ചെടി നഴ്‌സറി ഗാര്‍ഡന്‍ ജീവനക്കാരി വിനീത കൊലക്കേസ്: പ്രതി തോവാള രാജേന്ദ്രന് പ്രൊഡക്ഷന്‍ വാറണ്ട്, കുറ്റം ചുമത്തലിന് പ്രതിയെ 26ന് ഹാജരാക്കണം

ലോക്ഡൗണ്‍ സമയത്ത് പേരൂര്‍ക്കട അമ്പലമുക്ക് ചെടി നഴ്സറി ഗാര്‍ഡന്‍ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ കൊടും കുറ്റവാളിയും തമിഴ്നാട്ടില്‍ നാലു കൊലക്കേസുകളില്‍ പ്രതിയുമായ തോവാള രാജേന്ദ്രന് പ്രൊഡക്ഷന്‍ വാറണ്ട്. കുറ്റം ചുമത്തലിന് പ്രതിയെ 26ന് ഹാജരാക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. അനില്‍കുമാര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ഉത്തരവിട്ടു. പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 302 (കൊലപാതകം ) 397 (മരണമോ കഠിന ദേഹോപദ്രവമോ ഏല്‍പ്പിക്കാനുള്ള ശ്രമത്തോടു കൂടിയ കവര്‍ച്ച), 201( തെളിവ് നശിപ്പിക്കല്‍) എന്നീ കുറ്റങ്ങള്‍ക്കാണ് കോടതി കേസെടുത്തത്. വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്തുന്നതിനായാണ് ജയിലില്‍ നിന്നും പ്രതിയെ വിളിച്ചു വരുത്തുന്നത്.

പേരൂര്‍ക്കട ചായക്കടയില്‍ ജോലി ചെയ്യുന്നയാളുമായ തമിഴ്നാട് തോവാള വെള്ളിമഠം സ്വദേശി രാജേഷ് എന്ന ഡി. രാജേന്ദ്രന്‍ (40) ആണ് കേസിലെ ഏക പ്രതി. തമിഴ്നാട്ടില്‍ നാലു കൊലക്കേസുകള്‍ ഉള്‍പ്പെടെ അനവധി കേസുകളിലെ പ്രതിയായ രാജേന്ദ്രന്‍ അവിടെത്തെ ഗുണ്ടാലിസ്റ്റിലുണ്ട്. നെടുമങ്ങാട് കരിപ്പൂര്‍ ചാരുവള്ളി സ്വദേശിനി വിനീതയെ (38) 2022 ഫെബ്രുവരി 6 ഞായറാഴ്ചയാണ് അമ്പലംമുക്കിലെ ചെടി നഴ്സറി കടക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. വിനീതയുടെ 4 പവന്റെ സ്വര്‍ണ്ണ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടയില്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. ലോക്ഡൗണായ ഞായറാഴ്ച ഇയാള്‍ മാല മോഷ്ടിക്കാനായി മറ്റൊരു സ്ത്രീയെ പിന്തുടരുന്നതിനിടെയാണ് അമ്പലം മുക്കിലെ കടയില്‍ വിനീത ഒറ്റക്ക് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന കടയില്‍ കയറി മാല പൊട്ടിക്കാന്‍ ശ്രമിക്കവേ വിനീത ചെറുത്തു. ഇതിനിടെ ഇയാള്‍ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തില്‍ കുത്തി.

മരണം ഉറപ്പിച്ച ശേഷം മാലയുമായി മെഡിക്കല്‍ കോളേജിലേക്ക് പോയ ഇയാള്‍ പിന്നീട് പേരൂര്‍ക്കടയിലെ താമസസ്ഥലത്തെത്തി. മാല പണയം വെച്ച് പണം കൈക്കലാക്കുകയും ചെയ്തു. പേരൂര്‍ക്കട പൊലീസ് സ്റ്റേഷന് 50 മീറ്റര്‍ മാത്രം അകലെയുള്ള കടയില്‍ തന്നെ കഴിഞ്ഞു. ഒമ്പതാം തീയതി തിരുനെല്‍വേലി കാവല്‍ക്കിണറിലെ ഒളിസങ്കേതത്തിലേക്ക് പോയി. സംഭവത്തിന് ഒരു മാസം മുമ്പ് പേരൂര്‍ക്കടയിലെ ചായക്കടയില്‍ എത്തിയ ഇയാള്‍ എപ്പോഴും കത്തി കൈയില്‍ കരുതാറുണ്ടെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. തമിഴ്നാട്ടില്‍ ഇരട്ട കൊലക്കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് കേരളത്തിലെത്തിയത്. 2014 ഡിസംബര്‍ 19 ന് വെള്ളമഠത്തിലെഒരു കുടുംബത്തിലെ മൂന്നു പേരെ ഒറ്റ ദിവസം കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് രാജേന്ദ്രന്‍. അച്ഛനമ്മമാര്‍ക്കൊപ്പം 13 കാരിയായ പെണ്‍കുട്ടിയെയും അന്ന് കൊലപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published.

watsapp-new Previous post മള്‍ട്ടി അക്കൗണ്ട് സംവിധാനവുമായി വാട്ട്‌സ്ആപ്പ്
adipurush-cinema-contrversy Next post ആദിപുരുഷ് സിനമയെ ചൊല്ലി നേപ്പാളില്‍ വിവാദം