
പോയ് വരുമ്പോള്‍ എന്തു കൊണ്ടുവരും… യുദ്ധവിമാനവും അന്തര്‍ വാഹിനിയും
ഇന്ത്യന്‍ നാവിക സേനയ്ക്ക് 22 ഒറ്റ സീറ്റുള്ള റഫാല്‍ മറൈന്‍ വിമാനങ്ങളും നാല് ട്രെയിനര്‍ വിമാനങ്ങളും ലഭിക്കും
സ്വന്തം ലേഖകന്‍
ഇന്ത്യയുടെ ശത്രുരാജ്യങ്ങളെ ഒറ്റപ്പെടുത്തുക, ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധ നിരയെ മൂര്‍ച്ചയേറിയതുമാക്കുക. ഈ രണ്ടു ലക്ഷ്യങ്ങളും ഒറ്റയാത്രകൊണ്ട് നേടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലെത്തി. 26 റഫാല്‍ യുദ്ധവിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനൊപ്പം മൂന്ന് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളും വാങ്ങുന്ന കാര്യത്തില്‍ തീരുമാനമായേക്കും. ഏകദേശം 90,000 കോടി രൂപയിലധികം വില വരുന്ന കരാറാണ് ഫ്രാന്‍സുമായി ഇന്ത്യ പ്രതീക്ഷിക്കുന്നത്. ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് ശേഷമേ തുകയില്‍ അന്തിമ തീരുമാനമുണ്ടാകൂ. ഇന്ത്യ, ഇളവുകള്‍ തേടാന്‍ സാധ്യതയുണ്ട്. ‘മേക്ക്-ഇന്‍-ഇന്ത്യ’യെ ഉള്‍പ്പെടുത്തണമെന്നും ഇന്ത്യ ഉപാധി മുന്നോട്ടുവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അത്യാധുനിക യുദ്ധ സന്നാഹങ്ങളുള്ള റഫാല്‍ വിമാനങ്ങള്‍ സൈന്യത്തിന്റെ ഭാഗമാകുന്നതോടെ ഇന്ത്യയുടെ അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കും. സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍ വാഹിനികള്‍ ഇന്ത്യന്‍ തീര സേനയ്ക്ക് മുതല്‍ക്കൂട്ടാവുകയും ചെയ്യും. ഫ്രാന്‍സില്‍ നിന്ന് റഫാല്‍ വിമാനങ്ങളും സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളും വാങ്ങാന്‍ സൈന്യം, പ്രതിരോധ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ ഇക്കാര്യം പ്രഖ്യാപിക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് 22 ഒറ്റ സീറ്റുള്ള റഫാല്‍ മറൈന്‍ വിമാനങ്ങളും നാല് ട്രെയിനര്‍ വിമാനങ്ങളും വാങ്ങും.

ഇന്ത്യന്‍ തീരസേന, കടുത്ത സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇത് കണക്കിലെടുത്താണ് യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും അടിയന്തരമായി എത്തിക്കണമെന്ന് നാവികസേന സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. ഐഎന്‍എസ് വിക്രമാദിത്യ, വിക്രാന്ത് എന്നീ വിമാനവാഹിനിക്കപ്പലുകളില്‍ നിലവില്‍ മിഗ്-29 വിമാനങ്ങളാണുള്ളത്. രണ്ട് വിമാനവാഹിനിക്കപ്പലുകളിലും റഫേല്‍ വിമാനങ്ങള്‍ ആവശ്യമാണെന്നാണ് നാവിക സേനയുടെ ആവശ്യം. അതേസമയം, മുംബൈയിലെ മസഗോവ് ഡോക്ക്യാര്‍ഡ്സ് ലിമിറ്റഡില്‍ നിര്‍മ്മിക്കുന്ന മൂന്ന് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ നാവികസേന ഏറ്റെടുക്കും.

36 യുദ്ധവിമാനങ്ങള്‍ക്കായുള്ള മുന്‍ റഫേല്‍ കരാറിലെന്നപോലെ റഫാല്‍ ഇടപാടിനായി ഇന്ത്യയും ഫ്രാന്‍സും സംയുക്ത സംഘം രൂപീകരിക്കും. നിര്‍ദ്ദേശങ്ങള്‍ പ്രതിരോധ മന്ത്രാലയത്തില്‍ ഉന്നതതല യോഗത്തില്‍ ചര്‍ച്ചയായിരുന്നു. കരാര്‍ ഡിഫന്‍സ് കൗണ്‍സിലിന് മുന്നില്‍വെക്കാനും തീരുമാനമായിട്ടുണ്ട്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലും പ്രതിരോധ മേഖലക്ക് ഡ്രോണുകള്‍ അടക്കം വാങ്ങുന്നതിന് ധാരണയായിരുന്നു. നേരത്തെയും അത്യാധുനിക സൗകര്യങ്ങളുള്ള റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നാണ് ഇന്ത്യ വാങ്ങിയിരുന്നത്. പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ഉദ്ദേശവും ലക്ഷ്യവും ഇന്ത്യന്‍ സൈന്യത്തിന് വ്യക്തമായിട്ടുണ്ട്.

ഫ്രാന്‍സ് ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയും ഇന്ത്യയുടെ വിദേശ ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുകയും ചെയ്യും. ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി യു.എ.ഇയിലും പോകുന്നുണ്ട്. ഇന്ത്യന്‍ സമയം നാല് മണിക്ക് പാരീസിലെത്തിയ നരേന്ദ്ര മോദി ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണുമായി ചര്‍ച്ച നടത്തി. ബാസ്റ്റീല്‍ ദിനാഘോഷം എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിലും പരേഡിലും മുഖ്യാതിഥിയായി നരേന്ദ്രമോദി പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. പ്രധാനമന്ത്രിക്ക് മക്രോണ്‍, കൊട്ടാരത്തില്‍ പ്രത്യേക വിരുന്ന് ഒരുക്കും. പ്രശസ്തമായ ലൂവ് മ്യൂസിയത്തില്‍ ഔദ്യോഗിക വിരുന്നും പ്രധാനമന്ത്രിക്കായി സംഘടിപ്പിക്കും. ഇതിനു ശേഷമാകും ഫ്രാന്‍സില്‍ നിന്ന് നാവികസേനയ്ക്കായി വാങ്ങാനുള്ള റഫാല്‍ വിമാനങ്ങളുടെ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിടുക.

പാശ്ചാത്യ രാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കിടയിലെ പാലമാവുകയാണ് ഇന്ത്യയുടെ ദൗത്യമെന്നാണ് ഫ്രാന്‍സ് സന്ദര്‍ശനത്തെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്. ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ഭാഗമായി വിദേശ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ ദൗത്യത്തേക്കുറിച്ച് പ്രതികരിച്ചത്. ഏറെക്കാലമായി അവകാശങ്ങള്‍ അടക്കം ലംഘിക്കപ്പെടുന്നതായി വികസ്വര രാജ്യങ്ങളില്‍ രോഷവും വേദനയുമുള്ള ഒരു സാഹചര്യമുണ്ട്. ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് ഏറെ ജനകീയമായ സ്ഥാനമാണുള്ളത്. ഐ.എം.എഫും ലോക ബാങ്കും സമഗ്രമായ രീതിയില്‍ പുനക്രമീകരണം നടത്തിയാല്‍ ഇന്ത്യയ്ക്ക് അര്‍ഹമായ സ്ഥാനം വീണ്ടെടുക്കാനാവും.

എന്നാല്‍ ലോക രാജ്യങ്ങളുടെ മുഖമായുള്ള യുഎന്നില്‍ പോലും സ്ഥിരാംഗത്വമില്ലാത്തതാണ് നിലവിലെ സാഹചര്യം. ഇത് യുഎന്നിന്റെ വിശ്വാസ്യതയെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമല്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നിന് അംഗം പോലുമല്ലാത്തപ്പോള്‍, ലോക രാജ്യങ്ങള്‍ക്ക് വേണ്ടി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ എങ്ങനെ സംസാരിക്കുമെന്നും പ്രധാനമന്ത്രി ചോദിക്കുന്നു.

നിലവില്‍ ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. മൂന്നാം സ്ഥാനത്തേക്കുള്ള കുതിപ്പിലാണ് രാജ്യം. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമാണ് ഇന്ത്യന്‍ സംസ്‌ക്കാരത്തിനുള്ളത്. ഇന്ത്യയുടെ ഏറ്റവും ശക്തമായ സമ്പാദ്യം യുവതലമുറയാണ്. മറ്റ് പല രാജ്യങ്ങള്‍ക്കും പ്രായമേറുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളും ഭക്ഷ്യ സുരക്ഷ, വിലക്കയറ്റം, സാമൂഹ്യ അരക്ഷിതാവസ്ഥ എന്നിവ അഭിമുഖീകരിക്കുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഭാവിയേക്കുറിച്ച് ശുഭാപ്തി വിശ്വാസമാണ് ഉള്ളതെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു. ശനിയാഴ്ച യുഎഇ സന്ദര്‍ശനം കൂടി നടത്തിയാകും പ്രധാനമന്ത്രിയുടെ മടക്കം.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫ്രാന്‍സില്‍ നിന്ന് തിരിച്ച് വരും വഴിയാണ് മോദി യുഎഇയിലിറങ്ങുക. 2014 ല്‍ അധികാരമേറ്റതിന് ശേഷം മോദിയുടെ അഞ്ചാമത്തെ ഗള്‍ഫ് സന്ദര്‍ശനമാണിത്. കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെ തുടര്‍ന്ന് ഉഭയകക്ഷി വ്യാപാരം ശക്തിപ്രാപിച്ചു വരുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം. ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലേക്കും പങ്കാളിത്തം വ്യാപിക്കാനുള്ള സാധ്യതകളും ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

കുശാഗ്രബുദ്ധിയും അസാമാന്യ സംസാര ശേഷിയും സ്‌നേഹ സമ്പന്നനുമായ നരേന്ദ്രമോദിയുടെ സൗഹൃദത്തിനു വേണ്ടി ലോകരാജ്യങ്ങളിലെ ഭരണാധികാരികള്‍ കാത്തിരിക്കുകയാണ്. ഇന്ത്യ എന്നത് ലോക ശക്തികള്‍ക്കൊപ്പം തലയുയര്‍ത്തി നില്‍ക്കുന്നു. നരേന്ദ്രമോദിയെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പത്‌നിയും സ്വീകരിക്കുന്നതും, ആതിഥേയ മര്യാദകള്‍ നല്‍കുന്നതും കണ്ടാല്‍ മനസ്സിലാകും. അമേരിക്കന്‍ അസംബ്ലിയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും പ്രസംഗിക്കാന്‍ ഇടം കിട്ടിയ ഏഖ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്രമോദി. അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് കരഘോഷം നടത്തിയത് ഇന്ത്യക്കാരേക്കാള്‍ അധികം അമേരിക്കക്കാരായിരുന്നു. അമേരിക്ക-ഇറ്റലി സന്ദര്‍ശനങ്ങള്‍ക്കു ശേഷമാണ് രണ്ടു ദിവസത്തെ ഫ്രാന്‍സ് യു.എ.ഇ സന്ദര്‍ശം നടത്തുന്നത്. ഓരോ വിദേശ യാത്രകളും രാജ്യത്തിന്റെ ക്ഷേമവും സുരക്ഷയും മുന്‍ നിര്‍ത്തിയുള്ളതാണ്.