
വ്യാജ ഡിഗ്രി വിവാദം: നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ മുഴുവൻ പരിശോധിക്കാൻ നിർദ്ദേശം
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതനായ നിഖിൽ തോമസിന്റെ മുഴുവൻ സർട്ടിഫിക്കറ്റുകളും പരിശോധിക്കാൻ സർവകലാശാല രജിസ്ട്രാർക്ക് കേരളാ സർവകലാശാല വൈസ് ചാൻസലർ നിർദ്ദേശം നൽകി. വിവാദവുമായി വിവിധ വിദ്യാർത്ഥി സംഘടനകളുടെ ഭാഗത്ത് നിന്ന് ഗവർണർക്ക് അടക്കം പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി.
സംഭവത്തിൽ എംഎസ്എം കോളേജ് അന്വേഷണ കമ്മീഷനെ നിയമിച്ചതായി പ്രിൻസിപ്പൽ മുഹമ്മദ് താഹ അറിയിച്ചു. അഞ്ചംഗ കമ്മീഷനിൽ കോളേജിലെ മൂന്ന് അധ്യാപകരും കോളേജ് സൂപ്രണ്ടും ഒരു ലീഗൽ അഡ്വൈസറുമാണ് അംഗങ്ങൾ. കോളേജിനെ ബാധിച്ച വിവാദത്തിൽ നിജസ്ഥിതി അറിയാൻ കേരളാ സർവകലാശാലയ്ക്ക് കത്ത് നൽകാൻ തീരുമാനിച്ചു. നിഖിൽ തോമസ് പ്രവേശനം നേടുന്നത് യൂണിവേഴ്സിറ്റി വഴി അപേക്ഷിച്ചാണ്. വരുന്ന വിദ്യാർത്ഥി പ്രവേശനത്തിന് യോഗ്യരാണോയെന്നാണ് നോക്കുന്നത്. മാനദണ്ഡങ്ങൾ എല്ലാം പരിശോധിച്ച ശേഷമാണ് പ്രവേശനം നൽകിയത്. കൊറോണ കാലത്താണ് പ്രവേശനം നേടിയത്. ആ സമയത്ത് സംശയം തോന്നിയിരുന്നില്ല. ഏറ്റവും അവസാനമാണ് നിഖിൽ തോമസ് പ്രവേശനം നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ ഒറിജിനിൽ ആണെന്ന് ഉറപ്പിച്ചുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പ്രതികരിച്ചു. വ്യാജ സർട്ടിഫിക്കറ്റ് ആരോപണം തള്ളിയ എസ്എഫ്ഐ കലിംഗ സർവകലാശാലയിൽ അഡ്മിഷൻ എടുത്ത ശേഷം കേരള യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ ക്യാൻസൽ ചെയ്തുവെന്നും വ്യക്തമാക്കി.