
മായം കലര്‍ത്തിയ മത്സ്യ വില്പന മനസിലാക്കാൻ ഈ രണ്ടുകാര്യങ്ങള്‍ ഉണ്ടോ എന്ന് നോക്കിയാൽ മതി: ആ മീനുകള്‍ ഒരിക്കലും വാങ്ങരുത്
‘ഓപ്പറേഷൻ മത്സ്യ’യുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 60 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. മായം കലര്‍ത്തിയ മത്സ്യ വില്‍പ്പന തടയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
ഫോര്‍മാലിൻ, അമോണിയ തുടങ്ങിയ രാസ വസ്തുകള്‍ വിതറിയ മത്സ്യമാണ് ഭക്ഷ്യസുരക്ഷ വിഭാഗം പിടികൂടിയത്. റാപ്പിഡ് ഡിറ്റക്ഷൻ കിറ്റുകള്‍ ഉപയോഗിച്ച് 293 മത്സ്യ സാമ്ബിളുകളില്‍ ഫോര്‍മാലിൻ കലര്‍ത്തിയിട്ടുണ്ടോയെന്ന് പരിശോധന നടത്തി. ഇതില്‍ പഴകിയതും രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തതുമായ അഞ്ച് കടകള്‍ക്കെതിരെ നോട്ടീസ് അയച്ചു.
ജില്ലയിലെ പേരാമ്ബ്ര, എലത്തൂര്‍, ബാലുശ്ശേരി, തിരുവമ്ബാടി. കുറ്റ്യാടി, കോഴിക്കോട് മേഖലകളിലെ മത്സ്യലേല കേന്ദ്രങ്ങള്‍, ഹാര്‍ബറുകള്‍, മൊത്തവിതരണ കേന്ദ്രങ്ങള്‍, ചില്ലറ വില്പനശാലകള്‍ എന്നിവിടങ്ങളിലെ 121 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ശരിയായ അളവില്‍ മത്സ്യങ്ങളില്‍ ഐസ് ഉപയോഗിക്കാതെ വില്‍പ്പന നടത്തിയതാണ് കൂടുതലും കണ്ടെത്തിയത്. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് ജില്ലയില്‍ പഴകിയ മത്സ്യവില്പന ഉണ്ടാകാനിടയുള്ളതിനാല്‍ ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണറുടെ നേതൃത്വത്തില്‍ വടകര, കുന്ദമംഗലം, പേരാമ്ബ്ര, കോഴിക്കോട് നോര്‍ത്ത് എന്നിവിടങ്ങളില്‍ നാല് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. പരിശോധനയില്‍ ജൂണ്‍ മാസമാണ് പഴകിയതും കേടായതുമായ മത്സ്യം കൂടുതലായി കണ്ടെത്തിയത്. 79 പരിശോധനകളില്‍ 55 കിലോ മത്സ്യമാണ് നശിപ്പിച്ചത്. 228 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
ഈ മാസം പരിശോധന കൂടിയതിനാല്‍ പഴകിയ മത്സ്യ വില്‍പ്പന കുറഞ്ഞു. 42 പരിശോധനകളാണ് ഈ മാസം നടന്നത്. 65 സാമ്ബില്‍ പരിശോധനയ്ക്ക് അയക്കുകയും മൂന്ന് കടകള്‍ക്ക് നോട്ടീസ് നല്‍കുകയും അഞ്ച് കിലോ മത്സ്യം നശിപ്പിക്കുകയും ചെയ്തു .
മീൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു കിലോ തൂക്കം വരുന്ന മത്സ്യം ഒരു കിലോ ഐസ് ഇട്ട് സൂക്ഷിച്ചാല്‍ രണ്ട് ദിവസം വരെ കേടാവാതെ സൂക്ഷിക്കാം. എന്നാല്‍ ഐസില്‍ അല്പം വെള്ളം ഒഴിച്ച് അതില്‍ മത്സ്യം ഇട്ടാല്‍ അവ കേടാകും. മാത്രമല്ല രണ്ട് മണിക്കൂര്‍ മാത്രമാണ് ഐസ് ഇല്ലാതെ മീനുകള്‍ കേട് കൂടാതെയിരിക്കുക . മീനുകളുടെ പുറമെയുള്ള തിളക്കം നഷ്ടപ്പെടുകയോ, കണ്ണുകള്‍ വെള്ളചൂടി അകത്തേക്ക് വലിഞ്ഞിരിക്കുകയോ ചെയ്താല്‍ അവ ചീഞ്ഞതായിരിക്കും. അഴുകിയ മത്സ്യങ്ങളുടെ ചെകിള പൂക്കള്‍ക്ക് ബ്രൗണ്‍ നിറമായിരിക്കും. മായം ചേര്‍ത്ത മത്സ്യം കൂടുതല്‍ മൃദുത്വമുള്ളതായിരിക്കും . മീനിന്റെ സാധാരണ മണം ഉണ്ടാവുകയുമില്ല, മാംസം ഉടഞ്ഞ് തൊട്ടാല്‍ കുഴിഞ്ഞ് പോകും, ഐസ് ഇല്ലാതെയും മണല്‍ ഇട്ടും സൂക്ഷിക്കുന്നവയും വാങ്ങാതിരിക്കുക.
” ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് ഗുണനിലവാരം കുറഞ്ഞ മത്സ്യം വ്യാപകമായി വില്പന നടത്തുന്നുണ്ട്. കൂടുതലും ഐസില്‍ ഇട്ടു വയ്ക്കാത്ത മീനുകളാണ്. മത്സ്യം വാങ്ങുന്നവര്‍ ശ്രദ്ധയോടെ വാങ്ങുക. സുരക്ഷ ഉറപ്പു വരുത്തുന്നതിനായി വരും ദിവസങ്ങളിലും പരിശോധന തുടരും. ഇന്നലെ റെയില്‍വേ പരിസരത്തും മറ്റും പരിശോധന നടന്നിരുന്നു’.