീണമുണ്ടാക്കും. അതിര്‍ത്തി പ്രശ്‌നം പരിഹരിച്ചശേഷം മാത്രം വ്യാപാര ചര്‍ച്ചകളെന്നാണ് ഇന്ത്യയുടെ നിലപാട്.

അരുണാചല്‍ പ്രദേശിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതായി ചിത്രീകരിക്കുന്ന ചൈനയുടെ ‘സ്റ്റാന്‍ഡേര്‍ഡ് മാപ്പിനെ’ ഇന്ത്യ പാടെ തള്ളിയിരുന്നു. അവകാശവാദങ്ങള്‍ നിരസിച്ച് ചൈനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് കേന്ദ്രസര്‍ക്കാര്‍ രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ ജി20 യോഗത്തില്‍ നിന്ന് ഷീജിന്‍പിങ് വിട്ടുനില്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. ഇന്ത്യ-ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറച്ചതും ആപ്പുകളുടെ നിരോധനവും ചൈനക്ക് ട്രില്യന്‍ കണക്കിനു ഡോളറിന്റെ ആഗോള നഷ്ടം ഉണ്ടാക്കി എന്നാണ് കണക്കാക്കുന്നത്. മാത്രമല്ല, ജി20ക്ക് വന്നാല്‍ ചൈന ഇന്ത്യന്‍ മണ്ണില്‍ കയറി ഭൂപടം വരച്ചതും, അതിര്‍ത്തിയിലെ സംഘര്‍ഷവും എല്ലാം ഉന്നയിക്കപ്പെടുമെന്നും ചൈന ഭയക്കുന്നു. മാപ്പ് മാറ്റി വരച്ചവന്‍ എന്ന ചീത്തപേരും ചൈനയ്ക്ക് കിട്ടും. മറ്റ് രാജ്യത്തിന്റെ അതിര്‍ത്തിയില്‍ കയറി മാപ്പ് വരച്ച ചൈനക്ക് ലോക രാജ്യങ്ങളില്‍ നിന്നും പരിഹാസവും നേരിടേണ്ടി വരുമെന്നുറപ്പാണ്. ലോക രാജ്യങ്ങളുടെ മുമ്പില്‍ ചൈനിസ് പ്രസിഡന്റ് തലതാഴ്ത്തി നില്‍ക്കേണ്ട ഗതികേടാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി കണ്ടുള്ള പിന്‍മാറ്റമാണുണ്ടായിരിക്കുന്നത്.

കമ്യൂണിസ്റ്റ് പാരമ്പര്യത്തില്‍പ്പെട്ട മറ്റൊരു രാജ്യമായ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ജി20 ഉച്ചകോടിക്ക് വരുന്നില്ല. പുടിന്റെ പിണക്കത്തിനു കാരണം, നരേന്ദ്ര മോദി ഉക്രയിന്‍ അനുകൂലമായ നിലപാട് സ്വീകരിച്ച് ചില നയങ്ങള്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ, ഇന്ത്യാ അമേരിക്ക ആയുധ ഇടപാടുകളും റഷ്യന്‍ പ്രസിഡന്റിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. പുടിനെ അലട്ടുന്ന മറ്റൊരു പ്രധാനപ്പെട്ട വിഷയം, ജി20 ഉച്ചകോടിക്ക് ഇന്ത്യിലേക്ക് വന്നാല്‍, തിരികെ റഷ്യയില്‍ എത്തുമ്പോള്‍ ഇരുന്ന കസേരയില്‍ മറ്റാരെങ്കിലും കയറി ഇരിക്കും എന്ന അവസ്ഥ കൂടിയുണ്ട്. എന്നാല്‍ ചൈനീസ് പ്രസിഡന്റ് ഷീക്ക് ഇതൊന്നുമല്ല വിഷയം. ഇന്ത്യോടുള്ള അസൂയ മാത്രമാണ്. ഇന്ത്യയുമായുള്ള നയതന്ത്ര വടംവലി ചൈനയുടെ പുതിയ നീക്കങ്ങള്‍ക്ക് കാരണമായി. 2012-ല്‍ അധികാരമേറ്റതിനു ശേഷം എല്ലാ ജി20 നേതാക്കളുടെ ഉച്ചകോടിയിലും ചൈനീസ് പ്രസിഡന്റ് പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന യോഗത്തില്‍ ഉള്‍പ്പെടെ ചൈനീസ് പ്രസിഡന്റ് എത്തിയിരുന്നു.

ചൈനയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലി ക്വിയാങ് പങ്കെടുക്കമെന്ന് ചൈന ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. അതേസമയം, പ്രസിഡന്റ് ഷീജിന്‍പിങ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ചൈനയില്‍ നിന്ന് രേഖാമൂലമുള്ള സ്ഥിരീകരണത്തിനായി ഇന്ത്യ കാത്തിരിക്കുകയാണെന്ന് ജി20 സ്‌പെഷ്യല്‍ സെക്രട്ടറി മുക്തേഷ് പര്‍ദേശി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയങ്ങളുടെ വാക്‌പോര് നടക്കുന്നതിനിടെയാണ് ജി20 ഉച്ചകോടിയില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള ചൈനീസ് പ്രസിഡന്റിന്റെ തീരുമാനമെന്നാണ് വിലയിരുത്തല്‍. ചൈനയുടെ അതിര്‍ത്തി മാറ്റി വരച്ച സ്റ്റാന്‍ഡേര്‍ഡ് മാപ്പ് പ്രസിദ്ധപ്പെടുത്തിയതു തന്നെ ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ വേണ്ടിയുള്ള നീക്കമായിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക ശക്തി എന്താണെന്ന് കാട്ടേണ്ട സമയമാണിതെന്ന് മനസ്സിലാക്കി ഇന്ത്യന്‍ വ്യോമസേന ഇന്ത്യ-ചൈന-പാക്ക് അതിര്‍ത്തിയില്‍ അഭ്യാസ പ്രകടനം ആരംഭിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ നാല് മുതല്‍ 11 ദിവസത്തെ ‘ത്രിശൂല്‍’ മെഗാ അഭ്യാസമാണ് വ്യോമസേന നടത്തുന്നത്. 14 ന് അഭ്യാസം അവസാനിപ്പിക്കും. വ്യോമസേനയുടെ പോരാട്ട ശേഷി പരിശോധിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും വേണ്ടിയാണ് അഭ്യാസമെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.

അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍ക്കും ഹെവി ലിഫ്റ്റ് ചിനൂക്കുകള്‍ക്കുമൊപ്പം റാഫേല്‍, സുഖോയ് -30 എം.കെ.ഐ, ജാഗ്വാര്‍, മിറാഷ്-2000, മിഗ്-29, മിഗ്-21 ബൈസണ്‍സ് തുടങ്ങിയ യുദ്ധവിമാനങ്ങളും അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ട്. മുഴുവന്‍ പോര്‍ വിമാനങ്ങളും, ആക്രമണ ഹെലികോപ്റ്ററുകളും മിഡ്-എയര്‍ റീഫ്യൂവല്‍ഫില്ലറുകളും പങ്കെടുക്കും. വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോകളും മോക്ക്ഡ്രില്ലില്‍ പങ്കെടുക്കുന്നുണ്ട്. ചൈനയുമായി അതിര്‍ത്തിയിലെ സംഘര്‍ഷം ഇല്ലാതാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് ഇന്ത്യയുടെ അഭ്യാസമെന്നതും ശ്രദ്ധേയമാണ്. സേനയുടെ പോരാട്ട ശേഷി വിലയിരുത്താനും അതിര്‍ത്തിയില്‍ ഏത് സാഹചര്യവും നേരിടാന്‍ സൈന്യം തയ്യാറാണെന്നും അറിയിക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. സെപ്റ്റംബര്‍ 9 മുതല്‍ 10 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ സൈനിക അഭ്യാസം ആഗോള ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. തരംഗ് ശക്തി എന്ന പേരില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ ബഹുരാഷ്ട്ര വ്യോമാഭ്യാസം ഒക്ടോബറില്‍ നടക്കാനിരിക്കുകയാണ്. 12 അന്താരാഷ്ട്ര വ്യോമശക്തികള്‍ അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിങ് പങ്കെടുക്കാന്‍ തയ്യാറാകാതിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

Leave a Reply

Your email address will not be published.

Rachana-Narayanankutty-facebook-photos-3975 Previous post സനാതനധര്‍മ്മം ഉന്മൂലനം ചെയ്യാനല്ല, ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം- രചനാ നാരായണന്‍കുട്ടി
pinarayi-vijayan-chief-minister-of-kerala Next post ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’:<br>കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള അജണ്ടക്കെതിരെ ജനാധിപത്യ സമൂഹം മുന്നോട്ടുവരണം- മുഖ്യമന്ത്രി