g20-summit-delhi-india-glittering

ഭാരതം തിളങ്ങുന്നു, WORLD HUB ആയി ഡെല്‍ഹി

ഭാര്യക്ക് കോവിഡ്, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒറ്റയ്‌ക്കെത്തി, ജി20 ഉച്ചകോടിക്ക് പ്രൗഢഗംഭീര തുടക്കം

ലോകം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ജി20 ഉച്ചകോടിക്ക് പ്രൗഢഗംഭീരമായ തുടക്കം. കഴിഞ്ഞ ദിവസങ്ങളിലായി ഡെല്‍ഹിയിലെത്തിയ ലോകനേതാക്കളെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരത് മണ്ഡപത്തിലേക്ക് സ്വീകരിച്ചു. ഉച്ചകോടിക്ക് വേദിയായ ഭാരത് മണ്ഡപത്തില്‍ നേതാക്കളും സംഘത്തലവന്‍മാരും സന്നിഹിതരായതോടെ പ്രധാന സെഷന്‍ ആരംഭിച്ചു. ഔദ്യോഗിക ഷെഡ്യൂള്‍ പ്രകാരം ആദ്യ സെഷന്‍ രാവിലെ 10.30നാണ് ആരംഭിച്ചത്. ‘ഒരു ഭൂമി’ എന്ന ഈ വര്‍ഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ആദ്യ ചര്‍ച്ച നടന്നത്. 3.30 മുതല്‍ 4.45 വരെയാണ് രണ്ടാമത്തെ സെഷന്‍. കൂടാതെ, ഉച്ചയ്ക്ക് 1.30 നും 3.30 നും ഇടയില്‍ വിവിധ ഉഭയകക്ഷി യോഗങ്ങള്‍ നടക്കും. ഈ സമ്മേളനം അവസ,ാനിപ്പിച്ച ശേഷം ലോക നേതാക്കള്‍ അവരുടെ ഹോട്ടലുകളിലേക്ക് മടങ്ങും. വൈകിട്ട് 7 മണിക്ക് അത്താഴ വിരുന്നിനായി ലോക നേതാക്കള്‍ വീണ്ടും ഒത്തു കൂടും. ഫോട്ടോ സെഷനോടു കൂടിയാണ് അത്താഴ വിരുന്നിന് തുടക്കമാവുക. ശേഷം നേതാക്കള്‍ സംഭാഷണത്തില്‍ ഏര്‍പ്പെടും. ചര്‍ച്ചകളും സംഭാഷണങ്ങളും പൂര്‍ത്തിയാകുന്നതോടെ നേതാക്കളും പ്രതിനിധികളും സംഘത്തലവന്‍മാരും ഭാരത് മണ്ഡപത്തില്‍ നിന്ന് ഹോട്ടലുകളിലേക്ക് മടങ്ങും.

ജി20 ഉച്ചകോടിയില്‍ ആഫ്രിക്കന്‍ യൂണിയന് സ്ഥിരാംഗത്വം നല്‍കി. യൂണിയന്‍ ഓഫ് കൊമോറോസിന്റെ പ്രസിഡന്റും ആഫ്രിക്കന്‍ യൂണിയന്‍ (എയു) ചെയര്‍പേഴ്‌സണുമായ അസാലി അസ്സൗമാനി യൂണിയന്‍ ജി20-യിലെ സ്ഥിരാംഗമായി ഇരിപ്പിടം ഏറ്റെടുത്തു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ എത്തി അസാലിയെ ഇരിപ്പിടത്തില്‍ നിന്ന് ക്ഷണിച്ചു. ഇതിനു പിന്നാലെ ജി20 അദ്ധ്യക്ഷപദവി അലങ്കരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ആലിംഗനം ചെയ്തു. ഇതോടെ ചരിത്ര നിമിഷത്തിനാണ് ജി20 ഉച്ചകോടി സാക്ഷ്യം വഹിച്ചത്. ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് ഉച്ചകോടി ആരംഭിച്ചത്. രാജ്യത്തിന് ആവശ്യമായ സഹായം ചെയ്ത് നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. വിശ്വാസത്തിന്റെയും ആശ്രയത്വത്തിന്റെയും സമയമാണിതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നാമെല്ലാവരും ഒരുമിച്ച് നീങ്ങേണ്ട സമയമാണിത്. എല്ലാര്‍ക്കും ഒപ്പമാണ്, വികസനം എല്ലാവരിലേക്കുമെത്തണം എന്ന് അര്‍ത്ഥം വരുന്ന ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന മന്ത്രം നമുക്ക് വെളിച്ചം പകരും. വടക്കും തെക്കും തമ്മിലുള്ള വിഭജനം, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ദൂരം, ഭീകരവാദം , സൈബര്‍ സുരക്ഷ, ആരോഗ്യം, ഊര്‍ജ-ജല സുരക്ഷ തുടങ്ങി വിവിധ കാര്യങ്ങളില്‍ കൃത്യമായ പരിഹാരം കണ്ടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

അതേസമയം, ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക നേതാക്കളുടെ പടതന്നെ ഡെല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ലോകം ഇന്ത്യയോളം ചെറുതായിരിക്കുന്നു. ഇന്ത്യ ലോകത്തോളം വലിതായിരിക്കുന്നു എന്നുവേണം കരുതാന്‍. ലോക മാധ്യമങ്ങളെല്ലാം ഇനി രണ്ടു ദിവസം ഡെല്‍ഹിയില്‍ തമ്പടിക്കും. പരമശിവന്റെ നെറുകയിലെ ചന്ദ്രക്കലപോലെ ഭാരതം തിളങ്ങുകയാണെന്നു പറയാതചെ വയ്യ. ലോകം എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും തീരുമാനിക്കാന്‍ കെല്‍പ്പുള്ള രാജ്യങ്ങളുടെ നേതാക്കളാണ് ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയിരിക്കുന്നത്. അവരെയെല്ലാം അമ്മയുടെ ഗര്‍ഭപാത്രത്തിലെന്ന പോലെ സുരക്ഷിതമാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും എല്ലാ മുന്‍കരുതലുകളും രാജ്യം എടുത്തിട്ടുണ്ട്. ഇന്ത്യയുടെ ഭാഗ്യമാണ് ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ ലഭിച്ച അവസരം. അതുകൊണ്ടുതന്നെ അതീവ സുരക്ഷാ മേഖലയായി ഡെല്‍ഹിയെ രണ്ടു ദിവസം പരിരക്ഷിക്കേണ്ടതായുണ്ട്. ജി20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലോകശക്തി കൂടിയായ അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡന്‍ വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ഡെല്‍ഹിയില്‍ വിമാനമിറങ്ങിയിരുന്നു. യു.എസ് പ്രസിഡന്റിനെയും വഹിച്ചുകൊണ്ടുള്ള അമേരിക്കന്‍ ഔദ്യോഗിക ഫ്‌ളൈറ്റായ എയര്‍ഫോഴ്സ് വണ്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിയത്.

കോവിഡ് ടെസ്റ്റ് പോസിറ്റീവായതിനാല്‍ ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡന്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കി. ബൈഡനൊപ്പം യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജെന്‍ ഒ മലി ഡില്ലനും ഓവല്‍ ഓഫീസ് ഡയറക്ടര്‍ ഓപറേഷന്‍സ് ആനി തോമസിനിയും ബൈഡനെ ദല്‍ഹിയില്‍ അനുഗമിക്കുന്നുണ്ട്. കേന്ദ്രമന്ത്രി ജനറല്‍ വി.കെ.സിങ് അടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തി. അമേരിക്കന്‍ പ്രസിഡന്റായശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. എല്ലാ തലത്തിലും തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ ഇരുവരും അറിയിച്ചു. ഇന്ത്യ-യു.എസ് സൗഹൃദം ലോകനന്മയ്ക്ക് വലിയ പങ്ക് വഹിക്കുന്നുവെന്ന് മോദി പറഞ്ഞു. ചന്ദ്രയാന്‍ 3 വിജയത്തില്‍ മോദിയെയും ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെയും ബൈഡന്‍ അഭിനന്ദിച്ചു. ബഹിരാകാശത്ത് സഹകരണം ശക്തിപ്പെടുത്തുമെന്നും ബൈഡന്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റായ ശേഷമുള്ള ഇന്ത്യയിലേക്കുള്ള ജോ ബൈഡന്റെ ഇന്ത്യയിലേക്കുള്ള കന്നിയാത്രയാണിത്. ദല്‍ഹിയിലെ മൗര്യ ഷെറാട്ടണ്‍ ഹോട്ടലിലാണ് ബൈഡന് താമസം ഒരുക്കിയിരിക്കുന്നത്. ഇന്നലെത്തന്നെ ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡെല്‍ഹിയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രധാനമന്ത്രി ജൂണില്‍ അമേരിക്കയിലേക്ക് നടത്തിയ യാത്രയില്‍ എടുത്ത തീരുമാനങ്ങളുടെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. ഉക്രൈന്‍ വിഷയം, ഡ്രോണ്‍ കൈമാറ്റം, നിര്‍ണ്ണായകമായ പുതിയ സാങ്കേതിക വിദ്യകള്‍ ഇതെല്ലാം ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. ലോകനേതാക്കളുടെ വലിയൊരു സംഗമത്തിനാണ് ഡെല്‍ഹി വേദിയാകുന്നത്. വെള്ളിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് വിശിഷ്ടാതിഥികള്‍ക്കായി അത്താഴവിരുന്ന് നല്‍കുന്നുണ്ട്. ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യുന്ന ആഗോള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണ ശൃംഖല തുടങ്ങിയ വിഷയങ്ങളില്‍ സമീപനം വ്യക്തമാക്കി ഞായറാഴ്ച നേതാക്കള്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കും. ന്യൂദല്‍ഹിയിലെ പഴയ എക്‌സിബിഷന്‍ സെന്റര്‍ 2700 കോടി ചെലവില്‍ പുതുക്കിപ്പണിത ഭാരത് മണ്ഡപം കണ്‍വെന്‍ഷന്‍ സെന്ററിലാണ് രണ്ടു ദിവസമായി നടക്കുന്ന ജി20 ഉച്ചകോടി നടക്കുന്നത്.

60 നഗരങ്ങളിലായി 125 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷം പ്രതിനിധികള്‍ക്ക് ആതിഥേയത്വം വഹിച്ച 200ലധികം യോഗങ്ങള്‍ സംഘടിപ്പിച്ച് ജി20യെ ജനകീയമാക്കിയതിന്റെ കലാശം പോലെയാണ് ഡെല്‍ഹി ഉച്ചകോടി. ഭീകരവാദം ചെറുക്കല്‍, ആഗോളതലത്തിലെ ആരോഗ്യ ആശങ്കകള്‍ പരിഹരിക്കല്‍ എന്നിവയുള്‍പ്പെടെ നിര്‍ണായക വിഷയങ്ങളില്‍ തീരുമാനങ്ങളുണ്ടാകും. ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും രണ്ടു ദിവസത്തെ സമ്മേളനം സമവായമുണ്ടാക്കും. ആഫ്രിക്കന്‍ യൂണിയനില്‍ നിന്നുള്ള രാജ്യങ്ങളെ ഭാഗമാക്കണമെന്ന ഭാരതത്തിന്റെ താത്പര്യത്തിന് അംഗ രാജ്യങ്ങള്‍ പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. ആഫ്രിക്കന്‍ യൂണിയന് ജി20 ഉച്ചകോടിയില്‍ സ്ഥിരാംഗത്വം നല്‍കിയതിന്റെ പേരിലാകും ഇനി ഡെല്‍ഹി ഉച്ചകോടി അറിയപ്പെടുക. ജി20 സമ്മേളനങ്ങളില്‍ ചര്‍ച്ചാ വിഷയമല്ലെങ്കിലും ഉഭയകക്ഷി ചര്‍ച്ചകളില്‍ ഉക്രൈന്‍ യുദ്ധം ഉയര്‍ന്നു വരുമെന്നുറപ്പാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയിദ് അല്‍ നഹ്യാന്‍ എന്നീ ലോക നേതാക്കളും ഇന്നലെത്തന്നെ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ബ്രിട്ടണ്‍, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ജി20ല്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍.

Leave a Reply

Your email address will not be published.

mv-govindan-cpm-jaick-c-thomas- Previous post വോട്ട് കുറഞ്ഞത് പരിശോധിക്കും; ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലല്ലെന്ന് എംവി ഗോവിന്ദൻ
vd.satheesan-udf-puthuppally-team Next post പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫ്, ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരും; വിഡി സതീശൻ