
IFFK 2022 : രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം
27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഡിസംബർ 9 മുതൽ 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 70 രാജ്യങ്ങളിൽനിന്നുള്ള 186 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സിനിമകളും മലയാളം സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 78 സിനിമകൾ പ്രദർശിപ്പിക്കും. 12 സിനിമകളുടെ ആദ്യപ്രദർശനത്തിന് മേള വേദിയാവും.
ഉദ്ഘാടന സമ്മേളനത്തിൽ ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകി മുഖ്യമന്ത്രി ആദരിക്കും. യാത്രാനിയന്ത്രണങ്ങൾ കാരണം മേളയിൽ നേരിട്ടു പങ്കെടുക്കാൻ കഴിയാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചൽ സംഗാരി അവാർഡ് ഏറ്റുവാങ്ങും. ജൂറി ചെയർമാനും ജർമ്മൻ സംവിധായകനുമായ വീറ്റ് ഹെൽമർ ചടങ്ങിൽ സന്നിഹിതനായിരിക്കും.