
ക്രമക്കേട് നടന്നതിന് തെളിവില്ല; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം ചോദ്യം ചെയ്ത് സംവിധായകൻ ലിജീഷ് മുള്ളേഴത്ത് നൽകിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. പുരസ്കാര നിർണയത്തിൽ ക്രമക്കേട് നടന്നതിന് മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച കോടതി സിംഗിള്‍ ബെഞ്ച് വിധി ശരിവെച്ചു. നിര്‍മ്മാതാവ് പരാതിയുമായി വന്നിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ഓഗസ്റ്റ് 11നാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയത്. അവാർഡ് നിർണയത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടിട്ടുണ്ടെന്നുമാണ് ‘ലിജീഷ് ആരോപിച്ചത്. രഞ്ജിത്ത് ആ സ്ഥാനത്തിരുന്നുകൊണ്ട് ജൂറിയംഗങ്ങളെ സ്വാധീനിച്ചെന്നും ഹർജിയിൽ പറയുന്നുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകളില്ലെന്ന് പറഞ്ഞാണ് കോടതി ഹർജി തള്ളിയത്. ഇതോടെയാണ് ലിജീഷ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
താന്‍ സ്വജനപക്ഷപാതത്തിന്റെ ഇരയാണ്. ഈ വസ്തുത പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്. സാഹചര്യവും നിയമവും സിംഗിള്‍ ബെഞ്ച് പരിഗണിച്ചില്ലെന്നും ലിജീഷ് മുള്ളേഴത്ത് ഹർജിയിൽ പറഞ്ഞിരുന്നു. ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്നും സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണം. ഇതിന് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.