
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിനെന്ന് മന്ത്രി വീണാ ജോർജ്
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിനാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മീഡിയ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രമുഖ മാധ്യമപ്രവർത്തകർ എത്തിയ പരിപാടിയിൽ കേരളാവോട്ടർ പ്രതിനിധിയും പങ്കെടുത്തു.
ഏതെങ്കിലും കാരണത്താൽ വാക്സിൻ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തിട്ടുള്ളതോ ആയ കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ നൽകുവാനും കോവിഡ് മഹാമാരി മൂലം പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയിൽ ഉണ്ടായിട്ടുള്ള കുറവ് നികത്തുവാനുമായാണ് ഈ വർഷം മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 നടപ്പിലാക്കുന്നത്. കുട്ടികളും ഗർഭിണികളും പൂർണമായി വാക്സിൻ എടുക്കാത്തതുമൂലം ഒരു പ്രദേശത്ത് ഉണ്ടാകാൻ സാധ്യതയുളള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി ഈ തീവ്രയജ്ഞ പരിപാടി എല്ലാ ജില്ലകളിലും നടപ്പിലാക്കുന്നു. ഇതിനായി എല്ലാവരുടേയും പിന്തുണയും മന്ത്രി അഭ്യർത്ഥിച്ചു.
മൂന്ന് ഘട്ടങ്ങളിലായാണ് മിഷൻ ഇന്ദ്രധനുഷ് 5.0 നടത്തുന്നത്. ഒന്നാം ഘട്ടം ആഗസ്റ്റ് 7 മുതൽ 12 വരെയും രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മുന്നാം ഘട്ടം ഒക്ടോബർ 9 മുതൽ 14 വരേയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെയാണ് പരിപാടിയുടെ സമയക്രമം. കേരളത്തിലെ എല്ലാ ജില്ലകളിലും മിഷൻ ഇന്ദ്രധനുഷ് 5.0 നടപ്പിലാക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ കൂടുതൽ പ്രാമുഖ്യം നൽകുന്നുണ്ട്.
പ്രായാനുസൃതമായ ഡോസുകൾ എടുക്കുവാൻ വിട്ടുപോയിട്ടുള്ള 0-23 മാസം പ്രായമുളള കുട്ടികളെയും എം.ആർ ഒന്ന്, എം.ആർ. രണ്ട്, ഡി.പി.റ്റി ബൂസ്റ്റർ, ഒപിവി ബൂസ്റ്റർ ഡോസുകൾ എന്നിവ ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം എടുക്കുവാൻ വിട്ടുപോയിട്ടുളള രണ്ട് മുതൽ അഞ്ച് വയസ് വരെ പ്രായമുളള എല്ലാ കുട്ടികൾക്കും പൂർണമായോ ഭാഗികമായോ വാക്സിൻ ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം എടുത്തിട്ടില്ലാത്ത ഗർഭിണികൾക്കുമാണ് ഈ പരിപാടിയിലൂടെ വാക്സിൻ നൽകുന്നത്.
സംസ്ഥാനത്ത് 18,744 ഗർഭിണികളെയും രണ്ട് വയസ് വരെയുളള 61,752 കുട്ടി കളെയും രണ്ട് മുതൽ അഞ്ച് വയസ് വരെയുളള 54,837 കുട്ടികളെയുമാണ് (ആകെ 1,16,589 കുട്ടികൾ) വാക്സിൻ നൽകുന്നതിനായി കണ്ടെത്തിയിട്ടുളളത്. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഗുണഭോക്താക്കൾക്ക് എത്തിച്ചേരുവാൻ സൗകര്യപ്രദമായ തിരഞ്ഞെടുക്കപ്പെ ട്ട സ്ഥലങ്ങളിലും വച്ച് വാക്സിനേഷൻ നൽകുന്നതാണ്. കൂടാതെ എത്തിപ്പെടാൻ ബുദ്ധിമുട്ടുളള ദുർഘട സ്ഥലങ്ങളിൽ മൊബൈൽ ടീമിന്റെ സഹായ ത്തോടെ വാക്സിനേഷൻ നൽകുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 10,086 സെഷനുകൾ പ്ലാൻ ചെയ്തിട്ടുളളതിൽ 289 എണ്ണം മൊബൈൽ സെഷനുകളാണ്. പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്. എൻമാരാണ് വാക്സിൻ നൽകുന്നത്.
ഡോക്ടർമാർ ഉൾപ്പെടെയുളള ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് സംസ്ഥാനതലത്തിലും ജില്ലാസ്ഥാപന തലങ്ങളിലും പരിശീലനം നൽകിയിട്ടു ണ്ട്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും വിവിധ വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കിയിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പിനാവശ്യമായ വാക്സിനുകളും മറ്റ് സാമഗ്രികളും ജില്ലകളിൽ ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും വാക്സിൻ എടുക്കുന്നവരുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഏഴിന് തിരുവന്തപുരം പൂന്തുറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് മന്ത്രി നിർവഹിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടർ കെ.ജെ. റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിസെഫ് കേരള, തമിഴ്നാട് ഫീൽഡ് ഓഫീസ് ചീഫ് കെ.എൽ. റാവു, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി എന്നിവർ സംസാരിച്ചു.
യൂനിസെഫ് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഡോ. കൗശിക് ഗാംഗുലി, കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് ദിവ്യ ശ്യാംസുധീർ ബണ്ടി, ഡബ്ല്യു.എച്ച്.ഒ. സർവയലൻസ് മെഡിക്കൽ ഓഫീസർ ഡോ.സി. പ്രതാപ ചന്ദ്രൻ, അഡീഷണൽ ഡയറക്ടർ ഡോ.വി. മീനാക്ഷി, എസ്.എ.ടി. ആശുപത്രി അസി. പ്രഫ.ഡോ. പ്രിയ ശ്രീനിവാസൻ, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ കെ.എൻ. അജയ് എന്നിവർ വിവിധ വിഷയങ്ങൾ സംബന്ധിച്ച് സംസാരിച്ചു.