idukki-dam-reservoer-cheruthoni

ഡാമിന് താഴിട്ടിട്ട് 54 ദിവസം, മുള്‍മുനയില്‍ ഇടുക്കി

ഇടുക്കി അണക്കെട്ടിലെ അതീവ സുരക്ഷാ മേഖലയ്ക്ക് പൂട്ടു വീണിട്ട് 54 ദിവസം കഴിഞ്ഞിരിക്കുന്നു. സര്‍ക്കാരിനോ പോലീസിനോ ഡാമിന് പൂട്ടിട്ടവനെ പൂട്ടാനുള്ള ഒരു നീക്കത്തിനും താല്‍പ്പര്യമില്ലെന്നാണ് വ്യക്തമാകുന്നത്. ഒന്നും രണ്ടും താഴല്ല, പതിനൊന്ന് താഴുകളിട്ടാണ് പൂട്ടിയത്. ഇടുക്കി ഡാമിനെ മണിച്ചിത്രത്താഴിട്ടു പൂട്ടിയവന്‍ വിദേശത്ത് സസുഖം വാഴുമ്പോള്‍ ഇടുക്കിയിലെ ജനങ്ങള്‍ ആശങ്കയുടെ മുള്‍മുനയിലാണ് ജീവിക്കുന്നതെന്ന് മറന്നു പോകരുത്. അതേസമയം, ആറിയ കഞ്ഞി പഴങ്കഞ്ഞിയെന്ന പോലെ 54 ദിവസം കഴിഞ്ഞപ്പോള്‍ ഇടുക്കി അണക്കെട്ടിലെ അതീവ സുരക്ഷ മേഖലയില്‍ താഴുകളിട്ടു പൂട്ടിയ സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. സംഭവത്തിനു ശേഷം വിദേശത്തേക്ക് പോയ പാലക്കാട് ഒറ്റപ്പാലം സ്വദേശി തിരികെ എത്താത്തതിനെ തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടീസ് നടപടി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള റിപ്പോര്‍ട്ട് ഇടുക്കി എസ്.പി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍, ഡാം പൂട്ടിയ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

തീവ്രവാദ ബന്ധം ഉള്‍പ്പെടെ സംശയിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട്. ഒറ്റപ്പാലം സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൃത്യമായി കാര്യങ്ങള്‍ അറിയാന്‍ കഴിയൂ എന്നാണ് പൊലീസിന്റെ നിലപാട്. അതേസമയം, ചെറുതോണി അണക്കെട്ട് പൂര്‍ണമായും സുരക്ഷിതമാണെന്ന് ഡാം സേഫ്റ്റി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് പരിശോധിച്ച ശേഷമായിരുന്നു പ്രതികരണം. ജൂലൈ 22നാണ് ഒറ്റപ്പാലം സ്വദേശി സന്ദര്‍ശക പാസ് എടുത്ത് ഡാമില്‍ കയറിയത്. ഇതിനു ശേഷം 11 ഇടങ്ങളില്‍ ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന താഴിട്ട് പൂട്ടി. തുടര്‍ന്ന് ഷട്ടറുകളുടെ റോപ്പില്‍ കുപ്പിയില്‍ കൊണ്ടുവന്ന ദ്രാവകം ഒഴിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിനോദ സഞ്ചാരിയായെത്തിയ യുവാവാണ് താഴിട്ടതിനും ദ്രാവകം ഒഴിച്ചതിനും പിന്നിലെന്ന് മനസ്സിലായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒറ്റപ്പാലം സ്വദേശിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞു. വാടകയ്‌ക്കെടുത്ത കാറിലാണ് ഇയാള്‍ ഇടുക്കിയിലെത്തിയത്. വിദേശത്തു നിന്നും എത്തിയ ഇയാള്‍ക്ക് കാര്‍ വാടകക്ക് എടുത്ത് നല്‍കിയ രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇതിനിടെ ഒറ്റപ്പാലം സ്വദേശി വീണ്ടും വിദേശത്തേക്ക് പോവുകയും ചെയതു.

സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയ ഉടന്‍ തന്നെ ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ഡാമില്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതിനു ശേഷമുള്ള വിശദമായി പരിശോധനയും കഴിഞ്ഞ ദിവസം നടത്തി. ഡാമിന്റെ സുരക്ഷ നോക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടില്‍ ഉണ്ടായ സുരക്ഷാ വീഴ്ച ഇടുക്കിയിലെ ജനതയെ ആകെ ബാധിക്കുന്നതാണ്. അണക്കെട്ടിലെ ഉയരവിളക്കുകള്‍ താഴിട്ടുപൂട്ടാന്‍ ഇയാള്‍ക്ക് എന്തുകൊണ്ടാണ് തോന്നിയത്. വിനോദ സഞ്ചാരത്തിനെത്തിയ ഇയാള്‍ എന്തിനാണ് 11 താഴും താക്കോലുമായി എത്തിയത്. അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന ഇരുമ്പുവടത്തില്‍ ഒഴിച്ച ദ്രാവകം എന്താണ്. സംഭവം നടക്കുന്നത് ജൂലായ് 22 വൈകിട്ട് 3.15നാണ്. അതിനു ശേഷം 44 ദിവസം കഴിഞ്ഞ് സെപ്തംബര്‍ നാലിന് അറ്റകുറ്റപണികള്‍ നടത്തുമ്പോഴാണ് ഉയരവിളക്കുകളുടെ എര്‍ത്ത് കമ്പനിയില്‍ പൂട്ടിയ നിലയിലുള്ള താഴ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 11 ഇടങ്ങളില്‍ താഴിട്ട് പൂട്ടിയിരുന്നു. സംശയാസ്പദമായി താഴുകള്‍ കണ്ട ജീവനക്കാര്‍ സി.സി.ടി.വി.ക്യാമറ പരിശോധിച്ചപ്പോഴാണ് ഒരു യുവാവ് താഴിട്ട് പൂട്ടുന്ന ദൃശ്യം കണ്ട് ഞെട്ടിയത്.

ഷട്ടറുകള്‍ ഉയര്‍ത്തുന്ന ഇരുമ്പുവടത്തില്‍ കുപ്പിയില്‍ കൊണ്ടുവന്ന ദ്രാവകം ഒഴിക്കുന്ന ദൃശ്യങ്ങളും കണ്ടതോടെ ഇയാളുടെ ഉദ്ദേശം ഡാമിനെ അപായപ്പെടുത്താനുള്ള ഉദ്ദേശമാണെന്ന് മനസ്സിലായി. തുടര്‍ന്നാണ് കെ.എസ്.ഇ.ബി.യുടെ പരാതിയില്‍ ഇടുക്കി പോലീസ് കേസെടുത്തത്. അപ്പോള്‍ത്തന്നെ അണക്കെട്ടില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ താഴുകളല്ലാതെ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. അതേസമയം, ചെറുതോണി അണക്കെട്ടിലുണ്ടായ സുരക്ഷാ വീഴ്ച സംബന്ധിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കത്ത് കേന്ദ്രം അംഗീകരിച്ചാല്‍ എന്‍.ഐ.എ കേസ് അന്വേഷിക്കും. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് മിലിറ്ററി ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. കുളമാവില്‍ നാവിക സേനയുടെ സാന്നിധ്യം ഉള്ളതിനാലാണിത്. സംഭവത്തില്‍ ദുരൂഹതകളുണ്ട്. തീവ്രവാദ ബന്ധവും സംശയിക്കുന്നുണ്ട്. പോലീസ് അന്വേഷണത്തില്‍ യാതൊന്നും കണ്ടെത്താന്‍ പറ്റാത്തതും സംശയം വര്‍ധിപ്പിക്കുന്നു. അണക്കെട്ടിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പോലും പോലീസ് ഇതുവരെ തയാറായിട്ടില്ല.

പ്രതിയുടെ ഒറ്റപ്പാലത്തെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇയാള്‍ കഴിഞ്ഞമാസമാണ് വിദേശത്തേക്ക് ജോലിക്ക് പോയത്. പ്രതി ചെറുതോണിയില്‍ നിന്നാണ് 11താഴുകള്‍ വാങ്ങിയത്. ഇത് സുഹൃത്തുക്കള്‍ അറിഞ്ഞില്ലെന്ന് പറയുന്നതും വിശ്വാസ യോഗ്യമല്ല. ഇതിനൊപ്പം ഇത്രയും ഗൗരവകരമായ കേസില്‍ വേണ്ടത്ര അന്വേഷണം നടന്നിട്ടില്ലെന്നും കസ്റ്റഡിയില്‍ എടുത്തവരെ പ്രതി ചേര്‍ക്കാതെ വെറുതെ വിട്ടതായും ഇന്റലിജന്‍സിന്റെ കണ്ടെത്തലുണ്ട്. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാന്‍ സാധിക്കാതെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ട് എന്തു കാര്യം. പ്രതി വിദേശത്താണെന്ന് മനസ്സിലാക്കുകയും, പ്രതിയുടെ വീടും ബന്ധുക്കളെയും കണ്ടെത്തുകയും ചെയ്തിട്ടും, അവരിലൂടെ പ്രതിയെ നാട്ടിലെത്തിക്കാന്‍ പോലീസിന് കഴിയാത്തത് കഴിവു കേടുതന്നെയാണ്. ഡാമിന്റെ ഷട്ടറുകള്‍ക്ക് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചില്ലെങ്കിലും അതിവര്‍ഷം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ കഴിയാതെ വരികയോ, ഷട്ടറുകളുടെ ഇരുമ്പു വടം ദ്രവിച്ചു പൊട്ടിപ്പോവുകയോ ചെയ്താല്‍ അത് വലിയൊരു ദുരന്തത്തിലേക്ക് വഴിയൊരുക്കുമെന്നത് മറന്നു പോകാതിരിക്കാം.

എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാനോ, അതിന് പ്രതിവിധി തേടാനോ, പ്രതിയെ ഇന്ത്യയിലെത്തിക്കാനോ പൂട്ടിയ താഴ് പൊളിക്കാനോ സംഭവം കണ്ടെത്തിയ ശേഷമുള്ള പത്തു ദിവസത്തിനുള്ളില്‍ അടിയന്തിരമായി ഒരു നടപടിയും എടുത്തിട്ടില്ല എന്നതാണ് അത്ഭുതം. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും ഒരെത്തും പിടിയുമില്ലാത്ത സ്ഥിതി.

Leave a Reply

Your email address will not be published.

crime-in-kerala Previous post പള്ളിപ്പെരുന്നാളിനിടെ സംഘർഷം; യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റിന് കുത്തേറ്റു
files-india-china-bhutan-diplomacy-army_094f2b4c-6d5b-11e8-9a75-8898ac94ce9e Next post ചൈനയുടെ ചാരവൃത്തി പിടിച്ചു<br>രഹസ്യം ചോര്‍ത്താന്‍ ഡിവൈസ്