
‘പോരാട്ടം കോടതിയോടല്ല, ഭരണകൂടത്തോട്’; ജാമ്യം വേണ്ട; ഗ്രോ വാസു ജയിലിൽ തുടരും
മുൻ മാവോവാദി നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസുവിന്റെ റിമാൻഡ് കോടതി ഈമാസം 25-വരെ നീട്ടി. റിമാൻഡ് കാലാവധി അവസാനിച്ചതോടെയാണ് അദ്ദേഹത്തെ കുന്ദമംഗലം കോടതിയിൽ നേരിട്ട് ഹാജരാക്കിയത്. വീഡിയോ കോൺഫറൻസ് വഴി ഹാജരാകുന്നില്ലെന്ന് ഗ്രോവാസു പറഞ്ഞതോടെയാണ് നേരിട്ട് ഹാജരാക്കിയത്.
കുറ്റം ചെയ്തിട്ടുണ്ടോ എന്ന് കോടതിച്ചപ്പോൾ പറയാനുള്ളത് നേരത്തെ പറഞ്ഞെന്നായിരുന്നു ഗ്രോ വാസുവിന്റെ മറുപടി. അതോടെ നിയമം പാലിക്കാൻ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണെന്ന് കോടതി ഓർമപ്പെടുത്തി. എന്നാൽ, ഭരണകൂടത്തിന്റെ ഇരട്ട നീതിക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ഗ്രോ വാസു പറഞ്ഞു. കോടതിയോട് എതിർപ്പില്ല. ഭരണകൂടവും പോലീസും ഇരട്ടനീതി കാണിക്കുന്നു. കോടതിക്ക് നിയമ പ്രകാരമേ പ്രവർത്തിക്കാനാകൂ. തെറ്റ് ചോദ്യംചെയ്യുന്നതാണ് തന്റെ രീതി. തെറ്റുകൾക്കെതിരായ പോരാട്ടത്തിൽ ജീവൻ ത്യജിക്കാൻ തയ്യാറാണ്. ദേവരാജനും അജിത പരമേശനും കൊല്ലപ്പെട്ടതിൽ കേസില്ല. പ്രതിഷേധിച്ച തനിക്കെതിരെ മാത്രം കേസ്. ഇത് ഇരട്ട നീതിയാണ്.
പിണറായി ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണെന്ന് ജനം വിചാരിക്കുന്നു. എന്നാൽ പിണറായിയാണ് ഏറ്റവും വലിയ കോർപ്പറേറ്റ്. അത് ജനം മനസിലാക്കുന്നില്ല. മനസിലാക്കുന്ന കാലംവരെ താൻ ജീവിച്ചിരിക്കണം എന്നുമില്ലെന്നും ഗ്രോ വാസു പറഞ്ഞു. കോടതിയിൽ എത്തിച്ച ഗ്രോ വാസുവിനെ സ്വീകരിക്കാൻ സുഹൃത്തുക്കളും ആർ.എം.പി പ്രവർത്തകരും എത്തിയിരുന്നു.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങൾ സൂക്ഷിച്ച മോർച്ചറിയ്ക്കു മുമ്പിൽ സംഘം ചേരുകയും മാർഗതടസ്സം സൃഷ്ടിക്കുകയും ചെയ്ത കേസിൽ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനാലാണ് ഗ്രോ വാസു അറസ്റ്റിലായതും പിന്നീട് റിമാൻഡിലായതും. 2016-ലാണ് കേസിന് ആസ്പദമായ സംഭവം. മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തിന് പിന്നാലെ മൃതദേഹങ്ങൾ സൂക്ഷിച്ച കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്കു മുമ്പിൽ സംഘം ചേർന്നതിനും മാർഗതടസം സൃഷ്ടിച്ചതിനുമാണ് കേസ്.