
ഓണക്കിറ്റ് മഞ്ഞ കാർഡുകാർക്ക് മാത്രമാകും; സപ്ലൈകോയിലെ കുറവുകൾ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി
ഈ വർഷത്തെ ഓണക്കിറ്റ് വിതരണം മഞ്ഞ കാർഡുകാർക്ക് മാത്രമായിരിക്കുമെന്ന സൂചന നൽകി ഭക്ഷ്യമന്ത്രി ജി.ആര് അനിൽ. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങൾ തന്നെ കിറ്റിന്റെ ആവശ്യമില്ലെന്ന് പറയുന്നുണ്ട്. പ്രയാസം അനുഭവിക്കുന്ന ആളുകളെ സർക്കാർ ചേർത്തുപിടിക്കും. പ്രളയ സമയത്ത് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ നോക്കാതെ എല്ലാവർക്കും കിറ്റ് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സപ്ലൈകോയിൽ ഒന്ന് രണ്ടു നിത്യോപയോഗ സാധനങ്ങളിൽ കുറവുണ്ടെങ്കിൽ അതിനെ വലുതാക്കി കാണിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. “സപ്ലൈകോയ്ക്കും സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. കുറവുകളുണ്ടെങ്കിൽ പരിഹരിക്കും. ഈ വർഷവും മെച്ചപ്പെട്ട ഓണച്ചന്ത ഉണ്ടാകും. വിൽപനയെ തകർക്കണമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്” – മന്ത്രി പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണം പിടിച്ച് നിർത്തി, സബ്സിഡിയായി പൊതുജനങ്ങൾക്ക് സാധനങ്ങൾ നൽകുന്നതിനാണ് സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ പ്രവർത്തിക്കുന്നത്. എന്നാൽ ഇപ്പോൾ സപ്ലൈകോയിൽ അവശ്യ സാധനങ്ങൾ ഇല്ലാത്ത അവസ്ഥയാണ്. സബ്സിഡി ആയി കിട്ടുന്ന അവശ്യസാധനങ്ങൾ പോലും ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല. ജയ അരി മാത്രമാണ് അരി ഇനത്തിൽ ആകെയുള്ളത്. പഞ്ചസാര ഉൾപ്പെടെയുള്ള സാധനങ്ങളും ഇതുവരെയും എത്തിയിട്ടില്ല.
പരിപ്പ്, വൻപയർ, ചെറുപയർ, കടല, മുളക്, പഞ്ചസാര, കുറുവ അരി തുടങ്ങിയവയാണ് സബ്സിഡി ഇനത്തിൽ ലഭ്യമല്ലാത്ത പ്രധാന അവശ്യ സാധനങ്ങൾ. 13 സാധനങ്ങളിൽ 4 എണ്ണം മാത്രമാണ് മലപ്പുറത്ത് സബ്സിഡി ഇനത്തിൽ ലഭിക്കുന്നത്. കേരളത്തിലെ മറ്റു പല സ്ഥലങ്ങളിലും സമാന സാഹചര്യമാണ്.