
ബീഫ് കടത്തിയെന്നാരോപണം: മഹാരാഷ്ട്രയിൽ മുസ്‍ലിം യുവാവിനെ ഒരു സംഘം മർദിച്ചുകൊന്നു
ബീഫ് കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ യുവാവിനെ ഒരു സംഘം ഗോസംരക്ഷണ പ്രവർത്തകർ മർദിച്ചുകൊന്നു. മുംബൈ കുർളയിൽ നിന്നുള്ള അഫാൻ അൻസാരി എന്ന 32 കാരനാണ് കൊല്ലപ്പെട്ടത്. സഹായി നാസിർ ഷെയ്ഖുമൊന്നിച്ച് മാംസം കാറിൽ കൊണ്ടുപോകവേ ഗോസംരക്ഷകർ ഇടപെടുകയും മർദിക്കുകയുമായിരുന്നു. ക്രൂരമായി മർദനമേറ്റ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഫാൻ മരിച്ചു
‘‘സ്ഥലത്തെത്തിയപ്പോൾ കാർ തകർന്ന നിലയിലായിരുന്നു. പരുക്കേറ്റ രണ്ടുപേരും കാറിനകത്തായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. എങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല’’– സബ് ഇൻസ്പെക്ടർ സുനിൽ ബാമ്രേ പറഞ്ഞു. ചികിത്സയിൽ കഴിയുന്ന നാസിർ ഷെയ്ഖിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ പൊലീസ് പിടികൂടി. യുവാക്കൾ കാറിൽ പശുമാംസം കടത്തുകയായിരുന്നോ എന്നതിൽ ലാബ് റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം സ്ഥിരീകരണം ഉണ്ടാവുമെന്ന് പൊലീസ് പറഞ്ഞു.