
വീണാവിജയന്റെ ഷെൽ കമ്പനി അടച്ചുപൂട്ടിയതെന്തിനെന്ന് മുഹമ്മദ് റിയാസ് പറയണം: കെ.സുരേന്ദ്രൻ
എൻഡിഎ കുറ്റപത്രം പുറത്തിറക്കി
കോട്ടയം: മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും സിപിഎമ്മിന്റെ ഉന്നതനേതാക്കളും അഴിമതിയിൽ കുടുങ്ങി ജനങ്ങളുടെ മുന്നിൽ വിവസ്ത്രരായി നിൽക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകളുടെത് ഒരു ഷെൽ കമ്പനിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പുതുപ്പള്ളി മണ്ഡലം എൻഡിഎ കുറ്റപത്രം റിലീസിംഗ് ചടങ്ങിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആദായനികുതി വകുപ്പിന്റെ രേഖ പുറത്തുവന്നപ്പോൾ എന്തിനാണ് കമ്പനി അടച്ചുപൂട്ടിയതെന്ന് മുഹമ്മദ് റിയാസ് പറയണം. ഇത്രയും വിദഗ്ധമാ്യ ഉപദേശം വ്യവസായികൾക്ക് നൽകിയിരുന്ന ഭാര്യയെ വീട്ടിലിരുത്തുന്നത് പുരോഗമനം പറയുന്ന റിയാസിന് അപമനമല്ലേ? മകളുടെ സ്ഥാപനത്തിന്റെ സാമ്പത്തിക ക്രമക്കേടുകളെ പറ്റി മുഖ്യമന്ത്രിയും മറുപടി പറഞ്ഞേതീരൂ.
സിഎംആർഎലിന്റെ അടുത്ത് നിന്ന് മാത്രമല്ല മറ്റ് കമ്പനികളിൽ നിന്നും പണം വാങ്ങിക്കാനുള്ള സംവിധാനമാണ് വീണയുടെ കമ്പനി. വിദ്യാഭ്യാസ കച്ചവടക്കാരിൽ നിന്നും ചാരിറ്റിയുടെ മറവിൽ തട്ടിപ്പ് നടത്തുന്നവരിൽ നിന്നുമെല്ലാം വീണ മുഹമ്മദ് റിയാസിന്റെ കമ്പനി പണം വാങ്ങിയത് എന്തിനാണ്? മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെ പണം സംഭരിക്കാനാണ് കമ്പനി തുടങ്ങിയത്. നഗ്നമായ അധികാര ദുർവിനിയോഗമാണ് മുഖ്യമന്ത്രി നടത്തിയത്. കമ്പനിയുടെ അക്കൗണ്ടിലേക്കും സ്വകാര്യ അക്കൗണ്ടിലേക്കും കോടികളാണ് ഒഴുകിയത്. മാസപ്പടി വിഷയം ഉപതിരഞ്ഞെടുപ്പിൽ ബിജെപി മുഖ്യവിഷയമാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ന്യൂനപക്ഷങ്ങളെയും പട്ടികജാതി-വർഗ വിഭാഗങ്ങളെയും സഹകരണ സ്ഥാപനങ്ങളെയും സംരക്ഷിക്കുമെന്ന് വീമ്പ് പറയുന്ന സിപിഎം അവരെ ചൂഷണം ചെയ്യുകയാണ്. സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ ഫണ്ടിൽ വലിയ തട്ടിപ്പ് നടന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. ഈ പണമെല്ലാം കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ നേതാക്കളുടെ അക്കൗണ്ടിലേക്കാണ് പോയത്. തിരുവനന്തപുരം കോർപ്പറേഷനിൽ പട്ടിക ജാതി വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ആനൂകൂല്ല്യങ്ങൾ തട്ടിയെടുത്തതിൽ മുൻ മന്ത്രി എകെ ബാലനും പങ്കുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.