
രാജ്യത്തെ ഭൂരിഭാഗം മുസ്‌ലിങ്ങളും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്തവർ: ഗുലാംനബി
രാജ്യത്തെ മുസ്ലിങ്ങളിൽ ഭൂരിഭാഗം പേരും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്ന് ഡി.പി.എ.പി ചെയർമാൻ ഗുലാം നബി ആസാദ്. ഇതിനുള്ള ഉദാഹരണം കശ്മീരിൽ കാണാൻ സാധിക്കുമെന്നും അവിടെ പണ്ഡിറ്റുമാരിൽനിന്ന് മതം മാറിയവരാണ് ഭൂരിഭാഗം മുസ്ലിങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദോഡ ജില്ലയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് അടുത്തിടെ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപവത്കരിച്ച അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പിന്നാലെ പരാമര്‍ശത്തെ സ്വാഗതംചെയ്ത് വിഎച്ച്പിയും ബജ്രംഗ് ദള്ളും അടക്കമുള്ളവര്‍ രംഗത്തെത്തി.
‘വളരെ ഏറെ പഴക്കമുള്ള മതമാണ് ഹിന്ദുമതം. ഇസ്ലാം 1500 വർഷങ്ങൾക്ക് മുമ്പ് മാത്രം ഉണ്ടായതാണ്. പത്തോ ഇരുപതോ ആൾക്കാർ മാത്രമാണ് പുറത്തുനിന്ന് വന്നവർ. എന്നാൽ മറ്റുള്ള എല്ലാ മുസ്ലിങ്ങളും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്തവരുമാണ്. ഇതിനുള്ള ഉദാഹരണാണ് കശ്മീരിൽ കാണാൻ സാധിക്കുന്നത്. 600 വർഷങ്ങൾക്ക് മുമ്പ് ആരായിരുന്നു കശ്മീരിലെ മുസ്ലിങ്ങൾ? എല്ലാവരും കശ്മീരി പണ്ഡിറ്റുമാരായിരുന്നു. അവർ ഇസ്ലാമിലേക്ക് മതം മാറിയവരാണ്’- അദ്ദേഹം പറഞ്ഞു.
‘ഹിന്ദു മതവിശ്വാസികൾ മരിച്ചാൽ വിവിധ സ്ഥലങ്ങളിൽ അവരെ ദഹിപ്പിക്കും. ചാരം നദികളിൽ ഒഴുക്കും. ചാരം കൂടിക്കലർന്ന വെള്ളമാണ് നമ്മൾ കുടിക്കാറുള്ളത്. സമാനമാണ് മുസ്ലിങ്ങളുടെ മൃതദേഹം ദഹിപ്പിച്ചാലും സംഭവിക്കുന്നത്. മാംസവും എല്ലുകളും രാജ്യത്തെ മണ്ണോട് ചേരും. ഹിന്ദുവും മുസ്ലിമും ഈ രാജ്യത്തെ മണ്ണോട് ചേർന്നവരാണ്. എന്ത് വ്യത്യാസങ്ങളാണ് രണ്ടുപേരും തമ്മിലുള്ളത്?’- ഗുലാം നബി ചോദിച്ചു.
മതം രാഷ്ട്രീയത്തിൽ വോട്ട് ബാങ്ക് ആയി ഉപയോഗിക്കരുതെന്ന് പറഞ്ഞ അദ്ദേഹം, വോട്ടുചെയ്യുന്നത് ഹിന്ദുവിന്റെയും മുസ്ലിമിന്റേയും പേരിനെ അടിസ്ഥാനപ്പെടുത്തിയാകരുത് എന്നും അഭിപ്രായപ്പെട്ടു.
പരാമർശത്തെ ബി.ജെ.പി., ബജ്രംഗ് ദൾ, വി.എച്ച്.പി, അടക്കമുള്ളവർ സ്വാഗതം ചെയ്തു. ‘അതിക്രമിച്ചു കുടിയേറിപ്പാർത്തവർ മതം പ്രചരിപ്പിക്കും മുമ്പ് തന്നെ ഹിന്ദു മതം പ്രചാരത്തിലുണ്ടായിരുന്നു’- മുതിർന്ന ബി.ജെ.പി. നേതാവും കശ്മീർ മുൻ ഉപുഖ്യമന്ത്രിയുമായിരുന്ന കവിന്ദർ ഗുപ്ത പറഞ്ഞു.
‘ഇന്ത്യയിൽ ഇസ്ലാമിന്റെ തുടക്കത്തെക്കുറിച്ച് ഗുലാം നബി ആസാദ് പറഞ്ഞത് സത്യമാണ്. 600 വർഷങ്ങൾക്ക് മുമ്പ് ജമ്മു കശ്മീരിൽ എല്ലാവരും ഹിന്ദുവായിരുന്നു. അതിക്രമിച്ചു കയറിവർ ഇവരെ ഇസ്ലാമിലേക്ക് മതം മാറ്റുകയായിരുന്നു. എതിർക്കുന്നവരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു’- അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ എവിടെ നിന്നാണ് ഗുലാംനബി ആസാദിന് ഇത്തരത്തിൽ ഒരു വിവരം ലഭിച്ചതെന്ന് പി.ഡി.പി. പ്രസിഡന്റ് മെഹബൂബ മുഫ്തി ചോദിച്ചു.
‘എത്രകാലം പിന്നോട്ടാണ് ഗുലാം നബി പോയത് എന്ന കാര്യം എനിക്കറിയില്ല. എന്ത് വിവരങ്ങളാണ് പൂർവികരെക്കുറിച്ച് അദ്ദേഹത്തിന്റെ പക്കലുള്ളതെന്നും. കുറച്ചുകാലം പിന്നോട്ട് പോയാൽ ചില കുരങ്ങന്മാരെ കാണാൻ സാധിക്കും, അവരിൽ പൂർവികരേയും’- മെഹബൂബ മുഫ്തി പറഞ്ഞു.