
അരുണാചലും അക്‌സായി ചിൻ മേഖലയും ഉൾപ്പെടുത്തി ചൈനയുടെ ഭൂപടം; വിഷയത്തില്‍ ചൈനയെ പ്രതിഷേധമറിയിച്ച് ഇന്ത്യ
ഇന്ത്യയുടെ ഭൂഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം പുറത്തിറക്കിയ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ. സംഭവത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ചൈനയെ നയതന്ത്ര മാര്‍ഗത്തിലൂടെ അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലുള്ള പ്രദേശത്തേക്കുറിച്ചുള്ള ചൈനയുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഇന്ത്യ തള്ളിക്കളയുന്നു. ചൈനയുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികള്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ സങ്കീര്‍ണമാക്കാന്‍ മാത്രമേ ഉപകരിക്കൂ, അരിന്ദം ബാഗ്ചി പ്രസ്താവനയില്‍ പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നേരത്തെ പ്രതികരണം നടത്തിയിരുന്നു. അവരുടേതല്ലാത്ത പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടങ്ങള്‍ പുറത്തിറക്കാറുണ്ട്. അത് അവരുടെ പണ്ടുതൊട്ടേയുള്ള ശീലമാണ്. ഇന്ത്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടങ്ങള്‍ പുറത്തിറക്കുന്നതിലൂടെ അവര്‍ക്കൊരു മാറ്റവും വരുത്താനാകില്ല. നമ്മുടെ ഭൂപ്രദേശത്തെ സംബന്ധിച്ച് കൃത്യമായ ധാരണ സര്‍ക്കാരിനുണ്ട്. മറ്റുള്ളവരുടെ പ്രദേശങ്ങള്‍ സ്വന്തമാക്കി ചിത്രീകരിച്ച് ചൈന അസംബന്ധ വാദങ്ങള്‍ ഉന്നയിക്കരുതെന്നും ജയ്ശങ്കര്‍ പറഞ്ഞു.
ചൈന ദക്ഷിണ ടിബറ്റ് എന്നവകാശപ്പെടുന്ന ഇന്ത്യയുടെ അരുണാചല്‍ പ്രദേശ്, 1962-ലെ യുദ്ധത്തില്‍ പിടിച്ചടക്കിയ അക്സായ് ചിന്‍ എന്നീ പ്രദേശങ്ങള്‍ അടക്കമുള്ളവ രാജ്യത്തിന്റെ ഭാഗമായി ചിത്രീകരിച്ചുകൊണ്ടാണ് ചൈന തങ്ങളുടെ പുതിയ ഭൂപടം പുറത്തിറക്കിയത്. ഇതാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. തര്‍ക്കം നിലനില്‍ക്കുന്ന തയ്വാന്‍, നയന്‍ ഡാഷ് ലൈന്‍ തുടങ്ങിയ പ്രദേശങ്ങളും ചൈന പുറത്തിറക്കിയ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.